പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...

കേരള മനസ്സാക്ഷിയെ മരവിപ്പിക്കുന്ന മറ്റൊരു ആൾക്കൂട്ട കൊലപാതകം കൂടി പാലക്കാട് സ്ഥിരീകരിച്ചു. മീനാക്ഷിപുരം മൂലത്തറ ഡാമിന് സമീപം കഴിഞ്ഞദിവസം അജ്ഞാതനായ ഭിക്ഷാടകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സംസാരശേഷിയില്ലാത്ത, മാനസിക വെല്ലുവിളികൾ നേരിടുന്ന 40 വയസ്സുകാരനായ യുവാവിനെയാണ് മദ്യലഹരിയിലായിരുന്ന ഏഴംഗ സംഘം ക്രൂരമായി തല്ലിച്ചതച്ചത്. അരക്കിലോമീറ്ററോളം കല്ലെറിഞ്ഞോടിച്ച് വളഞ്ഞിട്ടു മർദ്ദിച്ച പ്രതികൾ, മരണപ്പാച്ചിലിനിടയിൽ കുടിക്കാൻ അല്പം വെള്ളം ചോദിച്ച ആ സാധു മനുഷ്യന്റെ വായയിലേക്ക് കള്ള് ഒഴിച്ചുകൊടുത്തതായും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.
ശരീരത്തിൽ അമ്പതിലധികം മാരക പരിക്കുകളോടെ ചോര വാർന്നാണ് ഇയാൾ മരിച്ചത്. സംഭവത്തിൽ കൊഴിഞ്ഞാമ്പാറ സ്വദേശികളായ 7 യുവാക്കളെ മീനാക്ഷിപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കൊല്ലപ്പെട്ടയാൾ തമിഴ്നാട് സ്വദേശിയാണെന്ന നിഗമനത്തിൽ അന്വേഷണം അയൽസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























