സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു

പിറവത്ത് സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി ഗുരുതരമായി പൊള്ളലേറ്റ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു. പിറവം കക്കാട് സ്വദേശി അരുണ്‍ പ്രകാശാണ് (31) കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരവേ മരിച്ചത്. ഗള്‍ഫില്‍നിന്നെത്തിയ സുഹൃത്ത് ഫോണ്‍ എടുക്കാതിരുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലായിരുന്നു അരുണിനു പൊള്ളലേറ്റത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ അരുണിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സംഭവത്തില്‍ അരുണിന്റെ സുഹൃത്തുക്കളായ ജിഷ്ണു, ചന്ദനു, സല്‍ബറിന്‍, എന്നിവര്‍ക്കെതിരെ പിറവം പൊലീസ് വധശ്രമത്തിനു കേസെടുത്തിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ 12.15നും 1.30നും ഇടയില്‍ പിറവം സ്‌നേഹഭവന്‍ റോഡിലെ കൊച്ചുപള്ളി ഗ്രൗണ്ടിനു സമീപമാണ് സംഭവമുണ്ടായത്. മറ്റ് സുഹൃത്തുക്കളോട് സംസാരിച്ചുനില്‍ക്കുകയായിരുന്ന അരുണിനെ ജിഷ്ണു ഫോണില്‍ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ കൈയില്‍ കരുതിയിരുന്ന പ്ലാസ്റ്റിക് കുപ്പിയിലെ പെട്രോള്‍ ജിഷ്ണു അരുണിന്റെ ശരീരത്തിലേക്ക് ഒഴിക്കുകയും ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുകയുമായിരുന്നു. ആക്രമണത്തിനിടെ ജിഷ്ണുവിന്റെ കൈകള്‍ക്കും പൊള്ളലേറ്റു. ഇയാളും പൊലീസ് നിരീക്ഷണത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഗള്‍ഫില്‍നിന്ന് അടുത്തിടെ എത്തിയ ജിഷ്ണു സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്നതിനിടെ അരുണ്‍ തുടര്‍ച്ചയായി ഫോണില്‍ വിളിച്ചിരുന്നു. ഫോണ്‍ എടുക്കാതിരുന്നതിനെത്തുടര്‍ന്ന് അരുണ്‍ വീണ്ടും വിളിച്ചപ്പോള്‍ ജിഷ്ണുവിന്റെ രണ്ടാനമ്മയാണ് ഫോണ്‍ എടുത്തത്. എന്നാല്‍ ജിഷ്ണുവാണെന്ന് തെറ്റിദ്ധരിച്ച് അരുണ്‍ ഫോണിലൂടെ തെറിവിളിച്ചു. ഇതാണ് പിന്നീട് പെട്രോളൊഴിച്ചുള്ള ആക്രമണത്തില്‍ കലാശിച്ചത് എന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. സ്‌കൂട്ടറില്‍ ഒഴിക്കാനാണെന്ന വ്യാജേനയാണ് പെട്രോള്‍ വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























