ചെറുമീനുകളെ പിടിക്കുന്നതിനെതിരേ നടപടികൾ കർശനമാക്കി ഫിഷറീസ് വകുപ്പ്....

ചെറുമീനുകളെ പിടിക്കുന്നതിനെതിരേ നടപടികൾ കർശനമാക്കി ഫിഷറീസ് വകുപ്പ്. ജൂൺ, ജൂലായ് മാസങ്ങളിൽ നടക്കുന്ന നിയമലംഘനങ്ങൾ തടയുന്നതിനായി ജില്ലയിലുടനീളം വകുപ്പിന്റെ പ്രത്യേക പട്രോളിങ് സംഘം പരിശോധന ശക്തമാക്കിയിട്ടുണ്ട്. കേരള ഉൾനാടൻ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ നിയമപ്രകാരമാണ് മത്സ്യങ്ങളുടെ മുട്ടയിടൽ കാലത്തെ ചെറുമീൻപിടിത്തം പൂർണമായി നിരോധിച്ചിട്ടുള്ളത്.
മൺസൂൺ ആരംഭിക്കുന്നതോടെ മത്സ്യങ്ങൾ മുട്ടയിടാനായി ഒഴുക്കിനെതിരേ നീന്തുന്ന സമയമാണിത്. ഈ ഘട്ടത്തിൽ വെള്ളമൊഴുകുന്ന വഴിയിൽ തടസ്സം വരുത്തിയും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ചും മത്സ്യങ്ങളെ കൂട്ടത്തോടെ പിടികൂടുന്നത് ജലാശയങ്ങളിലെ മത്സ്യവംശനാശത്തിന് കാരണമാകുമെന്ന് അധികൃതർ. നിയമം ലംഘിച്ച് മീനുകളെ പിടിക്കുന്നവർക്കെതിരേ കടുത്ത ശിക്ഷാനടപടികളാണ് കാത്തിരിക്കുന്നത്.
ആറുമാസം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുമെന്ന് എറണാകുളം മേഖലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചിട്ടുണ്ട്. ജില്ലയിലെ ജലാശയങ്ങളിൽ എവിടെയെങ്കിലും നിയമവിരുദ്ധമായി മീൻപിടിത്തം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് വിവരമറിയിക്കാം. ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ തൊട്ടടുത്തുള്ള മത്സ്യഭവനുകളിലോ ആണ് വിവരങ്ങൾ കൈമാറേണ്ടതെന്ന് അധികൃതർ .
"https://www.facebook.com/Malayalivartha



























