അത്യാധുനിക സൗകര്യങ്ങളോടെ കക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം; ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം ഗുണമേന്മയുള്ള സേവനങ്ങള്‍ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി കെ മുരളീധരന്

സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം ഗുണമേന്മയുള്ള സേവനങ്ങള്‍ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ വി ടി സൂരജ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
കക്കയം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിലവിലുള്ള മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് പുറമെ രണ്ട് മെഡിക്കല്‍ ഓഫീസര്‍മാര്‍, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യന് എന്നീ പുതിയ തസ്തികകളും സൃഷ്ടിക്കുമെന്ന് മന്ത്രി അറിയിച്ചു. ആരോഗ്യ രംഗത്തിന്റെ വളര്‍ച്ചയ്ക്ക് നാടിന്റെയാകെ സഹകരണം ആവശ്യമാണെന്നും ചികിത്സയും സേവനവും നല്കുമ്പോള് ആരോഗ്യ പ്രവര്‍ത്തകര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ റോബോട്ടിക് സര്‍ജറി സംവിധാനം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഗര്‍ഭാശയ ഗള കാന്‍സര്‍ തടയുന്നതിനുള്ള എച്ച്.പി.വി വാക്സിന്റെ 'ഷീല്‍ഡ്' പ്രചാരണ പോസ്റ്റര്‍ മന്ത്രി പ്രകാശനം ചെയ്തു.
അത്യാധുനിക സൗകര്യങ്ങളോടെയാണ് കക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. രണ്ട് ഒ.പി മുറികള്‍, റിസപ്ഷന് ഏരിയ, പ്രീ-ചെക്കിങ് മുറി നഴ്സിങ് സ്റ്റേഷന്, ഫാര്‍മസി, ലാബ്, പൊതുജന ആരോഗ്യ വിഭാഗം, പ്രതിരോധ കുത്തിവെപ്പ് മുറി, റാമ്പ്, ടോയ്ലറ്റുകള്, കുടിവെള്ള സൗകര്യം എന്നിവ കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























