അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍

കോതമംഗലം ഇന്‍സ്‌പെക്ടര്‍ പ്രശാന്ത്കുമാറിനെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍പോകാന്‍ സഹായിച്ച രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായി. അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്തുക്കളായ ഇസ്മയില്‍, സൗദ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ രണ്ടുദിവസംവരെ അര്‍ജുന്‍ ആയങ്കി കൊച്ചിയിലെ ഇവരുടെ ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നതായാണ് വിവരം.
കേരളപൊലീസിനെയും ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ചുകൊണ്ടാണ് അര്‍ജുന്‍ ആയങ്കി ഒളിവില്‍ തുടരുന്നത്. ഇന്ന് രാവിലെ ഇന്‍സ്റ്റ പോസ്റ്റിലൂടെയും ആഭ്യന്തരവകുപ്പിനെ പരസ്യമായി വെല്ലുവിളിച്ചിരുന്നു. തന്നെ പിടിക്കാന്‍ പറ്റുമെങ്കില്‍ പിടിക്കെന്നാണ് പോസ്റ്റില്‍ പറയുന്നത്. അര്‍ജുന്‍ ആയങ്കിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നത് മറ്റാരോ ആണെന്നാണ് പൊലീസ് സംശയിക്കുന്നത്. അവസാന ഫോണ്‍ ലൊക്കേഷന്‍ കൊച്ചിയിലാണ് കാണിച്ചിരുന്നത്. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തുക്കള്‍ പിടിയിലായത്. എന്നാല്‍, അര്‍ജുന്‍ ആയങ്കിയെവിടെയെന്നത് സംബന്ധിച്ച് പൊലീസിന് ഇപ്പോഴും വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന.
ഇതിനിടെ മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കവും അയാള്‍ തുടങ്ങിയിട്ടുണ്ടെന്നും അറിയുന്നുണ്ട്. അതിനുമുമ്പ് പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ധൈര്യമുണ്ടെങ്കില്‍ പിടിക്കാന്‍ പൊലീസിനോട് പറഞ്ഞവര്‍ ഇനി എന്താ വരാന്‍ പോകുന്നതെന്ന് നോക്കിയാല്‍ മതിയെന്ന് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ചെന്നിത്തലെയെ വെല്ലുവിളിച്ചത്. 'ഞാനും എന്റെ സുഹൃത്തുക്കളും പ്രതിചേര്‍ക്കപ്പെട്ട് ജയിലിലടക്കപ്പെട്ട കേസിനെപ്പറ്റി പുനരന്വേഷണത്തിന് ഉത്തരവിടാന്‍, ശേഷം ഞാന്‍ നിരപരാധിയെങ്കില്‍ കള്ളക്കേസെടുത്ത് അധികാരദുര്‍വിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. എങ്കില്‍ ഞാന്‍ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും. അല്ലാണ്ട് വിരട്ടരുത്. വളര്‍ന്ന പാര്‍ട്ടി വേറെയാണ്.' എന്നായിരുന്നു അര്‍ജുന്‍ ആയങ്കി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.
കോതമംഗലം ഇന്‍സ്‌പെക്ടര്‍ പ്രശാന്ത്കുമാറിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവിലുള്ള അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റിനു ശ്രമിക്കുന്നതിനിടെയാണ് സോഷ്യല്‍ മീഡിയയിലെ വോയ്‌സ് മെസേജിലൂടെ വീണ്ടും ഭീഷണി മുഴക്കിയത്. കഴിയുമെങ്കില്‍ അറസ്റ്റ് ചെയ്യൂ എന്നാണ് വെല്ലുവിളി.
https://www.facebook.com/Malayalivartha

























