ഒരു സ്കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...

നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ദാരുണമായ മരണത്തിനിടയാക്കിയ ആഡംബര കാർ അപകടക്കേസിലെ പ്രതികളെ അങ്കമാലി മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. ഒന്നാം പ്രതി സുഹൈൽ സജീവ്, ഒപ്പമുണ്ടായിരുന്ന നിനവ്, ജോയൽ, അമീൻ എന്നിവരെയാണ് നാളെ വൈകിട്ട് 5 മണി വരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കോടതിയിൽ പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിൽ കടുത്ത വാദപ്രതിവാദങ്ങളാണ് അരങ്ങേറിയത്.
മനുഷ്യജീവന് അപകടമുണ്ടാകുമെന്ന് ബോധ്യമുണ്ടായിട്ടും പ്രതികൾ മദ്യപിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ചെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചത്. 120 കിലോമീറ്ററിലധികം വേഗതയിലാണ് കാർ പാഞ്ഞതെന്നും, മൂന്ന് ബാറുകളിൽ കയറി മദ്യപിച്ച ശേഷമാണ് ഇവർ യാത്ര തുടർന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽ പൊലിഞ്ഞുപോയ ചെറുപ്പക്കാർക്കും ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷൻ വികാരാധീനരായി കോടതിയെ ഓർമ്മിപ്പിച്ചു.
എന്നാൽ ഈ വാദങ്ങളെ പ്രതിഭാഗം ശക്തമായി എതിർത്തു. അപകടത്തിൽപ്പെട്ട സ്കൂട്ടറിൽ മൂന്ന് പേരുണ്ടായിരുന്നുവെന്നും അവർ ആരും തന്നെ ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നുമുള്ള വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. ഇതാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയതെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കേസിൽ യാതൊരുവിധ ഗൂഢാലോചനയും നടന്നിട്ടില്ലെന്നും, മാദ്ധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണ് പോലീസ് കടുത്ത വകുപ്പുകൾ ചുമത്തി നാടകം കളിക്കുന്നതെന്നും പ്രതിഭാഗം കുറ്റപ്പെടുത്തി. ഇരുഭാഗത്തിന്റെയും വാദങ്ങൾ കേട്ട കോടതി പ്രതിഭാഗത്തിന്റെ തടസ്സവാദങ്ങളെല്ലാം തള്ളിക്കളയുകയും തെളിവെടുപ്പിനായി പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിടാൻ ഉത്തരവിടുകയുമായിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് പൊലീസ് പറയുമ്പോഴും അതിന് തെളിവുകളില്ല. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ഗൂഢാലോചന തെളിവുണ്ടാക്കാനാണ് പൊലീസ് ശ്രമം. കാറിൽ ഒരുമിച്ച് യാത്ര ചെയ്തുവെന്നത് ഗൂഢാലോചനക്ക് തെളിവല്ലെന്നും അതിനാൽ പ്രതികളെ കസ്റ്റഡിയിൽ നൽകരുതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
എന്നാൽ ഇത് കോടതി തള്ളുകയായിരുന്നു. കൂടാതെ അപകടം മാദ്ധ്യമങ്ങൾ ആഘോഷിക്കുകയാണെന്നും മാദ്ധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.എന്നാൽ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷൻ വാദം. 18 വയസ് കഴിഞ്ഞവരാണ് പ്രതികൾ. മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ ഭവിഷ്യത്ത് അറിയാത്തവരല്ല അവരെന്നും പ്രതികളുടെ പ്രായം കുറവാണെന്ന വാദത്തെ എതിർത്തുകൊണ്ട് പ്രോസിക്യൂഷൻ വാദിച്ചു. അപകടത്തിൽ മരിച്ചവരും സമാന പ്രായക്കാരാണെന്നും അവർക്കും സ്വപ്നങ്ങൾ ഉണ്ടായിരുന്നുവെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു.
https://www.facebook.com/Malayalivartha























