സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് നാലുമുതൽ ആറുവരെ ഇടിമിന്നലോട് കൂടിയ മഴക്കും മണിക്കൂറിൽ 40 - 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാലിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, അഞ്ചിന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, ആറിന് ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ദക്ഷിണേന്ത്യയിൽ ഒക്ടോബർ രണ്ടാം പകുതിയോടെ വടക്കുകിഴക്കൻ മൺസൂൺ സജീവമാകുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി) വിലയിരുത്തൽ. ഒക്ടോബർ 15നും 21നും ഇടയിൽ വടക്കുകിഴക്കൻ മൺസൂൺ എത്താൻ സാധ്യതയേറെയാണ്.
തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ, തീരദേശ ആന്ധ്രപ്രദേശ്, റായലസീമ, കേരളം, തെക്കൻ ഉൾപ്രദേശ കർണാടക എന്നിവിടങ്ങളിൽ ഒക്ടോബർ-ഡിസംബർ കാലയളവിൽ സാധാരണ മഴ ലഭിക്കുമെന്നാണ് പ്രവചനത്തിലുള്ളത്.
ദക്ഷിണ ഉപദ്വീപിലെ വാർഷിക മഴയുടെ ഏകദേശം 30 ശതമാനം വടക്കുകിഴക്കൻ മൺസൂണിലൂടെയാണ് ലഭിക്കുന്നത്. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ മേഖലകളിൽ വാർഷിക മഴയുടെ ഏകദേശം 48 ശതമാനവും ഈ കാലയളവിലാണ് ലഭിക്കുന്നത്. ഒക്ടോബറിൽ രാജ്യത്തെ മഴ ദീർഘകാല ശരാശരിയുടെ 85 ശതമാനത്തിൽ താഴെയാകുമെന്നാണ് പ്രവചനം.
അതേസമയം, രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പരമാവധി താപനില സാധാരണയേക്കാൾ ഉയർന്നേക്കും. ഒക്ടോബർ ആദ്യവാരത്തിൽ കിഴക്കൻ, തെക്കൻ, വടക്കുകിഴക്കൻ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിക്കാനും ചിലയിടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയേറെയാണ്.
"
https://www.facebook.com/Malayalivartha























