ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു

ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം ഉയര്‍ത്താന്‍ കരുത്തുപകരാന്‍ മുന്നില്‍ നിന്ന മലയാളി താരം സഞ്ജു സാംസണെ ആവശ്യം കഴിഞ്ഞപ്പോള്‍ കറിവേപ്പില പോലെ തഴഞ്ഞ് ബി.സി.സി.ഐ. വരാനിരിക്കുന്ന സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ട്വന്റി-20 ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു സാംസണിന് ടീമില്‍ ഇടമില്ല! വെറും മൂന്ന് മത്സരങ്ങളിലെ മോശം ഫോം ചൂണ്ടിക്കാണിച്ചാണ് സഞ്ജുവിനെ ടീമില്‍ നിന്ന് വെട്ടിനിരത്തിയിരിക്കുന്നത്.
അതേസമയം, ഇംഗ്ലണ്ട് പര്യടനത്തിനിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച കൗമാര വിസ്മയം വൈഭവ് സൂര്യവംശി ടീമിലിടം നേടിയിട്ടുണ്ട്. വെടിക്കെട്ട് വീരന്‍ റിങ്കു സിങ് ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍, ശ്രേയസ് അയ്യരാണ് ടീമിനെ നയിക്കുക. തിലക് വര്‍മ്മയ്ക്കാണ് വൈസ് ക്യാപ്റ്റന്‍ സ്ഥാനം. ഇഷാന്‍ കിഷനാണ് ടീമിലെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍. രണ്ടാം നമ്പര്‍ വിക്കറ്റ കീപ്പറായി പ്രഭ്‌സിമ്രാന്‍ സിംഗാണ് ഇടംപിടിച്ചത്.
സഞ്ജുവിനോടുള്ള ബി.സി.സി.ഐയുടെ ഈ ഇരട്ടത്താപ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ മലയാളി ക്രിക്കറ്റ് ആരാധകര്‍ കടുത്ത രോഷത്തിലാണ്. നിലവില്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമില്‍ അംഗമാണ് സഞ്ജു. എന്നാല്‍ തൊട്ടടുത്ത പരമ്പരയില്‍ തന്നെ സഞ്ജുവിനെ പൂര്‍ണ്ണമായും ഒഴിവാക്കിയ സെലക്ഷന്‍ കമ്മിറ്റിയുടെ നിലപാടാണ് ചോദ്യം ചെയ്യപ്പെടുന്നത്.
മറ്റ് പല കളിക്കാര്‍ക്കും ഫോം വീണ്ടെടുക്കാന്‍ ഡസന്‍ കണക്കിന് അവസരങ്ങള്‍ നല്‍കുമ്പോള്‍, സഞ്ജുവിന് നേരെ മാത്രം മൂന്ന് മത്സരങ്ങളുടെ മോശം പ്രകടനം ചൂണ്ടിക്കാട്ടി വാതില്‍ കൊട്ടിയടയ്ക്കുന്നത് എന്ത് നീതിയാണെന്നാണ് ആരാധകരുടെ ചോദ്യം. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ സെലക്ടര്‍മാര്‍ക്കെതിരെ വന്‍ പ്രതിഷേധം ഇരമ്പുകയാണ്.
https://www.facebook.com/Malayalivartha






















