നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും നേരിട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഹൈക്കോടതി വിളിച്ചുവരുത്തും. ഇതുരണ്ടും കോടതിയില്‍ നേരിട്ട് ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അതിജീവിതയുടെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. നടിയെ ആക്രമിച്ച സംഭവത്തിലെ തെളിവായ മെമ്മറി കാര്‍ഡ് ചോര്‍ന്നതുമായി ബന്ധപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.
നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട അതിജീവിതയുടെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ പ്രോസിക്യൂഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കൂടാതെ, ഒരുമാസത്തിനകം കേസിലെ പ്രധാന തെളിവുകളായ മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും സീല്‍ വെച്ച കവറില്‍ ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു.
വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് മൂന്ന് തവണ തുറന്ന് പരിശോധിക്കപ്പെട്ടതായാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. ഈ ഹാഷ് വാല്യൂ മാറ്റത്തെക്കുറിച്ച് വിചാരണക്കോടതി നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നും അതിനാല്‍ ഒരു പ്രത്യേക സംഘത്തെക്കൊണ്ട് പുനരന്വേഷണം നടത്തണമെന്നുമാണ് അതിജീവിതയുടെ പ്രധാന ആവശ്യം. മെമ്മറി കാര്‍ഡ് കോപ്പി ചെയ്ത പെന്‍െ്രെഡവ് ഉള്‍പ്പെടെ ലാബിലയച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും അവര്‍ ഹര്‍ജിയിലൂടെ ആവശ്യപ്പെടുന്നു.
അതിജീവിതയുടെ നിര്‍ണായക ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ തുടര്‍ച്ചയായി പിന്മാറിയിരുന്നു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യനാണ് ആദ്യം പിന്മാറിയത്. തൊട്ടുപിന്നാലെ ഹര്‍ജി പരിഗണിക്കാനാവില്ലെന്നറിയിച്ച് ജസ്റ്റിസ് കൗസര്‍ ഇടപ്പകത്തും കേസില്‍ നിന്ന് ഒഴിഞ്ഞു. മുന്‍പ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായിരുന്ന കൗസര്‍ ഇടപ്പകത്തിന്റെ കോടതിയിലെ ജീവനക്കാര്‍ക്കെതിരെ മെമ്മറി കാര്‍ഡ് പരിശോധനയുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ പുറത്തുവന്നതാണ് അദ്ദേഹത്തിന്റെ പിന്മാറ്റത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിലവില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് മെമ്മറി കാര്‍ഡ് കേസിലെ ഈ ഹര്‍ജി. ഇനി ഏത് ബെഞ്ച് ഈ കേസ് പരിഗണിക്കണമെന്ന് അദ്ദേഹം തീരുമാനിക്കും.
https://www.facebook.com/Malayalivartha


























