'അക്കാലത്ത് എനിക്ക് പുറത്തിറങ്ങാന്‍ കഴിയുമായിരുന്നില്ല. എവിടെപ്പോയാലും ജനം വന്ന് കാല്‍തൊട്ട് വണങ്ങും
'അക്കാലത്ത് എനിക്ക് പുറത്തിറങ്ങാന്‍ കഴിയുമായിരുന്നില്ല. എവിടെപ്പോയാലും ജനം വന്ന് കാല്‍തൊട്ട് വണങ്ങും. സ്ത്രീകള്‍ ആരതി ഉഴിയും. ആളുകളുടെ ഭക്തിമൂലം ഞാന്‍ ഒളിച്ചു നടന്നിട്ടുപോലമുണ്ട്. അവര്‍ എന്നെ ശരിക്കും ശ്രീരാമനായിട്ടാണ് കണ്ടത്'- 1987 ജനുവരി 25 മുതല്‍ 1988 ജൂലൈ 31 വരെയാണ് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത രാമായണം ടെലിവിഷന്‍ പരമ്പരയില്‍ ശ്രീരാമനായി വേഷമിട്ട നടന് അരുണ്‍ഗോവില്‍ പറഞ്ഞകാര്യമാണിത്. രാമായണം സംപ്രേഷണം ചെയ്യുന്ന ഞായറാഴ്ച രാവിലെ 9.30ന് ഉത്തരേന്ത്യയിലെ തെരുവുകള്‍ വിജനമാവും. ഓട്ടോയും ടാക്സിയും പോലും കിട്ടാത്ത സമയമായിരുന്നു അത്. കേവലം ഒരു വിനോദ പരിപാടിയായിട്ടല്ല ഉത്തരേന്ത്യയിലെ ആളുകള്‍ ഇതിനെ കണ്ടിരുന്നത്. സീരിയല്‍ തുടങ്ങുന്നതിന് മുന്‍പ് ആളുകള്‍ കുളിച്ച് ശുദ്ധിയായി, ടിവിക്ക് മുന്നില്‍ നിലവിളക്ക് കൊളുത്തുകയും, ചന്ദനത്തിരി കത്തിക്കുകയും, സ്ക്രീനിലെ രാമന്റെയും സീതയുടെയും ദൃശ്യങ്ങളില്‍ പൂക്കള്‍ അര്‍പ്പിക്കുകയും ചെയ്യുമായിരുന്നു
രാമായണം ഇന്ന് ഇന്ത്യയില്‍ പുരാണം മാത്രമല്ല. സങ്കീര്‍ണ്ണമായ ഒരു പൊളിറ്റിക്കല്‍ ഐഡിയോളജി കൂടിയാണ്. ഹിന്ദുത്വരാഷ്ട്രീയ ശക്തികളുടെ വളര്‍ച്ചക്ക് ഏറ്റവും കൂടുതല്‍ ഉപകരിച്ചത്, ദൂര്ദര്ശനിലുടെ സംപ്രേഷണം ചെയ്യപ്പെട്ട രാമായണം, മഹാഭാരതം, ജയ്ഹനുമാന്‍ തുടങ്ങിയ സീരിയലുകളായിരുന്നുവെന്ന് പില്ക്കാലത്ത് പഠനങ്ങള്‍ വന്നിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കുശേഷം ആധുനിക സാങ്കേതിക വിദ്യകളോടെ ഒരു രാമായണം സിനിമ ലോകം കീഴടക്കുകയാണ്. നാലായിരം കോടി മുടക്കിയാണ് രണ്ടുഭാഗങ്ങളുള്ള ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ദംഗല്‍ സംവിധായകന് നിതീഷ് തിവാരിയെടുത്ത, 'രാമായണം പാര്‍ട്ട് 1 - റൈസ് ഓഫ് ലെജണ്ട്' എന്ന സിനിമ, ലോര്ഡ്ഓഫ് ദ റിങ്ങ്സിനോടും, അവതാറിനോടുമൊക്കെ കിടപിടിക്കുന്ന ആധുനിക കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യകള്‍ വിളക്കിച്ചേര്‍ത്ത് ഒരു ലോകോത്തര സിനിമയാണെന്നാണ് നിരൂപകര്‍ വാഴ്ത്തുന്നത്.
https://www.facebook.com/Malayalivartha
























