അമൃതകീര്‍ത്തി പുരസ്‌ക്കാരം അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയ്ക്ക്

മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള അര്‍ഹനായി. 1,23,456 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പന ചെയ്ത സരസ്വതീ ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം.
മാതാ അമൃതാനന്ദമയി മഠത്തിന്റെ വിശ്വസേവാ ദിനാഘോഷങ്ങളുടെ ഭാഗമായി സെപ്തംബര്‍ 26ന് വൈകീട്ട് കൊല്ലം അമൃതപുരി അമൃതവിശ്വവിദ്യാപീഠം ക്യാംപസില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ആദ്ധ്യാത്മിക, വൈജ്ഞാനിക, ശാസ്ത്ര രംഗങ്ങളിലെ പ്രഗത്ഭര്‍ക്ക് 2001 മുതല്‍ അമൃതകീര്‍ത്തി പുരസ്‌ക്കാരം നല്‍കിവരുന്നു. അമൃതസ്വരൂപാനന്ദ പുരി അദ്ധ്യക്ഷനും ഡോ. കെ. എസ്. രാധാകൃഷ്ണന്‍, ഡോ. എം. ലക്ഷ്മീകുമാരി, തുരീയാമൃതാനന്ദ പുരി എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് പുരസ്‌ക്കാര നിര്‍ണ്ണയം നടത്തിയത്.
ഭാരതീയ തത്ത്വചിന്തയിലും ആദ്ധ്യാത്മികതയിലും അഗാധമായ ജ്ഞാനമുള്ള വ്യക്തിയാണ് ശ്രീധരന്‍ പിള്ള. ഈശ്വരനും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പരസ്പര ബന്ധമാണ് ആദ്ധ്യാത്മികതയുടെ കാതല്‍ എന്ന വീക്ഷണം അദ്ദേഹത്തിന്റെ ജീവിതത്തിലും എഴുത്തുകളിലും പ്രസംഗങ്ങളിലുമെല്ലാം തെളിഞ്ഞു കാണാമെന്ന് തുരീയാമൃതാനന്ദപുരി പറഞ്ഞു. നിയമരാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും ഭരണഘടന പദവി വഹിക്കുമ്പോഴും സാഹിത്യ വൈജ്ഞാനിക മേഖലകളില്‍ അഡ്വ ശ്രീധരന്‍പിള്ള നടത്തിയ ഇടപെടലുകള്‍ ഏറെ പ്രസംശനീയമാണ്. കവിത, പ്രബന്ധങ്ങള്‍, നിയമവിഷയങ്ങള്‍, യാത്ര വിവരണങ്ങള്‍, രാഷ്ട്രീയ വിശകലനങ്ങള്‍, ആദ്ധ്യാത്മിക ദാര്‍ശിനിക കാഴ്ചപ്പാടുകള്‍ എന്നിങ്ങനെ സമൂഹത്തിന്റെ സമസ്ത മേഖലകളെയും പരാമര്‍ശിക്കുന്ന 270 പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് അഡ്വ. ശ്രീധരന്‍പിള്ള.
https://www.facebook.com/Malayalivartha
























