ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ സഹകരണ സംഘങ്ങളെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാന ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ സംഘങ്ങള്‍ ഒഴിവാക്കി ദേശസാത്കൃത ബാങ്കുകള്‍ വഴി നേരിട്ട് വിതരണം ചെയ്യുന്നതില്‍ വിശദീകരണവുമായി സര്‍ക്കാര്‍. വിതരണം ചെയ്യാതെ ശേഷിക്കുന്ന തുകകള്‍ സമയബന്ധിതമായി തിരിച്ചടയ്ക്കുന്നതിലെ കാലതാമസം, സേവന പോര്‍ട്ടലിലെ രേഖപ്പെടുത്തലുകളിലെ പൊരുത്തക്കേടുകള്‍, അര്‍ഹതയില്ലാത്തവര്‍ക്കോ ഒരേ വ്യക്തിക്ക് ഒന്നിലധികം തവണയോ പെന്‍ഷന്‍ ലഭിക്കുന്ന സാഹചര്യം എന്നിവ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഡി.ബിടി നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കാത്തത് മൂലം കേന്ദ്ര ധന സഹായമടക്കം നഷ്ടപെടുന്ന സാഹചര്യം ഒഴിവാക്കാനാണ് നടപടിയെന്നും സര്‍ക്കാരിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കുന്നു.
പൂര്‍ണമായും കിടപ്പുരോഗികളായ ഗുണഭോക്താക്കള്‍ക്ക് ഒഴികെ മറ്റെല്ലാ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കും പെന്‍ഷന്‍ ഇനി ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തിക്കും എന്നാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സംവിധാനത്തിലൂടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് പെന്‍ഷന്‍ നല്‍കാനാണ് പദ്ധതി. നിലവില്‍ സഹകരണ സംഘങ്ങള്‍ മുഖേന വീടുകളിലെത്തി പെന്‍ഷന്‍ വിതരണം ചെയ്യുന്ന രീതിയാണുള്ളത്.
https://www.facebook.com/Malayalivartha

























