സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ കൊലപാതകം: അപകടസമയത്ത് ബഷീർ ധരിച്ചിരുന്ന വസ്ത്രങ്ങൾ വിചാരണവേളയിൽ തിരിച്ചറിഞ്ഞ് സാക്ഷി...

സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള വിചാരണവേളയിൽ ബഷീർ അപകടസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ തിരിച്ചറിഞ്ഞ് ബഷീറിന്റെ സഹപ്രവർത്തകനും പത്താം സാക്ഷിയുമായ ശ്രീജിത്ത് എസ്. ബഷീർ അപകട സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ വിചാരണ വേളയിൽ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് സാക്ഷി തിരിച്ചറിഞ്ഞത്. 2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരുമണിയോടടുത്താണ് സംഭവം നടന്നതെന്നും സാക്ഷി മൊഴി നല്‍കി. അപകടസമയത്ത് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്നും വാഹനത്തിന്റെ ഉടമ വഫയാണെന്നും അറിഞ്ഞിരുന്നതായി സാക്ഷി മൊഴി നൽകി.
ഈ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ മൊഴി നൽകിയിരുന്നതായും സാക്ഷി വ്യക്തമാക്കി. അപകട സ്ഥലത്ത് ഇടിയുടെ ആഘാതത്തിൽ ബഷീറിന്റെ ബൈക്ക് പബ്ലിക് ഓഫീസിന്റെ മതിലിൽ കുത്തിച്ചാരി വെച്ച നിലയിലായിരുന്നുവെന്നും അപകടമുണ്ടാക്കിയ കെ എൽ 01 ബി എം 360 വെന്റോ കാർ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നതായും പത്താം സാക്ഷി മൊഴി നൽകി. ഇന്നലെ നടന്ന സാക്ഷികളുടെ വിചാരണവേളയിൽ മൃതദേഹ പോസ്റ്റ്മോർട്ട സമയം സാക്ഷികളായ സുൽഫിക്കർ, നവാസുദ്ദീൻ, സുബൈർ ഖാൻ എന്നിവരുടേയും മൊഴിയും രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha


























