പാങ്ങപ്പാറ കൊലപാതകത്തില്‍ ഒന്നാം പ്രതിക്കൊപ്പം അഭിരാം പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

പാങ്ങപ്പാറയില്‍ കൊല്ലപ്പെട്ട അഭിരാമും ഒന്നാം പ്രതിയായ പതിനേഴുകാരനും സംഭവത്തിന് മുന്‍പ് ഒരുമിച്ച് നടന്നു പോകുന്നതിന്റെ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത്. നവംബര്‍ 1 ഞായര്‍ ഉച്ചയ്ക്ക് 3.53നുള്ള ദൃശ്യമാണ് പൊലീസിനു ലഭിച്ചത്. കൊല നടന്ന സ്ഥലത്തിനു സമീപത്തുള്ള വീടിനു മുന്നിലൂടെ ഇവര്‍ സംസാരിച്ചുകൊണ്ടു പോകുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.
രണ്ടാംപ്രതി ഉമര്‍ ഇവര്‍ക്കൊപ്പമില്ല. ഒന്നാം പ്രതിയായ പതിനേഴുകാരനാണ് പാങ്ങപ്പാറയിലേക്ക് അഭിരാമിനെ വിളിച്ചുവരുത്തിയത്. തുടര്‍ന്ന്, കൊലപാതകം നടന്ന കാടുപിടിച്ച പറമ്പിലേക്കു കൊണ്ടുപോയെന്ന് പൊലീസ് പറയുന്നു. ഈ സ്ഥലത്തിനടുത്തുള്ള വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും അതിലൊന്നും ഉമറിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൃത്യമായ ആസൂത്രണത്തോടെയാണ് ഉമര്‍ സിസിടിവി ഒഴിവാക്കി അവിടേക്ക് എത്തിയതെന്നാണു പൊലീസ് കരുതുന്നത്.
ഒന്നാം പ്രതിയായ പതിനേഴുകാരന് അഭിരാമിനെ സ്ഥലത്ത് എത്തിച്ചശേഷം ഉമറും അവിടെയെത്തിയെന്നു പൊലീസ് കരുതുന്നു. പിന്നീട് സുഹൃത്തിനെ വിളിച്ചുവരുത്താന്‍ ആവശ്യപ്പെട്ടു. സുഹൃത്ത് വരാന്‍ വിസമ്മതിച്ചതോടെ അഭിരാമിനെ ഇരുവരും ചേര്‍ന്നു കൊന്നുവെന്നാണ് പൊലീസ് പറയുന്നത്.
കൃത്യം നടന്നപ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നില്ലെന്നാണ് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ഉമര്‍ കരഞ്ഞുകൊണ്ടു പറഞ്ഞത്. അഭിരാമിനെ അറിയില്ലെന്നും ഒന്നാം പ്രതിയായ പതിനേഴുകാരനെ മാത്രമേ പരിചയമുള്ളൂവെന്നും ഉമര്‍ പറയുന്നു. എന്നാല്‍ പൊലീസ് ഇതു വിശ്വാസത്തിലെടുത്തിട്ടില്ല. ഒന്നാം പ്രതിയുടെ മുന്‍ കാമുകിയും അഭിരാമിന്റെ സുഹൃത്തും തമ്മിലുള്ള ബന്ധത്തെ അഭിരാം പ്രോത്സാഹിപ്പിച്ചതിലുള്ള വൈരാഗ്യവും, കേസിലെ മൂന്നാം പ്രതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചോര്‍ന്നതിലെ തര്‍ക്കവും കൊലയ്ക്കു കാരണമായെന്നാണ് പൊലീസിന്റെ നിഗമനം.
https://www.facebook.com/Malayalivartha
























