തൊഴില്‍ മേഖലയിലെ പുതിയ പ്രവണതകള്‍ നിരീക്ഷിക്കാന്‍ 'ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍' പദ്ധതിയുമായി കേരളം

'റീഇമാജിനിങ് കേരളം' സംരംഭത്തിന് കീഴില്‍ സംഘടിപ്പിച്ച റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം ഉയര്‍ന്നുവന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ അധ്യക്ഷത വഹിച്ച സെഷനില്‍ ഡോ. ബി. അശോക് ,ജോണി എഡ്വേര്‍ഡ് എന്നിവരും പങ്കെടുത്തു.
കേരള നോളജ് എക്കോണമി മിഷന് കീഴില്‍ കെ-ഡിസ്ക് നടപ്പിലാക്കുന്ന ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്‍റ് സിസ്റ്റത്തിന്‍റെ ഭാഗമായുള്ള ഒരു 'ഇന്‍റലിജന്‍സ് ലെയര്‍' അഥവാ വിവര വിശകലന സംവിധാനമായാണ് ജോബ് വാച്ച് ടവര്‍ പ്രവര്‍ത്തിക്കുക.
തൊഴില്‍ ആവശ്യകത, യോഗ്യത, നൈപുണ്യ ആവശ്യങ്ങള്‍, തൊഴില്‍ തേടിയുള്ള കുടിയേറ്റം, ആഭ്യന്തര-ആഗോള തൊഴില്‍ വിപണികളിലെ മാറ്റങ്ങള്‍ എന്നിവ ഈ പ്ലാറ്റ്‌ഫോം നിരീക്ഷിക്കും. സര്‍വകലാശാലകള്‍, പരിശീലന ഏജന്‍സികള്‍, നൈപുണ്യ വികസന ഏജന്‍സികള്‍, തൊഴിലുടമകള്‍, തൊഴിലന്വേഷകര്‍, കരിയര്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനായി നിരീക്ഷണ വിവരങ്ങള്‍ ഉപയോഗിക്കും.
ഉന്നത വിദ്യാഭ്യാസ- ഐടി വകുപ്പുകള്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കെ-ഡിസ്ക് , നോര്‍ക്ക, അസാപ് കേരള, സംസ്ഥാന ആസൂത്രണ ബോര്‍ഡ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും ഐബിഎം, തിങ്കര്‍ഹബ് തുടങ്ങിയ കമ്പനികളുടെയും വ്യവസായ-വിദ്യാഭ്യാസ മേഖലകളുടെയും സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്‍റെയും പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
നിലവിലുള്ളതും അറിയപ്പെടുന്നതുമായ തൊഴിലുകള്‍, നിലവിലുണ്ടെങ്കിലും തിരിച്ചറിയപ്പെടാത്തവ, അറിയപ്പെടുന്നതും എന്നാല്‍ ഇനിയും യാഥാര്‍ത്ഥ്യമാകാത്തവ, അറിയപ്പെടാത്തതും നിലവിലില്ലാത്തതുമായ ഭാവി തൊഴിലുകള്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലുള്ള തൊഴില്‍ അവസരങ്ങള്‍ സിസ്റ്റം നിരീക്ഷിക്കണമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക നിര്‍ദേശിച്ചു.
പരമ്പരാഗത മേഖലകളിലെ പുതിയ തൊഴില്‍ സാധ്യതകളെക്കുറിച്ച് യോഗം വിലയിരുത്തി. ഡാറ്റാ സെന്‍ററുകളുടെയും ഗ്ലോബല്‍ കേപ്പബിലിറ്റി സെന്‍ററുകളുടെയും വളര്‍ച്ച കാരണം ഇലക്ട്രീഷ്യന്‍മാര്‍, ഫിറ്റര്‍മാര്‍ തുടങ്ങിയ സാങ്കേതിക ജോലിക്കാര്‍ക്ക് ഉയര്‍ന്ന ശമ്പളമുള്ള പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, മറ്റ് വിഭാഗങ്ങള്‍ എന്നിവര്‍ക്കായി തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിന്‍റെ പ്രാധാന്യം ചര്‍ച്ച ഉയര്‍ത്തിക്കാട്ടി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നിലവിലുള്ള പല തൊഴിലുകളിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഡി.ഡബ്ല്യു.എം.എസ് പ്ലാറ്റ് ഫോമില്‍ നിലവില്‍ 20 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികളും 7,000 തൊഴിലുടമകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലിങ്ക്ഡ്ഇന്‍, ഫൗണ്ട്ഇറ്റ് എന്നിവ വഴി 54 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ ഇതില്‍ സമാഹരിച്ചിട്ടുണ്ടെന്നും കെ.ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.എം. റിയാസ് പറഞ്ഞു.
27 നൈപുണ്യ വികസന ഏജന്‍സികള്‍ നല്‍കുന്ന ഏകദേശം 800 പ്രോഗ്രാമുകളും ഈ പ്ലാറ്റ് ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ഏകദേശം 4,000 പേര്‍ സജീവമായി തൊഴില്‍ തേടുന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിലെ ബിരുദധാരികളെ അപേക്ഷിച്ച് തൊഴില്‍ ലഭിക്കാന്‍ കൂടുതല്‍ യോഗ്യതയുള്ള ബിരുദധാരികളെയാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സംവിധാനം സൃഷ്ടിക്കുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.
ആഗോളതലത്തിലുള്ള തൊഴില്‍ കുടിയേറ്റം, അന്താരാഷ്ട്ര നൈപുണ്യ വികസന പരിപാടികള്‍ എന്നിവയിലും ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളുടെ തൊഴില്‍ യോഗ്യതയും സാധ്യതകളും മെച്ചപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര തൊഴില്‍ വിപണിക്ക് അനുയോജ്യമായ ഭാഷാ-സാംസ്കാരിക പരിശീലനങ്ങള്‍ നല്‍കി കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനാകുമെന്നും അവര്‍ പറഞ്ഞു.
ചിട്ടയായ ആഗോള തൊഴില്‍ കുടിയേറ്റ മാര്‍ഗ്ഗത്തിന് ഉദാഹരണമാണ് കേരളത്തില്‍ നിന്ന് ജര്‍മ്മനിയിലേക്കുള്ള നഴ്സിംഗ് പ്രോഗ്രാം. ജര്‍മ്മനിയില്‍ നേരിട്ട് ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പായി കേരളത്തില്‍ വെച്ച് വയോജന പരിചരണം, ജര്‍മ്മന്‍ ഭാഷ, സാംസ്കാരിക അവബോധം എന്നിവയില്‍ നഴ്സുമാര്‍ക്ക് പരിശീലനം നല്‍കുകയും ഇരു സര്‍ക്കാരുകളും അംഗീകരിക്കുന്ന സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുകയും ചെയ്യുന്നു.
തൊഴില്‍ ലഭിച്ചതിന് ശേഷമുള്ള സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനുള്ള മികച്ച സംവിധാനങ്ങളുടെ ആവശ്യകതയും തൊഴില്‍ വിപണിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന് ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കേണ്ടതിന്‍റെ പ്രാധാന്യവും പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. "
https://www.facebook.com/Malayalivartha

























