സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് തുലാവർഷം എത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി.ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇടിമിന്നലിൽ ജാഗ്രത വേണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിർദേശം നൽകി. ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
നാളെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മറ്റെന്നാൾ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെന്ന് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
ഇടിമിന്നൽ ജാഗ്രത അത്യാവശ്യമാണ്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
ജനലും വാതിലും അടച്ചിടുക. ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക. ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കേണ്ടതാണ്.
"
https://www.facebook.com/Malayalivartha


























