മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...

മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു
ഒക്ടോബര്‍ ആറിനാണ് തിരഞ്ഞെടുപ്പ് നടന്നത്. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജി നഗർ, തമിഴ്നാട്ടിലെ മധുരാന്തകം (SC), ധാരാപുരം (SC), പുതുച്ചേരിയിലെ തട്ടാന്‍ചാവടി എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ നാഗോന്‍ ലോക്സഭാ സീറ്റിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
അതേസമയം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അസമിലെ നാഗോണ്‍ ലോക്‌സഭാ സീറ്റില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച പ്രദ്യുത് ബോര്‍ദോലോയി രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് അസമിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്.
പുതുച്ചേരിയില്‍ മുഖ്യമന്ത്രിയും ഓള്‍ ഇന്ത്യ എന്‍.ആര്‍. കോണ്‍ഗ്രസ് അധ്യക്ഷനുമായ എന്‍. രംഗസാമി തട്ടാന്‍ചാവടി നിയമസഭാ മണ്ഡലത്തിലെ അംഗത്വം രാജിവെച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. തട്ടാന്‍ചാവടി, മംഗലം എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്നും വിജയിച്ച അദ്ദേഹം മംഗലം മണ്ഡലം നിലനിര്‍ത്തുകയായിരുന്നു. തട്ടാന്‍ചാവടിയിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
പശ്ചിമ ബംഗാളിലെ ഉപതിരഞ്ഞെടുപ്പ് മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും നിലവിലെ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കും ഒരുപോലെ നിര്‍ണായകമാണ്. സുവേന്ദു അധികാരി ഒഴിഞ്ഞതോടെയാണ് നന്ദിഗ്രാമിലെ ഉപതിരഞ്ഞെടുപ്പ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അദ്ദേഹം രണ്ടിടത്ത് മത്സരിച്ചിരുന്നു.
ഭബാനിപുര്‍ നിലനിര്‍ത്തിയ സുവേന്ദു നന്ദിഗ്രാമിലെ എംഎല്‍എ സ്ഥാനം രാജിവെക്കുകയായിരുന്നു. ഭബാനിപുരില്‍ മമതയെ ആണ് സുവേന്ദു പരാജയപ്പെടുത്തിയത്. 2021-ല്‍ സുവേന്ദു നന്ദിഗ്രാമില്‍ മമതയെ പരാജയപ്പെടുത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പിനിടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്.
തമിഴ്നാട്ടിലെ ഉപതിരഞ്ഞെടുപ്പ് മൂന്ന് മാസംമാത്രം പ്രായമുള്ള വിജയ് സര്‍ക്കാരിന് ആദ്യ പരീക്ഷണമാണ്. തമിഴ്നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റുകളും എഐഎഡിഎംകെയുടെ സിറ്റിങ് സീറ്റുകളാണ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയ്ക്കായി മത്സരിച്ചു ജയിച്ച എംഎല്‍എമാര്‍ രാജിവെച്ച് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പുണ്ടായിരുന്നത്.
"
https://www.facebook.com/Malayalivartha
























