ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി

ശ്രീനാരായണഗുരുദേവന്റെ സാന്നിദ്ധ്യം കൊണ്ടും സാമീപ്യം കൊണ്ടും പവിത്രമായ ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
മുഖ്യമന്ത്രി എന്ന നിലയിൽ ആദ്യമായി ശിവഗിരി മഹാസമാധിയിൽ ദർശനം നടത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.
ജാതിമത ചിന്തകൾക്ക് അതീതമായി മതസൗഹാർദ്ദത്തോടെ എല്ലാവരും ഒരുമിച്ചു നിൽക്കുന്ന കേരളത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന പ്രതിജ്ഞയാണ് ഗുരുസമാധിയിൽ വച്ച് താൻ പുതുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സൗമ്യമായ ഭാഷണം കൊണ്ട് കൊടുങ്കാറ്റ് സൃഷ്ടിച്ച്, കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെല്ലാം പരിവർത്തനമുണ്ടാക്കിയ ഗുരുദേവന്റെ മഹാസമാധിക്ക് മുന്നിലാണ് നിൽക്കുന്നത്. എല്ലാവരും സൗഹാർദ്ദത്തോടെ ഒരുമിച്ചു ജീവിക്കുന്ന, സോദരരെ പോലെ വാഴുന്ന ഒരു മാതൃകാ സ്ഥാനമാക്കി നമ്മുടെ കേരളത്തെ മാറ്റാൻ ഗുരുവിന്റെ ആദർശങ്ങളും ദർശനവും തീർച്ചയായും നമ്മളെ എല്ലാവരെയും സഹായിക്കും.
അതേസമയം മഹാസമാധിയിലെത്തിയ മുഖ്യമന്ത്രി ഗുരുദേവ പ്രതിഷ്ഠയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. മുൻ എം.എൽ.എ വർക്കല കഹാർ, അഡ്വ. കെ.പി. അനിൽകുമാർ തുടങ്ങിയവരും സന്നിഹിതരായിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha



























