ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ഒഡീഷയിലെ കന്ധമാൽ ജില്ലയിൽ ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിനെ ബെർഹാംപൂരിലെ എംകെസിജി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റിലെ സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു. ഇതൊരു അപൂർവ അവസ്ഥയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.ഒരു ശരീരത്തിൽ രണ്ട് തലകളും കഴുത്തുകളുമുള്ള ഈ അവസ്ഥയെ വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്. കുഞ്ഞുങ്ങളുടെ അമ്മ കാന്ധമാൽ ജില്ലയിലെ ടുമുഡിബന്ദ് പ്രദേശവാസിയാണ്.
അച്ഛൻ ദിവസക്കൂലി തൊഴിലാളിയാണെന്നാണ് റിപ്പോർട്ട്. ദമ്പതികളുടെ ആദ്യത്തെ കുഞ്ഞാണിത്. 32 ആഴ്ച മാത്രം വളർച്ചയെത്തിയപ്പോഴാണ് കുട്ടി ജനിച്ചത്. അമ്മയെ വിദഗ്ധ ചികിത്സയ്ക്കായി മാറ്റി.ഒരു ജോടി കൈകളും കാലുകളുമുള്ള ആൺകുട്ടിയാണ് ജനിച്ചത്. കുട്ടിയുടെ ആന്തരികാവയവങ്ങളുടെ ഘടനയും ആരോഗ്യസ്ഥിതിയും സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ് കുഞ്ഞ് ഇപ്പോൾ ഉള്ളത്. അപൂർവങ്ങളിൽ അപൂർവമായി ( മൂന്ന് ലക്ഷം ജനനങ്ങളിൽ ഒന്നിൽ മാത്രം) മാത്രമാണ് സമാനമായ കുട്ടികളുടെ ജനനം റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്.
ഒഡിഷയിൽ ഏറെ ചർച്ചയായ ജഗ-കലിയ സഹോദരങ്ങളുടെ വാർത്തയും ഈ സംഭവത്തോടെ വീണ്ടും ചർച്ചയായിരിക്കുകയാണ്.കുഞ്ഞിന്റെ ആരോഗ്യനില നിർണായകമായതിനാൽ അടുത്ത ദിവസങ്ങളിലെ പരിശോധനകൾക്ക് ശേഷമേ തുടർചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കൂ എന്ന് ഡോക്ടർമാർ വ്യക്തമാക്കി.വൈദ്യശാസ്ത്രരംഗത്ത് ലക്ഷത്തിൽ ഒന്നോ രണ്ടോ പ്രസവങ്ങളിൽ മാത്രം സംഭവിക്കുന്ന ഒട്ടിച്ചേർന്ന ഇരട്ടകളിൽ ഏകദേശം 11 ശതമാനം കേസുകൾ മാത്രമാണ് ഈ വിഭാഗത്തിൽ വരുന്നത്. ഇത്തരം കുഞ്ഞുങ്ങളുടെ ആന്തരിക അവയവങ്ങളുടെ ഘടന ഓരോ കേസിലും വ്യത്യസ്തമായിരിക്കും.
മിക്കപ്പോഴും ഇവർക്ക് ഒരൊറ്റ ഹൃദയവും ഒരു ജോടി കൈകാലുകളും മാത്രമായിരിക്കും ഉണ്ടാകുക. എന്നാൽ ചില സന്ദർഭങ്ങളിൽ രണ്ട് ഹൃദയങ്ങൾ, മൂന്നോ നാലോ കൈകൾ (Tetrabrachius), അല്ലെങ്കിൽ അധിക കാലുകൾ (Tripus) എന്നിവയും കാണപ്പെടാറുണ്ട്. സങ്കീർണ്ണമായ ശാരീരിക ഘടനയും ആന്തരിക അവയവങ്ങളുടെ പങ്കുവെക്കലും കാരണം (പ്രത്യേകിച്ച് ഒരൊറ്റ ഹൃദയം മാത്രമുള്ളപ്പോൾ) ഇവരെ ശസ്ത്രക്രിയയിലൂടെ വേർപെടുത്തുക എന്നത് പ്രായോഗികമായി അസാധ്യമാണ്.ഈ അവസ്ഥയിലുള്ള ഭൂരിഭാഗം കുഞ്ഞുങ്ങളും ജനനസമയത്തോ അല്ലെങ്കിൽ ജനിച്ചയുടനെയോ മരണപ്പെടാറാണ് പതിവ്. എങ്കിലും, ശസ്ത്രക്രിയ വഴി വേർപെടുത്താതെ ഒന്നിച്ച് ജീവിച്ച് കൗമാരപ്രായവും യൗവനവും പിന്നിട്ട അപൂർവ്വം വ്യക്തികളും ചരിത്രത്തിലുണ്ട്.
അമേരിക്കയിലെ ആബി, ബ്രിട്ടാനി ഹെൻസൽ (Abby and Brittany Hensel) എന്ന സഹോദരിമാർ ഇതിന് ലോകപ്രശസ്തമായ ഉദാഹരണമാണ്.
https://www.facebook.com/Malayalivartha
























