കുട്ടനാടൻ പാടശേഖരങ്ങളിൽ നെൽകൃഷി ഒഴിവാക്കി മത്സ്യകൃഷി മാത്രം നടത്തുന്ന രീതിയെ ശക്തമായി എതിർക്കും; കാർഷിക മേഖലയിൽ ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങളെ വിലയിരുത്തുവാൻ സ്പെഷ്യൽ ഡ്രൈവ് നടത്തി 20 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ്

അതിശക്തമായ മഴയിൽ കാർഷിക മേഖലയിൽ ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങളെ വിലയിരുത്തുവാൻ സ്പെഷ്യൽ ഡ്രൈവ് നടത്തി 20 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിനു ശേഷം
കെ സി വേണുഗോപാൽ എം പി കളക്ട്രേറ്റിൽ വിളിച്ചു ചേർത്തജില്ലാതല അവലോകനയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. റീസർവ്വേക്ക് ശേഷം ഭൂനികുതി അടക്കുവാൻ കഴിയാത്ത കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ കിട്ടാത്ത സാഹചര്യമുണ്ട്.
അത് പരിഹരിക്കാനാവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് മന്ത്രി പറഞ്ഞു. ബണ്ടുകൾ ശക്തിപ്പെടുത്താനാവശ്യമായ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കി വരും വർഷങ്ങളിൽ മടവീഴ്ച ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുമെന്ന് മന്ത്രി പറഞ്ഞു. ബണ്ടുകൾ ശക്തിപ്പെടുത്തുന്നതിന് തണ്ണീർത്തട നിയമത്തിൻ്റെ ഭാഗമായുള്ള ചില തടസങ്ങൾ നിലവിലുണ്ട്. ആവശ്യമെങ്കിൽ അതിൽ ഭേദഗതി വരുത്തുവാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടനാടൻ പാടശേഖരങ്ങളിൽ നെൽകൃഷി ഒഴിവാക്കി മത്സ്യകൃഷി മാത്രം നടത്തുന്ന രീതിയെ ശക്തമായി എതിർക്കുമെന്നും മന്ത്രി പറഞ്ഞു. കാലവർഷ കെടുതി മൂലം കുട്ടനാട്ടിൽ വർഷാവർഷം ഉണ്ടാകുന്ന വെള്ളപ്പൊക്കം ശാശ്വതമായി പരീഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി അടുത്ത മാസം വിവിധ വകുപ്പുകളുടെ യോഗം ആലപ്പുഴയിൽ വിളിച്ചുചേർക്കുമെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha
























