കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിസരപ്രദേശങ്ങളിലും അതീവ ജാഗ്രതയും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി

ഫറോക്ക് സ്വദേശിയായ 43 കാരന് നിപാ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിസരപ്രദേശങ്ങളിലും അതീവ ജാഗ്രതയും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി.
ഇന്നലെ രാത്രി 11 മണിയോടെയാണ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലെ പ്രത്യേക നിപ ഐസലേഷൻ വാർഡിലേക്ക് മാറ്റിയത്. നിലവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് ഇദ്ദേഹത്തിന്റെ ചികിത്സ തുടരുന്നത്.
മെഡിക്കൽ കോളേജ് വിആർഡിഎൽ ലാബിലെ പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റീവ് ആയതോടെ സ്രവ സാംപിളുകൾ പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ അന്തിമ ഫലം ഇന്ന് വൈകുന്നേരത്തോടെ ലഭ്യമായേക്കും,
രോഗിയെ പ്രവേശിപ്പിച്ച ഐസലേഷൻ വാർഡിന് സമീപം കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.ആശുപത്രിയിലെ സാവിത്രി ദേവി സാബു ബ്ലോക്കിലേക്കുള്ള വഴി പൂർണ്ണമായും അടയ്ക്കുകയും പ്രത്യേക ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തു. വാർഡിന്റെ പരിസരത്ത് വാഹന പാർക്കിങ് പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്.
ഡിസ്ചാർജ് ആകുന്ന രോഗികൾ ഉൾപ്പെടെയുള്ളവർ ആശുപത്രിയുടെ പ്രധാന ഗേറ്റ് മാത്രമേ ഉപയോഗിക്കാവൂയെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. രോഗബാധിതനായ യുവാവ് കഴിഞ്ഞ ഒരാഴ്ചയായി കടുത്ത പനിയെ തുടർന്ന് കോഴിക്കോട്ടെ വിവിധ സ്വകാര്യ ആശുപത്രികൾ, ഒപി വിഭാഗങ്ങൾ, ഒരു ഡീ-അഡിക്ഷൻ സെന്റർ എന്നിവ സന്ദർശിക്കുകയും എംആർഐ സ്കാനിങ്ങിന് വിധേയനാവുകയും ചെയ്തിരുന്നു.
ഇതിനാൽ തന്നെ ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടിക വളരെ വിപുലമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. രോഗിയുടെ വിശദമായ റൂട്ട് മാപ്പ് തയ്യാറാക്കാനും പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരെ കണ്ടെത്താനുമുള്ള ഊർജ്ജിത ശ്രമമാരംഭിച്ച് ആരോഗ്യവകുപ്പ്.
"
https://www.facebook.com/Malayalivartha



























