ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍

ഉദ്ഘാടനത്തിനെത്തിയ സുരേഷ് ഗോപി ഔദ്യോഗിക വാഹനം കാണാത്തതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറി യാത്ര ചെയ്തു. ആലപ്പുഴയിലായിരുന്നു സംഭവം. നേരത്തേ മണ്ണാറശാലയിലും തൃശൂരിലും ഔദ്യോഗിക വാഹനം കാണാത്തതിനെത്തുടര്‍ന്ന് സുരേഷ് ഗോപി ഓട്ടോറിക്ഷയില്‍ യാത്രചെയ്തിരുന്നു.
ആലപ്പുഴയിലെ സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു സുരേഷ് ഗോപി. ചടങ്ങുകഴിഞ്ഞ് പോകാനായി പുറത്തിറങ്ങിയ സുരേഷ് ഗോപി താന്‍ ചടങ്ങിന് വന്നിറങ്ങിയ സ്ഥലത്ത് ഔദ്യോഗിക വാഹനം കാണാതായതോടെയാണ് സമീപത്തെ സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടോപിടിച്ച് താമസിക്കുന്ന ഹോട്ടലിലേക്ക് പോയത്. ഓട്ടോയില്‍ കയറാന്‍ തുടങ്ങുന്ന സുരേഷ് ഗോപിയോട് ഔദ്യോഗിക വാഹനം തൊട്ടപ്പുറത്തുണ്ടെന്നും അതുടനെ എത്തുമെന്നും പറഞ്ഞെങ്കിലും അതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ ഓട്ടോയില്‍ത്തന്നെ ഹോട്ടലിലേക്ക് പോവുകയായിരുന്നു.രണ്ട് പൊലീസ് ജീപ്പുകളുടെ അകമ്പടിയോടെയായിരുന്നു സുരേഷ് ഗോപിയുടെ ഓട്ടോയാത്ര.
സുരേഷ് ഗോപി എത്തുന്നതിനാല്‍ ഉദ്ഘാടനച്ചടങ്ങിന് വന്‍ ജനക്കൂട്ടമുണ്ടായിരുന്നു. ഓട്ടോയില്‍ യാത്രചെയ്യുന്ന സുരേഷ് ഗോപിയോട് സംസാരിക്കാനും അദ്ദേഹത്തെ സ്പര്‍ശിക്കാനും ചിലര്‍ ശ്രമിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം.
ഉദ്ഘാടന സ്ഥലത്തെ വലിയ ജനത്തിരക്കും സമീപത്തുള്ള കോടതിപ്പാലത്തിന്റെ നിര്‍മാണത്തെത്തുടര്‍ന്ന് പ്രദേശത്ത് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണവുമാണ് ഔദ്യോഗിക വാഹനം വൈകിയെത്താന്‍ കാരണമായത്. താമസസ്ഥലത്ത് എത്തിയ ശേഷം സുരേഷ് ഗോപി ഔദ്യോഗിക വാഹനത്തില്‍ തന്നെ യാത്രതുടര്‍ന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha

























