എറണാകുളത്ത് ഉണ്ടായ സംഭവം അതിദാരുണമാണ്; ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരിക്കുന്ന മൂന്ന് ചെറുപ്പക്കാരെയാണ് മദ്യപിച്ച് മദോന്മത്തനായി വാഹനമോടിച്ച മറ്റൊരു ചെറുപ്പക്കാരനും സംഘവും ഇല്ലാതാക്കിയത്; ബാറുകളിൽ 23 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് മദ്യം കൊടുത്താൽ കൂടുതൽ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

സംസ്ഥാനത്തെ ബാറുകളിൽ 23 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് മദ്യം കൊടുത്താൽ കൂടുതൽ ശക്തമായ നടപടിയുണ്ടാകുമെന്ന് സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. നിയമസയിൽ ചോദ്യോത്തര വേളയിൽ എറണാകുളം എം.എൽ.എ ടി.ജെ വിനോദിന്റെ ചോദ്യത്തിന്, നെടുമ്പാശ്ശേരിയിലെ അപകടത്തിൽ ബാറുകൾക്കെതിരെ സ്വീകരിച്ച നടപടി ചൂണ്ടിക്കാട്ടുകയായിരുന്നു മന്ത്രി.
കഴിഞ്ഞദിവസം എറണാകുളത്ത് ഉണ്ടായ സംഭവം അതിദാരുണമാണ്. ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരിക്കുന്ന മൂന്ന് ചെറുപ്പക്കാരെയാണ് മദ്യപിച്ച് മദോന്മത്തനായി വാഹനമോടിച്ച മറ്റൊരു ചെറുപ്പക്കാരനും സംഘവും ഇല്ലാതാക്കിയത്. ഇതിനെതിരെ എക്സൈസ് വകുപ്പ് ഉടൻതന്നെ നടപടി സ്വീകരിച്ചു. അബ്കാരി നിയമത്തിലെ സെക്ഷൻ 56 ബി, 15 ബി എന്നിവ പ്രകാരം, 23 വയസ്സിന് താഴെയുള്ള ചെറുപ്പക്കാരന് മദ്യം നൽകിയ മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് വകുപ്പ് കേസെടുത്തുവെന്നും മന്ത്രി വ്യക്തമാക്കി .
സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി എന്ന നിലയിൽ ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകി. അവർ അതിവേഗം തന്നെ പ്രവർത്തിച്ചിട്ടുണ്ട്. ഒരർത്ഥത്തിലും ഈയൊരു വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും വിട്ടുവീഴ്ചയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















