പിണറായി മാനസിക സമ്മർദ്ദത്തിൽ ബ്രിട്ടാസും തള്ളി : സി പി ഐയും കാലത്തിന്റെ കാവ്യനീതിയിൽ പകച്ച് കപ്പിത്താൻ

ഇത്രയും വലിയൊരു പ്രതിസന്ധി പിണറായി വിജയൻ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
ഉറ്റവർ പോലും കൈവിട്ടു.
എന്തിന് ഇത്രയും കാലം ചങ്കായ് ചേർന്നു നിന്ന് എം പി സ്ഥാനം വരെ കരസ്ഥമാക്കിയ ജോൺ ബ്രിട്ടാസ് പോലും കൈവിട്ടു.
വെള്ളിയാഴ്ച വീണയെ ഇ.ഡി. അറസ്റ്റ് ചെയ്താൽ സി പി എം മിണ്ടില്ല.
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേയെന്ന് സി പി എം പറയും.
ബിനീഷ് കോടിയേരിക്ക് നൽകിയ പിന്തുണയിൽ നിന്നും ഒരു ഇഞ്ചും കൂടുതൽ വേണ്ട വീണയുടെ കാര്യത്തിൽ എന്നാണ് സി പി എമ്മിന്റെയും സി പി ഐയുടെയും തീരുമാനം.
സിഎംആര്‍എല്‍-എക്‌സാലോജിക്ക് മാസപ്പടി കേസില്‍ വീണ വിജയനെ ഇഡി വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുമ്പാള്‍ പാര്‍ട്ടി പ്രതിരോധത്തിനില്ലെന്ന് തീരുമാനിച്ചത് കഴിഞ്ഞ ദിവസമാണ്. വീണയുടെ കാര്യം അവര്‍ തന്നെ നോക്കട്ടെ എന്ന നിലപാടിലാണ് സിപിഎം കടക്കുന്നത്. മുമ്പ് ഇഡി റെയ്ഡിന് എത്തിയപ്പോള്‍ പിണറായി വിജയനെ ചോദ്യം ചെയ്യുന്നു എന്ന വാര്‍ത്ത നല്‍കി പ്രതിരോധം തീര്‍ത്ത സിപിഎം പുതിയ സാഹചര്യത്തില്‍ വീണയെ കൈവിടുകയാണ്. വീണയെ കൈവിടുന്നു എന്നു വ്യക്തമാക്കുന്നതാണ് പുറത്തുവന്ന നേതാക്കളുടെ പ്രതികരണങ്ങള്‍.
വീണയുടെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നായിരുന്നു സിപിഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചത്. എസ്എഫ്‌ഐഒയോട് അടക്കം വിവരങ്ങള്‍ വീണ ധരിപ്പിച്ചതാണെന്ന് പറഞ്ഞ ജോണ്‍ ബ്രിട്ടാസ്, സിഎംആര്‍എല്‍ നല്‍കിയ രാഷ്ട്രീയ സംഭാവനങ്ങളിലും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ഈ മന്ത്രിസഭ രണ്ട് പേര്‍ പണം കൈപ്പറ്റി എന്ന് സമ്മതിച്ചതാണ്. അതുവച്ച് നോക്കുമ്പോള്‍ വീണ വാങ്ങിയെന്ന് പറയുന്നത് എത്രയോ ചെറിയ തുകയാണ്. ആ പണം രേഖാമൂലം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
ജോൺ ബ്രിട്ടാസാണ് വീണയുടെ കാര്യത്തിൽ ഡൽഹിയിൽ ചരടുവലിച്ചിരുന്നത്. കേന്ദ്ര ബി ജെ പി നേതാക്കളുമായി അടുത്ത ചങ്ങാത്തം ബ്രിട്ടാസിനുണ്ട്. ഇത്രയും കാലം പിണറായി മുഖ്യമന്ത്രിയായിരുന്നതിനാൽ ബ്രിട്ടാസിന്റെ ചരടുവലികൾ നിഷ്പ്രയാസം നടക്കുമായിരുന്നു. എന്നാൽ പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഔട്ടാവുകയും പാർട്ടിയിൽ പിടുത്തം വിടുകയും ചെയ്തതോടെ ബ്രിട്ടാസ് പിണറായിയെ കൈവിടുകയായിരുന്നു. വീണയെ പരസ്യമായി തള്ളി പറയാനും ബ്രിട്ടാസ് തയ്യാറായി. വരും ദിവസങ്ങളിൽ പല നേതാക്കളും പിണറായി വിളിച്ചാൽ ഫോണെടുക്കാത്ത അവസ്ഥയിലെത്തും.
അതേസമയം ഇഡി സമന്‍സ് നിയമപരമായി നേരിടാനുള്ള പ്രാപ്തി സമന്‍സ് ലഭിച്ച വ്യക്തിക്കുണ്ട്. സിപിഎം അഭിപ്രായം പറയേണ്ട കാര്യമില്ലെന്നാണ് എന്‍ എന്‍ കൃഷ്ണദാസും പ്രതികരിച്ചത്. സമാന നിലപാടിലേക്കാണ് സിപിഎം നേതാക്കള്‍ നീങ്ങുന്നത്. നേരത്തെ ഇഡിക്കെതിരെ ആക്രമണം നടത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടക്കം ജയിലിലാണ്. പുതിയ സാഹചര്യത്തില്‍ വീണയുടെ കാര്യം വീണ നോക്കട്ടെ എന്ന നിലപാടിലാണ് പാര്‍ട്ടി. ഇഡിക്കെതിരെ പാർട്ടി പ്രവർത്തകർ ആക്രമണം നടത്തിയതിൽ പല നേതാക്കൾക്കും അതൃപ്തിയുണ്ട്. എന്തിന്റെ പേരിലാണ് ഇത്തരം സമരങ്ങൾ നടത്തിയതെന്ന സംശയത്തിലാണ് സി പി എം നേതാക്കൾ. അറസ്റ്റിലായവരിൽ ഒരു നല്ല ശതമാനം കുട്ടികളും നിർദ്ദനകുടുംബത്തിൽ നിന്നുള്ളവരാണ്.ഇവരുടെ രക്ഷകർത്താക്കൾ എ. കെ ജി സെന്ററിന് മുന്നിൽ ചെന്ന് നിരന്തരം കരയുന്നു. ആർക്കും ഇവരെ സമാധാനിപ്പിക്കാൻ കഴിയുന്നില്ല.
ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നാണ് വീണക്ക് ഇഡി നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നത്. വീണയ്ക്കൊപ്പം മറ്റ് എട്ട് പേര്‍ക്ക് കൂടി നോട്ടീസ് നല്‍കിയിട്ടുണ്ട്. സിഎംആര്‍എല്ലുമായി ബന്ധപ്പെട്ടവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം. നേരത്തെ റെയ്ഡിന്റെ ഭാഗമായി ചില ചോദ്യങ്ങള്‍ ഇഡി ചോദിച്ചിരുന്നു. അവര്‍ നല്‍കിയ മറുപടിയില്‍ വ്യക്തതയില്ല എന്ന നിലപാടിലായിരുന്നു ഇഡി.
അതിന് പിന്നാലെയാണ് വീണയെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തുന്നത്. കേസില്‍ ഇതാദ്യമായാണ് വീണയെ ഇ.ഡി. വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്. നേരത്തെ വീണയുടെ പിതാവ് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍, ഭര്‍ത്താവ് മുഹമ്മദ് റിയാസ് എം.എല്‍.എ., സി.എം.ആര്‍.എല്‍. എം.ഡി. എന്നിവരുടെ വീടുകളിലുള്‍പ്പെടെ ഇഡി റെയ്ഡ് നടത്തിയിരുന്നു.
സി.എം.ആര്‍.എല്‍. കമ്പനി വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷന്‍സ് എന്ന കമ്പനിക്ക് ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന കേസില്‍ ഇ.ഡി. അന്വേഷണം തുടരാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും അനുമതി നല്‍കിയിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സി.എം.ആര്‍.എല്‍. നല്‍കിയ അപ്പീല്‍ ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ബെഞ്ച് തള്ളിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ (പി.എം.എല്‍.എ.) പ്രകാരമുള്ള അന്വേഷണം നടത്തുന്നതിനും താത്കാലികമായി സ്വത്ത് കണ്ടുകെട്ടുന്നതിനും ഇ.ഡി.ക്ക് മറ്റേതെങ്കിലും അന്വേഷണ ഏജന്‍സിയുടെ എഫ്.ഐ.ആറോ പരാതിയോ വേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്. സുപ്രീംകോടതിയെ സമീപിക്കാന്‍ രണ്ടാഴ്ചത്തേക്ക് കടുത്ത നടപടികളില്‍നിന്ന് സംരക്ഷണം നല്‍കണമെന്ന് സി.എം.ആര്‍.എലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. കോടതിയിൽ ചെന്ന് തലവച്ചുകൊടുത്തു എന്ന ആശങ്കയിലാണ് വീണയും കുടുംബവും. വീണയുടെ കൂടി നിർദ്ദേശ പ്രകാരമാണ് സി എം ആർ എൽ ഹൈക്കോടതിയെ സമീപിച്ചതെന്ന് വ്യക്തമാണ്.
സി പി ഐ കൂടി പിണറായിയുടെ എതിർചേരിയിലായതോടെ കാര്യങ്ങൾ കൈവിട്ടു. ഇടതുമുന്നണിയിൽ ഏതാനും സീറ്റുകളുള്ള ഒരു പാർട്ടി സി പി ഐ മാത്രമാണ്. അതിനാൽ സി പി ഐയെ തള്ളാൻ സിപി എമ്മിന് കഴിയില്ല.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾക്കെതിരായ ഇ.ഡി അന്വേഷണത്തിനെതിരെ ഇടതുമുന്നണിയുടെ പേരിൽ നടത്തിയ സമരത്തിൽ സിപിഐ പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്നു പാർട്ടി ജില്ലാ കൗൺസിൽ യോഗത്തിൽ വിമർശനമുണ്ടായി. പിണറായിയുടെ മകൾ പിണറായിയുടെ പാർട്ടിയിലെ അംഗമോ ഇടതുമുന്നണിയിൽപെട്ട ആളോ അല്ല. ഇ.ഡി റെയ്ഡിനിടെ ഉണ്ടായ അക്രമത്തെ പാർട്ടി അപലപിക്കാതിരുന്നതു പിണറായിക്കു മുന്നിൽ സിപിഐ നേതൃത്വം വണങ്ങിനിൽക്കുന്നതു കൊണ്ടാണെന്നും നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിൽ അംഗങ്ങൾ തുറന്നടിച്ചു. ഇത് ബിനോയ് വിശ്വത്തിനുള്ള മുന്നറിയിപ്പായിരുന്നു,
പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടേറിയറ്റിലെ ഉപജാപക സംഘത്തിന്റെ പിടിയിലാണ്. ഈ സംഘമാണു ബിനോയ് വിശ്വത്തെ നയിക്കുന്നത്. സെക്രട്ടേറിയറ്റ് അടിയന്തരമായി പിരിച്ചുവിടുകയോ അംഗങ്ങൾ സ്വയം പിരിഞ്ഞുപോകുകയോ വേണം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനുവേണ്ടി പാർട്ടി നേതൃത്വം രംഗത്തുവന്നത് അനവസരത്തിലായിപ്പോയെന്നും വിമർശനമുയർന്നു. നയപരമോ രാഷ്ട്രീയമോ ആയ ആവശ്യം അല്ല അത്. കേവലം പദവിക്കു വേണ്ടിയുള്ള മുറവിളിയാണെന്നും അംഗങ്ങൾ വിമർശിച്ചു. ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ സമരത്തിൽ ആനി രാജ പങ്കെടുക്കാൻ പാടില്ലായിരുന്നു. പകരം, ആ വിഷയത്തിൽ എഐഎസ്എഫിനെക്കൊണ്ടു സമരം നടത്തിയാൽ മതിയായിരുന്നു. ബിനോയ് വിശ്വം, അസി.സെക്രട്ടറി പി.പി സുനീർ, ജി.ആർ. അനിൽ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
സംസ്ഥാന സെക്രട്ടേറിയറ്റ് മറ്റൊരു അധികാരകേന്ദ്രമായി മാറുന്നുവെന്നു കണ്ട്, നേരത്തേ അതു വേണ്ട എന്നു വച്ചതാണ്. പിന്നീട് സംസ്ഥാന കൗൺസിൽ കൂടി ഏകപക്ഷീയമായി സെക്രട്ടേറിയറ്റ് രൂപീകരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റിനു മുന്നിൽ ബിനോയ് വിശ്വം നിസ്സഹായനാണ്. പിണറായിക്കു മുന്നിൽ വിധേയനായാണു നിൽപ്. എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതു സെക്രട്ടേറിയറ്റിനും മുകളിൽ ചിലർ ചേർന്ന സൂപ്പർ സെക്രട്ടേറിയറ്റാണ്. സ്ഥാനാർഥി നിർണയം സെക്രട്ടേറിയറ്റ് ഏകപക്ഷീയമായി നടത്തി. സെക്രട്ടേറിയറ്റിലെ മിക്കവരും സ്ഥാനാർഥികളായപ്പോൾ തിരഞ്ഞെടുപ്പ് കാര്യങ്ങൾ ഏകോപിപ്പിക്കാൻ ആളില്ലാതായി. ചാത്തന്നൂരിലെ പരാജയം പാർട്ടി സംസ്ഥാന നേതൃത്വം ബിജെപിക്കു നൽകിയ സംഭാവനയാണ്.
പരാജയത്തിൽ പിണറായിക്കും സിപിഎമ്മിനും പങ്കുള്ളതുപോലെ സിപിഐയ്ക്കും ഉത്തരവാദിത്തമുണ്ട്. തിരുത്തൽ ശക്തിയാകേണ്ട പാർട്ടി ആശാ സമരത്തിൽ ഉൾപ്പെടെ നിലപാട് സ്വീകരിച്ചില്ല. പിണറായി സർക്കാരിന്റെ പോക്കും തിരഞ്ഞെടുപ്പിലെ പരാജയത്തിന് ആക്കം കൂട്ടി. ഗൺമാന്മാരുടെ രക്ഷാ പ്രവർത്തനം ഉൾപ്പെടെ ജനങ്ങൾക്കിടയിൽ രോഷത്തിനു കാരണമായി. എൽഡിഎഫ് സർക്കാർ ഇനി വരരുതേ എന്നാഗ്രഹിച്ച പാർട്ടിക്കാരുണ്ട്. പദവികളെല്ലാം ഇഷ്ടക്കാർക്കു വേണ്ടി വീതം വച്ചതായും വിമർശനമുണ്ടായി.
അവധാനതയോടെ സ്ഥാനാർഥി നിർണയം നടത്തിയിരുന്നുവെങ്കിൽ കുറഞ്ഞത് 6 സീറ്റുകളിൽ കൂടി വിജയിക്കാമായിരുന്നെന്ന് സിപിഐ ജില്ലാ കൗൺസിൽ യോഗത്തിൽ വിമർശനമുണ്ടായി. 25 സീറ്റുകളിൽ അഞ്ചിടത്തു സ്ഥാനാർഥികളെ നിശ്ചയിച്ചത് ഒരു സെക്രട്ടേറിയറ്റംഗമാണ്. ഈ സെക്രട്ടേറിയറ്റംഗം സ്വയം സ്ഥാനാർഥിയായപ്പോൾ സ്വന്തം പഞ്ചായത്തിലെ മറ്റൊരാളെ അടൂരിൽ സ്ഥാനാർഥിയാക്കി. കൊല്ലം ജില്ലയിൽ ഉൾപ്പെടെ വിദ്യാർഥി– യുവജന രംഗങ്ങളിലുള്ള സഖാക്കൾ പലരും ഉണ്ടായിട്ടും അവരെ തഴഞ്ഞു. ചാത്തന്നൂരിലും ചടയമംഗലത്തും സ്ഥാനാർഥികളെ നിശ്ചയിച്ചതു പൊതു സാഹചര്യം വിലയിരുത്താതെയായിരുന്നു.
ഏതു പ്രതികൂല സാഹചര്യത്തിലും ജയിക്കാമായിരുന്ന സീറ്റായിരുന്നു ചടയമംഗലം. പാർട്ടിയുടെ മറ്റ് 3 മന്ത്രിമാരും ജയിച്ചപ്പോൾ ഇവിടെ മാത്രം തോറ്റതു ജനപിന്തുണയില്ലാത്തതുകൊണ്ടാണ്. പാർട്ടിയുടെയും സിപിഎമ്മിന്റെയും ലോക്കൽ സെക്രട്ടറിമാരെപ്പോലും സ്ഥാനാർഥിക്ക് അറിയില്ലായിരുന്നു.
ചാത്തന്നൂരിൽ സ്ഥാനാർഥിയെ പാർട്ടിയുടെയും സിപിഎമ്മിന്റെയും അണികൾ അംഗീകരിച്ചില്ല. സിപിഎം കേന്ദ്രങ്ങളിൽ ബിജെപിക്കു വോട്ടു കൂടിയത് അതിനു തെളിവാണ്. ജി.എസ് ജയലാലിനെ മത്സരിപ്പിക്കണമെന്ന ജില്ലാ കൗൺസിലിന്റെ നിർദേശം അട്ടിമറിച്ചതിന്റെ ഫലമാണ് ആ പരാജയം. ചാത്തന്നൂരിൽ ആർ. രാജേന്ദ്രന്റെ പരാജയത്തിനു കാരണം ജില്ലാ നേതൃത്വത്തിലെ പ്രമുഖൻ ആണെന്ന മട്ടിൽ ഓൺലൈൻ മാധ്യമത്തിൽ ആരോപണം ഉന്നയിച്ച രാഷ്ട്രീയ നിരീക്ഷകനും ഓൺലൈൻ ചാനലിനുമെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനും തീരുമാനിച്ചു. ജില്ലാ കൗൺസിൽ യോഗം ഇന്നും തുടരും.
നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് നിർണയത്തിൽ ഉൾപ്പെടെ സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു ‘മലയാള മനോരമ’ യ്ക്കു പ്രത്യേക അഭിമുഖം നൽകിയ മുതിർന്ന നേതാവ് കെ.ആർ ചന്ദമോഹനോടു സിപിഐ സംസ്ഥാന നേതൃത്വം വിശദീകരണം ചോദിച്ചു. പാർട്ടിക്കകത്തു പറയേണ്ട കാര്യം പുറത്തു പറഞ്ഞതു ശരിയായില്ലെന്നു ചൂണ്ടിക്കാട്ടിയാണു നോട്ടിസ്.
ചന്ദ്രമോഹനെതിരെ നടപടി വേണമെന്നു ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ ചിലർ ആവശ്യപ്പെട്ടപ്പോൾ അതിനെതിരെയും വാദമുയർന്നു. മുതിർന്ന നേതാവായ ചന്ദ്രമോഹൻ അത്തരത്തിലൊരു അഭിമുഖം നൽകാൻ പാടില്ലായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിൽ വരെ അംഗമായിരുന്ന നേതാവാണ് ചന്ദ്രമോഹൻ. ചന്ദ്രമോഹനെതിരെ കർശന നടപടി വേണമെന്നും ചിലർ ആവശ്യപ്പെട്ടു. എന്നാൽ, പാർട്ടിയുടെ നന്മയ്ക്കു വേണ്ടിയാണു ചന്ദ്രമോഹൻ അഭിപ്രായം പറഞ്ഞത്. അതിന്റെ പേരിൽ അദ്ദേഹത്തെ ബലിയാടാക്കാൻ അനുവദിക്കില്ലെന്നു മറുവിഭാഗവും നിലപാടെടുത്തു.
സർക്കാരിനോടും മുന്നണി യോഗങ്ങളിലും പറയേണ്ടിടത്തു ‘നോ’ പറയാൻ കഴിയാതിരുന്ന സംസ്ഥാന നേതൃത്വമാണു പരാജയത്തിനു പ്രധാന ഉത്തരവാദിയെന്നായിരുന്നു മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ ചന്ദ്രമോഹൻ വിമർശിച്ചത്. സ്ഥാനാർഥി നിർണയത്തിൽ ഗുരുതരവീഴ്ച പറ്റിയെന്നും ഉത്തരവാദിത്തം ഏറ്റെടുത്തു സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.. പ്രായപരിധി മൂലം ഉപരിഘടകങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട ചന്ദ്രമോഹൻ നിലവിൽ ജില്ലാ കൗൺസിലിലെ പ്രത്യേക ക്ഷണിതാവാണ്. ചന്ദ്രമോഹനും സി പിഎമ്മിനെ തീരെ ആഞ്ഞടിച്ചിരുന്നു. സി പി ഐയുടെ വിമർശനം പിണറായി പ്രതീക്ഷിച്ചതാണ്. ബിനോയ് വിശ്വത്തിന് പാർട്ടിയിൽ പിടിവിട്ടതോടെ പാർട്ടിയുടെ പോക്ക് പിണറായിക്ക് മനസിലായി. കാനമാണ് ബിനോയിയെ നിയമിച്ചത്. കാനത്തിന്റെ വിശ്വസ്തനായിരുന്നുപിണറായി. കാനം പിണറായിയോട് സൂക്ഷിച്ച സഹോദരബന്ധം തന്നെയാണ് ബിനോയിയും പിന്തുടരുന്നത്.
എന്നാൽ ബ്രിട്ടാസ് പോലും തന്നെ തള്ളിപറഞ്ഞ സാഹചര്യത്തിൽ സി പി ഐയുടെ നിലപാടിൽ പിണറായിക്ക് അമർഷമില്ല. പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീടിനു മുന്നിൽ ഇ.ഡി സംഘത്തെ കയ്യൂക്കുകൊണ്ട് നേരിട്ട സിപിഎം ഇനി അത്തരമൊരു നടപടിക്കു തുനിയില്ല. പിണറായി വിജയനെ ചോദ്യം ചെയ്തതിൽ തങ്ങൾക്കുള്ള ഉത്കണ്ഠ കാരണമാണ് പ്രവർത്തകർ എത്തിയത് എന്നാണ് സിപി എം വിശദീകരിക്കുന്നത്. ഇനി ഇത്തരം ഒരു വിലയിരുത്തൽ നിലനിൽക്കില്ല.
ഇ.ഡിയെ നേരിടാൻ ആയുധങ്ങളുമായി തെരുവിലിറങ്ങിയ പ്രവർത്തകർക്കെതിരെ വധശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകളാണു പൊലീസ് ചുമത്തിയിരിക്കുന്നത്. കണ്ടാലറിയാവുന്ന 300 പേർ പ്രതിപ്പട്ടികയിലുള്ള കേസിൽ ഇതുവരെ 26 പേർ അറസ്റ്റിലായി. ഇ.ഡി കൂടി കക്ഷിചേരാനിരിക്കെ കേസ് കൂടുതൽ മുറുകും. വീണ്ടുമൊരു ചോദ്യംചെയ്യലിനു കളമൊരുങ്ങുമ്പോൾ തെരുവിൽ വൈകാരികമായ രോഷപ്രകടനങ്ങൾ ഇനിയുമുണ്ടാകുന്നതിനെ ന്യായീകരിക്കുക പാർട്ടിക്ക് എളുപ്പമാവില്ല. പിണറായിയുടെ വസതിയിലേക്ക് അപ്രതീക്ഷിതമായി ഇ.ഡി എത്തിയതിൽ പാർട്ടിക്കുണ്ടായ ഞെട്ടൽ വീണയുടെ കാര്യത്തിലില്ല. സമൻസ് അയച്ച് മുൻകൂട്ടി അറിയിച്ചുള്ള ചോദ്യംചെയ്യലാണു നടക്കാനിരിക്കുന്നത്. അതാണ് കുടുംബത്തെ കുഴപ്പിക്കുന്നതും.
കേസ് പിണറായിയെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ വേട്ടയാടലാണെന്നു വാദിക്കുമ്പോൾത്തന്നെ, വീണയ്ക്കുവേണ്ടി തെരുവിലിറങ്ങിയുള്ള പ്രക്ഷോഭത്തിനോ പോർവിളിക്കോ പാർട്ടി മുതിരില്ല. അതേസമയം, കേസിലെ രാഷ്ട്രീയം നേതാക്കൾ ശക്തമായി ഉന്നയിക്കും. കരുവന്നൂരിലടക്കം ഇ.ഡി നടത്തുന്ന ‘വേട്ടയാടലുകൾ’ ഇതോടൊപ്പം ചേർത്തുപറയും.
കേസുമായി ബന്ധപ്പെട്ടു വീണയെ വിളിച്ചുവരുത്തുന്നത് ആദ്യമല്ല. എസ്എഫ്ഐഒ ഒന്നിലേറെത്തവണ വിളിച്ചുവരുത്തിയിട്ടുണ്ട്. സമാനരീതിയിൽ ഇത്തവണ ഇ.ഡിയാണു വിളിച്ചുവരുത്തുന്നതെങ്കിലും അവരുടെ ഭാഗത്തുനിന്നുണ്ടാകാവുന്ന തുടർനടപടികൾ പാർട്ടിയെ മുൾമുനയിൽ നിർത്തും. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ സ്വത്തു കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ ഇ.ഡിക്കു സ്വീകരിക്കാം; അറസ്റ്റിലേക്കു വരെ നീളാം. അത്തരം നടപടികളിലേക്ക് ഇ.ഡി നീങ്ങിയാൽ പിണറായിയുടെ രൂക്ഷ പ്രതികരണത്തിനും അതുയർത്തിക്കാട്ടി പാർട്ടി പ്രക്ഷോഭത്തിനിറങ്ങാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല.
അതേസമയം, കേന്ദ്ര അന്വേഷണ ഏജൻസിയുടെ കേസിൽ ഒരു പങ്കുമില്ലെന്നു വ്യക്തമാക്കി കളത്തിനുപുറത്ത് കാഴ്ചക്കാരന്റെ റോളിൽ നിൽക്കുകയാണു കോൺഗ്രസും സംസ്ഥാന സർക്കാരും. കേസ് അതിന്റെ വഴിക്കു നീങ്ങട്ടെയെന്നു ചൂണ്ടിക്കാട്ടുന്ന കോൺഗ്രസ് പക്ഷേ, ഇ.ഡിയുടെ നടപടികൾക്കു കയ്യടിക്കാനുമില്ല. ദേശീയതലത്തിൽ രാഹുൽ ഗാന്ധി അടക്കമുള്ളവർ നടത്തുന്ന പോരാട്ടത്തിന്റെ ചുവടുപിടിച്ച് ഇ.ഡി ‘അത്ര വെടിപ്പല്ല’ എന്ന നിലപാടിൽത്തന്നെയാണു കേരളത്തിലെ പാർട്ടിയും.
ഇ.ഡിയുടെ ചോദ്യംചെയ്യലിനെതിരെ സുപ്രീം കോടതിയിൽ പ്രത്യേകാനുമതി ഹർജി നൽകാൻ വീണയ്ക്കും സിഎംആർഎലിനും അവസരമുണ്ട്. ഇ.ഡി റജിസ്റ്റർ ചെയ്ത എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) റദ്ദാക്കണമെന്നും നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടാം.
ചോദ്യംചെയ്യലിനു ഹാജരാകുംമുൻപ് മുൻകൂർ ജാമ്യം തേടാനും തടസ്സമില്ല. ഇ.ഡി സമൻസിലെ സാങ്കേതിക കാര്യങ്ങൾ ചോദ്യം ചെയ്യാനും നേരിട്ടു ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെടാനും കഴിയും.
ബാങ്ക് അക്കൗണ്ടുകളും ലോക്കറുകളും മരവിപ്പിച്ച നടപടിയിൽ അടിയന്തര സ്റ്റേ ആവശ്യപ്പെടാം. എസ്എഫ്ഐഒ രേഖകൾ ഇ.ഡിക്കു കൈമാറാനുള്ള പ്രത്യേക കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാനും കഴിയും.
എന്നാൽ, ഹൈക്കോടതി ഇ.ഡി അന്വേഷണം അനുവദിച്ച സാഹചര്യത്തിൽ ഹാജരാകാൻ കൂടുതൽ സമയം തേടുക, അറസ്റ്റിനെതിരെ താൽക്കാലിക സംരക്ഷണ ഉത്തരവ് സമ്പാദിക്കുക തുടങ്ങിയ നീക്കങ്ങൾക്കാണു സാധ്യത. ഇ.ഡിക്ക് സിവിൽ കോടതിയുടെ അധികാരങ്ങൾ നൽകുന്ന പിഎംഎൽഎ സെക്‌ഷൻ 50 പ്രകാരമുള്ള സമൻസിൽ ചോദ്യംചെയ്യൽ ഏറെ നീട്ടിക്കൊണ്ടുപോകാനാകില്ല.അതിനാൽ പിണറായി വല്ലാത്ത ആശങ്കയിലാണ്.
https://www.facebook.com/Malayalivartha



























