പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി

പരമ്പരാഗത രീതികൾക്കപ്പുറം പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിന് സർക്കാർ മുൻഗണന നൽകുന്നതായി വ്യവസായ, വാണിജ്യ, ഐടി, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വളർന്നുവരുന്ന സാങ്കേതികവിദ്യകൾ യുവാക്കളുടെ പ്രയോജനത്തിനായി വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ടെക്നോപാർക്ക് ഫേസ് വണ്ണിൽ ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അർഹരായ സ്ഥാപനങ്ങൾക്ക് രജിസ്റ്റർ ചെയ്ത് അഫിലിയേറ്റഡ് നെറ്റ് വർക്കിൻറെ ഭാഗമാകുന്നതിനുമുള്ള ഡിജിറ്റൽ സംവിധാനമായ ടെക് കേരളം വെബ്സൈറ്റും ചടങ്ങിൽ മന്ത്രി ഉദ്ഘാടനം ചെയ്തു. വി. മുരളീധരൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
കമ്പനികൾ, കോ-വർക്കിംഗ് സ്പേസുകൾ, സ്വകാര്യ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ സംസ്ഥാനതലത്തിലുള്ള സാങ്കേതിക ശൃംഖലയുടെ ഭാഗമാക്കുകയാണ് ഐടി പാർക്ക്സ് അഫിലിയേഷൻ സ്കീമിൻറെയും ടെക് കേരളം ബ്രാൻഡിൻറെയും ലക്ഷ്യം. ഇതിലൂടെ പുതിയ സാങ്കേതിക മേഖലകളിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനാണ് ശ്രമം.
സാങ്കേതികവിദ്യയുടെ എല്ലാ മേഖലകൾക്കും സർക്കാർ മുൻഗണന നൽകുമെന്നും ഓരോ മേഖലയുടെയും വികസനത്തിനായി ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് നിരവധി ഐടി പാർക്കുകളും പുതിയ സാങ്കേതികവിദ്യകൾ എളുപ്പത്തിൽ സ്വീകരിക്കാൻ കഴിയുന്ന വിദ്യാഭ്യാസമുള്ള യുവാക്കളുമുണ്ട്. അവർക്ക് ആവശ്യമായ പിന്തുണയും സാങ്കേതിക പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങളും നൽകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ഐടി പാർക്കുകളെയും സംസ്ഥാനത്തിൻറെ സാങ്കേതിക ശൃംഖലയുടെ ഭാഗമാക്കുകയാണ് അഫിലിയേഷൻ സ്കീമിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലേക്ക് കൂടുതൽ കമ്പനികളെയും നിക്ഷേപകരെയും ആകർഷിക്കാൻ ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
മാനവവിഭവശേഷി, മികച്ച ജീവിത സാഹചര്യങ്ങൾ, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കേരളത്തിൻറെ ശക്തികളാണെന്ന് വി. മുരളീധരൻ എംഎൽഎ പറഞ്ഞു. ഇവ പ്രയോജനപ്പെടുത്തി ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിക്ഷേപം ആകർഷിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗത ഐടി വികസനത്തിനപ്പുറമുളള വിശാലമായ കാഴ്ച്ചപ്പാടാണ് ടെക് കേരളം മുന്നോട്ടുവയ്ക്കുന്നതെന്ന് ഐടി, എഐ, ഫ്യൂച്ചർ ടെക്നോളജീസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു പറഞ്ഞു. സാങ്കേതിക കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, നിക്ഷേപകർ, വ്യവസായ പങ്കാളികൾ എന്നിവയെ ഒരൊറ്റ ശൃംഖലയിൽ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഗ്ലോബൽ കേപ്പബിലിറ്റി സെൻററുകളെ ആകർഷിക്കുന്നതിനായി പ്രധാനപ്പെട്ട മേഖലകൾ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുക, ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന വ്യവസായങ്ങൾ വളർത്തുക, മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
'കേരള സ്റ്റേറ്റ് ഐടി മിഷനെ' 'കേരള സ്റ്റേറ്റ് ഡിജിറ്റൽ ടെകനോളജി മിഷനായി' മാറ്റുമെന്ന് സീറാം സാംബശിവ റാവു അറിയിച്ചു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതിക വിദ്യകൾക്ക് ഇതിൽ പ്രത്യേക പ്രാധാന്യം നൽകും.
ആവാസവ്യവസ്ഥയുടെ വികസനം ഏകോപിപ്പിക്കുക, കേരളത്തെ ആഗോളതലത്തിൽ പ്രചരിപ്പിക്കുക, നിക്ഷേപങ്ങൾ ആകർഷിക്കുക, തന്ത്രപ്രധാനമായ സഹകരണങ്ങൾ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 'ദി ഫ്യൂച്ചർ കോർപ്പറേഷന്' എന്ന പ്രത്യേക സ്ഥാപനം രൂപീകരിക്കുമെന്നും ഇതിന് മന്ത്രിസഭ തത്വത്തിൽ അനുമതി നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ടെക്നോപാർക്ക് സിഇഒ സച്ചിൻ കുമാർ യാദവ് സ്വാഗതവും കേരള ഐടി പാർക്ക്സ് സിഎഫ്ഒ വിപിൻ കുമാർ എസ് നന്ദിയും രേഖപ്പെടുത്തി.
ഇൻഫോപാർക്ക്, സൈബർപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ അഫിലിയേഷൻ പദ്ധതിയെക്കുറിച്ച് അവതരണം നടത്തി. 'ഇൻഡസ്ട്രി പെർസ്പെക്ടീവ്: കേരള ടെക് ആൻഡ് ദി ഐടി പാർക്ക്സ് അഫിലിയേഷൻ സ്കീം' എന്ന വിഷയത്തിൽ സിഐഐ കേരള സ്റ്റേറ്റ് കൗൺസിൽ വൈസ് ചെയർമാൻ സന്തോഷ് കുമാർ സംസാരിച്ചു.
ടെക്നോപാർക്ക് ഫേസ് ത്രീ ക്യാമ്പസിൽ രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള പ്രീ-ഫാബ്രിക്കേറ്റഡ് ഐടി കെട്ടിടവും പൊതു വിനോദ സൗകര്യങ്ങളും ഒരുക്കുന്ന പദ്ധതിക്കും ചടങ്ങിൽ തുടക്കമായി.
ടെക്നോപാർക്ക് ഫേസ് വണ്ണിൽ വരാനിരിക്കുന്ന പദ്ധതിക്കായി ടെക്നോപാർക്കും കാസ്പിയൻ ടെക്പാർക്സും തമ്മിലുള്ള ധാരണാപത്രം ചടങ്ങിൽ കൈമാറി. സെമികോൺ കൺസോർഷ്യത്തിൻറെ പ്രവർത്തനമാരംഭിക്കൽ, മേക്കർ ഹബിൻറെ ഔദ്യോഗിക പ്രഖ്യാപനം എന്നിവയും ഇതോടൊപ്പം നടന്നു.
ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, ആക്സിയ ടെക്നോളജീസിലെ ജിജിമോൻ ചന്ദ്രൻ, ജിടെക് വൈസ് ചെയർപേഴ്സൺ ടീന ജെയിംസ്, വ്യവസായ പ്രമുഖർ, ടെക്നോപാർക്ക് ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
സർക്കാർ ഉടമസ്ഥതയിലുള്ള ഐടി പാർക്കുകൾക്ക് പുറത്തുള്ള അർഹരായ സാങ്കേതിക സ്ഥാപനങ്ങളെയും സംസ്ഥാനതല സാങ്കേതിക ശൃംഖലയുമായി ബന്ധിപ്പിക്കുകയാണ് ഐടി പാർക്ക്സ് അഫിലിയേഷൻ പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ സർക്കാർ, വ്യവസായ മേഖല, മറ്റ് സാങ്കേതിക മേഖലയിലെ പങ്കാളികൾ എന്നിവരുമായി കൂടുതൽ സഹകരിക്കാനും ഇടപെടാനും സ്ഥാപനങ്ങൾക്ക് അവസരം ലഭിക്കും.
സർക്കാർ ഐടി പാർക്കുകൾക്ക് പുറത്തുള്ള അർഹരായ സ്ഥാപനങ്ങൾക്ക് ഐടി പാർക്കുകൾക്ക് ലഭിക്കുന്ന സൗകര്യങ്ങളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താൻ പദ്ധതിയിലൂടെ സാധിക്കും. ലളിതമായ ഓൺലൈൻ സംവിധാനത്തിലൂടെ അർഹരായ സ്ഥാപനങ്ങൾക്ക് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം
സാങ്കേതിക വിദ്യ, നൂതനാശയങ്ങൾ, ഗവേഷണം, സ്റ്റാർട്ടപ്പുകൾ, വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾ എന്നിവയെ ഒരു പൊതു ആവാസവ്യവസ്ഥയ്ക്ക് കീഴിൽ ബന്ധിപ്പിക്കുകയെന്നതാണ് കേരള ടെക് ബ്രാൻഡിൻറെ ലക്ഷ്യം. സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഇതിലൂടെ സാധിക്കും. "
https://www.facebook.com/Malayalivartha
























