സംസ്ഥാന വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കലുമായി കമ്മീഷൻ... പ്ലസ് ടു സ്കൂളുകളിലും കോളജുകളിലും നവംബർ രണ്ടുമുതൽ ഏഴുവരെ ‘കാമ്പസ് ടു ബൂത്ത്’ എന്ന പേരിൽ കാമ്പുകൾ സംഘടിപ്പിക്കും

സംസ്ഥാന വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കലുമായി (സ്പെഷൽ സമ്മറി റിവിഷൻ-എസ്.എസ്.ആർ) കമീഷൻ. പുതിയ വോട്ടർമാരെ ചേർക്കൽ (ഫോം-ആറ്), സ്ഥലം മാറിയവരുടെയും മരിച്ചവരുടെയും പേര് നീക്കം ചെയ്യൽ (ഫോം-ഏഴ്), നിലവിലെ വിവരങ്ങൾ തിരുത്തൽ, മേൽവിലാസം മാറ്റൽ, ബൂത്ത് മാറ്റം (ഫോം-എട്ട്) എന്നിവയാണ് എസ്.എസ്.ആറിൽ നടക്കുക. ഇതിനൊപ്പം, ബൂത്ത് പുനഃക്രമീകരണവും നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മരിച്ചവരുടെ വിവരങ്ങൾ സമാഹരിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ ഡേറ്റാബേസ് കൂടി പ്രയോജനപ്പെടുത്തും.
ഒക്ടോബർ 15 മുതലാണ് സംസ്ഥാനത്ത് എസ്.എസ്.ആർ നടപടികൾ ആരംഭിച്ചത്. നിലവിൽ 18 വയസ്സ് പൂർത്തിയായ മുഴുവൻ പേരെയും വോട്ടർ പട്ടികയിൽ ചേർക്കുകയാണ് ലക്ഷ്യം. ഇതിനായി വില്ലേജ് തലങ്ങളിൽ ക്യാമ്പ് സംഘടിപ്പിക്കും. ഓൺലൈനായും ഓഫ്‌ലൈനായും അപേക്ഷ സമർപ്പിക്കാം. ഇതിനുപുറമെ, പ്ലസ് ടു സ്കൂളുകളിലും കോളജുകളിലും നവംബർ രണ്ടുമുതൽ ഏഴുവരെ ‘കാമ്പസ് ടു ബൂത്ത്’ എന്ന പേരിൽ കാമ്പുകൾ സംഘടിപ്പിക്കും. എസ്.എസ്.ആറിന്റെ ഭാഗമായി 2026 ഡിസംബർ 12 വരെ അപേക്ഷകൾ സമർപ്പിക്കാം.
എസ്.എസ്.ആറിന്റെ ഭാഗമായി ഒക്ടോബർ 15 മുതൽ 22 വരെ 6,217 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 3,056 എണ്ണം പുതുതായി പേര് ചേർക്കാനുള്ളതാണ്. പേര് നീക്കം ചെയ്യാനുള്ള അപേക്ഷകൾ 514, തിരുത്തലുകൾക്കുള്ള അപേക്ഷകൾ 2,647. ആകെ അപേക്ഷകളിൽ 5,846 എണ്ണം ഓൺലൈനിലാണ്.
https://www.facebook.com/Malayalivartha


























