"EMERGENCY EXIT വഴി അടുത്തിരുന്നയാളെ പുറത്തെടുത്തെറിഞ്ഞേനേ... എന്നിട്ട് എടുത്തു ചാടുമായിരുന്നു!" കസ്റ്റഡിയിൽ അലറി ജംഷീർ

തനിക്ക് മരിക്കാന്‍ തോന്നി, അതുകൊണ്ട് മറ്റുള്ളവരെയും കൂടെക്കൂട്ടാന്‍ തീരുമാനിച്ചു...' നെടുമ്പാശ്ശേരിയില്‍ ബാത്തിക് എയര്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തല്ലിത്തുറക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പാലക്കാട് കൂറ്റനാട് അത്താണിക്കല്‍ സ്വദേശി ജംഷീര്‍ (34) സുരക്ഷാ ഏജന്‍സികള്‍ക്ക് മുന്നില്‍ നല്‍കിയ അമ്പരപ്പിക്കുന്ന മൊഴിയാണിത്. വിമാനത്തിനുള്ളില്‍ അതിക്രമം കാണിച്ച ഇയാള്‍ക്ക് കാര്യമായ മാനസികപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം പോലീസിന്റെ വിലയിരുത്തല്‍.
ആകാശത്തു വെച്ച് വിമാനത്തിനുള്ളില്‍ വലിയ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യാത്രക്കാരുടെയും ക്യാബിന്‍ ക്രൂവിന്റെയും ജീവന്‍ അപകടത്തിലാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള കടുത്ത നിയമവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ള വിവിധ സുരക്ഷാ വിഭാഗങ്ങള്‍ ഇയാളെ മണിക്കൂറുകളോളം വിശദമായി ചോദ്യം ചെയ്തു. അങ്കമാലി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നിലവില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
വ്യാഴാഴ്ച പുലര്‍ച്ചെ 2.40-ഓടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ അരമണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിഡില്‍ ഈസ്റ്റില്‍ നിന്നും മലേഷ്യയില്‍ നിന്നുമുള്ള യാത്രക്കാരുമായി എത്തിയ ബാത്തിക് എയര്‍ വിമാനത്തില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കോലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന വിമാനത്തിലായിരുന്നു വന്‍ സുരക്ഷാവീഴ്ചയ്ക്ക് കാരണമാകുന്ന അക്രമം.
എമര്‍ജന്‍സി എക്‌സിറ്റ് വിന്‍ഡോ സീറ്റിലിരുന്ന ജംഷീര്‍ പെട്ടെന്ന് അക്രമാസക്തനാകുകയും, എമര്‍ജന്‍സി വിന്‍ഡോ പാനലിന്റെ ഒരു പാളി അടിച്ചുപൊട്ടിക്കുകയുമായിരുന്നു. തുടര്‍ന്ന് വിമാനത്തിന്റെ അടിയന്തര രക്ഷാ വാതില്‍ ബലമായി തുറക്കാന്‍ ഇയാള്‍ ശ്രമം നടത്തി. ഇതോടെ ഭയന്നുപോയ സഹയാത്രികരും വിമാന ജീവനക്കാരും ഒത്തുചേര്‍ന്ന് ഇയാളെ സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു.
വിമാനം സുരക്ഷിതമായി നെടുമ്പാശ്ശേരി റണ്‍വേയില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ കേന്ദ്ര വ്യാവസായിക സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ വിമാനത്തിനുള്ളില്‍ പ്രവേശിച്ച് ജംഷീറിനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിനും ഉപരിനടപടികള്‍ക്കുമായി ഇയാളെ നെടുമ്പാശ്ശേരി പോലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിലധികമായി മലേഷ്യയില്‍ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തുവരികയാണ് പിടിയിലായ ജംഷീര്‍. എന്നാല്‍ ഇയാള്‍ക്ക് പെട്ടെന്നുണ്ടായ അക്രമവാസനയ്ക്ക് പിന്നിലെ മറ്റ് രാഷ്ട്രീയ, തീവ്രവാദ ബന്ധങ്ങള്‍ ഉണ്ടോ എന്ന കാര്യവും സുരക്ഷാ ഏജന്‍സികള്‍ സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്.
അതിസുരക്ഷാ മേഖലയായ വിമാന യാത്രയ്ക്കിടെയുണ്ടായ ഇത്തരം പ്രവൃത്തികള്‍ വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. അന്തരീക്ഷത്തില്‍ ഉയര്‍ന്ന ഉയരത്തില്‍ പറക്കുമ്പോള്‍ കാബിനുള്ളിലെ മര്‍ദ്ദം പുറത്തുള്ളതിനേക്കാള്‍ വളരെ കൂടുതലായിരിക്കും. ഇത് വാതിലുകളെ പുറത്തുനിന്നോ അകത്തുനിന്നോ എളുപ്പത്തില്‍ തുറക്കാനാകാത്ത വിധം ശക്തമായി അടച്ചുനിര്‍ത്തും. എന്നാല്‍, ഒരു ഘട്ടത്തില്‍ വാതിലിനോ ജനലിനോ കേടുപാടുകള്‍ സംഭവിച്ച് മര്‍ദ്ദവ്യത്യാസം രൂപപ്പെട്ടാല്‍ കാബിനുള്ളില്‍ ഓക്‌സിജന്റെ അളവ് അതിവേഗം കുറയുകയും, യാത്രക്കാര്‍ക്ക് ശ്വാസമെടുക്കാന്‍ സാധിക്കാതെ വലിയ ദുരന്തത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്യുമായിരുന്നു. ഭാഗ്യവശാല്‍ ജനല്‍ പാനലിന് മാത്രമാണ് കേടുപാട് സംഭവിച്ചത്.
സംഭവത്തെ തുടര്‍ന്ന് വിമാനക്കമ്പനിയായ ബാത്തിക് എയറും നിയമപരമായ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ജംഷീര്‍ അടിച്ചുതകര്‍ത്ത ജനല്‍ പാനലിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് വിമാനം റണ്‍വേയില്‍ നിര്‍ത്തിയിട്ട് വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ വിശദമായ സാങ്കേതിക പരിശോധനയും അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കി. വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കി വിമാനം പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് മടക്ക സര്‍വീസിനായി പുറപ്പെടാന്‍ അനുമതി നല്‍കിയത്. തുടര്‍ന്ന് സര്‍വീസ് പുനരാരംഭിച്ചു.
https://www.facebook.com/Malayalivartha

























