അട്ടപ്പാടി ചുരത്തില്‍ ഗതാഗത കുരുക്കില്‍ കുടുങ്ങിയ ആംബുലന്‍സിലെ രോഗി മരിച്ചു

അട്ടപ്പാടി ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് ആംബുലന്‍സ് ബ്ലോക്കില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. പനിയും ശ്വാസതടസ്സവും മൂലം ഗുരുതരാവസ്ഥയിലായ വെള്ളമാരി ഉന്നതി സ്വദേശി സജീവ് കുമാറാണ് ചികിത്സ വൈകിയതിനെത്തുടര്‍ന്ന് മരണപ്പെട്ടത്. വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സില്‍ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ നിന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് സജീവ് കുമാറിനെയും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് ചുരത്തിലെത്തിയത്. എന്നാല്‍ മരം വീണതിനെത്തുടര്‍ന്ന് ഏകദേശം ഒരു മണിക്കൂറോളം ആംബുലന്‍സ് അവിടെ കുടുങ്ങി. പിന്നീട് മരം മുറിച്ചുമാറ്റിയ ശേഷം യാത്ര തുടര്‍ന്നുവെങ്കിലും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴേക്കും അദ്ദേഹം മരണപ്പെട്ടിരുന്നു. അല്പം നേരത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സജീവ് കുമാറിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു.
അട്ടപ്പാടി മേഖലയിലെ ജനങ്ങള്‍ പുറംലോകവുമായി ബന്ധപ്പെടാന്‍ പ്രധാനമായും ആശ്രയിക്കുന്ന ഏക വഴിയിലെ ഈ യാത്രാ തടസ്സം വലിയ പ്രതിസന്ധിയാണ്. മഴക്കാലമാകുമ്പോള്‍ ചുരത്തില്‍ മരം വീണും മറ്റും ഗതാഗതം തടസ്സപ്പെടുന്നത് പതിവാണ്. ഇത് അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെയടക്കം ബാധിക്കാറുണ്ട്.
https://www.facebook.com/Malayalivartha


























