സ്പെയിനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 39 മരണം

സ്പെയിനിലെ ടൊലീഡോയില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഏകദേശം 39പേര് മരിച്ചതായ് റിപ്പോര്‍ട്ട്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ടെന്നുമാണ് സൂചന. അപകടത്തെത്തുടര്‍ന്ന് മാഡ്രിഡിനെയും തെക്കന്‍ മേഖലയായ ആന്ഡലൂഷ്യയെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.
ഇന്ന് രാവിലെ ടൊളീഡോ പ്രവിശ്യയിലെ മോറ, ഓര്‍ഗാസ് പട്ടണങ്ങള്‍ക്ക് സമീപമാണ് അപകടമുണ്ടായത്. മാഡ്രിഡില്‍നിന്ന് സെവില്ലെയിലേക്കുള്ള റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന റെന്‍ഫെ, ഐറിയോ എന്നീ കമ്പനികളുടെ അതിവേഗ ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്. ഒരേ ദിശയില്‍ സഞ്ചരിച്ചിരുന്ന രണ്ട് ട്രെയിനുകളാണ് കൂട്ടിയിടിച്ചതെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തില്‍ ഐറിയോ ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ പാളം തെറ്റി. ചില കോച്ചുകള്‍ റെയില്‍പാതയ്ക്കരികിലെ ചരിവിലേക്ക് പതിച്ചതായാണ് റിപ്പോര്‍ട്ട്.
അപകടസമയത്ത് ഐറിയോ ട്രെയിനില്‍ ഒരു കുഞ്ഞ് ഉള്‍പ്പെടെ 147 യാത്രക്കാരും റെന്‍ഫെ ട്രെയിനില്‍ 397 യാത്രക്കാരുമുണ്ടായിരുന്നുവെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. പരിക്കേറ്റവരെ ചികിത്സിക്കാന്‍ ടൊളീഡോ, അല്‍കാസര്‍ ദെ സാന്‍ ജുവാന്‍, സിയുഡാഡ് റിയല്‍ എന്നിവിടങ്ങളിലെ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്കി. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി അഗ്നിരക്ഷാസേനയും മെഡിക്കല്‍ സംഘങ്ങളും ഉള്‍പ്പെടെയുള്ള അടിയന്തര സേവന വിഭാഗങ്ങള്‍ സ്ഥലത്തെത്തി.
https://www.facebook.com/Malayalivartha

























