നെടുമ്പാശേരി വാഹനാപകടത്തില്‍ പ്രതി സുഹൈല്‍ ഉള്‍പ്പെടെ നാലുപേരുടെയും ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി

മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകട കേസില്‍ ഒന്നാം പ്രതി സുഹൈല്‍ സജീവിന് ജാമ്യമില്ല. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് നാല് പ്രതികളുടേയും ജാമ്യാപേക്ഷ തള്ളിയത്. പ്രതികള്‍ക്കായി ഇന്നുതന്നെ കസ്റ്റഡി അപേക്ഷ നല്‍കാനാണ് പൊലീസിന്റെ തീരുമാനം. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തിരിച്ചറിയല്‍ പരേഡ് നടത്തും. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യ ഹര്‍ജികള്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികള്‍ അഡീഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. അന്വേഷണത്തോട് സഹകരിക്കുമെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
സുഹൈലിന്റെ സുഹൃത്തുക്കള്‍ക്കെതിരെ ചുമത്തിയ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. സുഹൈലിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ജാമ്യം അനുവദിച്ചാല്‍ തെറ്റായ സന്ദേശമുണ്ടാകുമെന്നും പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണസംഘം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അപകടത്തിന് പിന്നാലെ മൂന്നാം പ്രതി ടി. ജോയല്‍ സുഹൃത്തിന് അയച്ച വോയ്സ് മെസേജിന്റെ വിവരങ്ങളും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. അപകടത്തില്‍ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. ഇയ്യാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്.
https://www.facebook.com/Malayalivartha

























