സൗദി അറേബ്യയിൽ മലയാളി പ്രവാസി രോഗബാധയെ തുടർന്ന് മരിച്ചു...

സൗദി അറേബ്യയിൽ ഏഴുവർഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്ന മലയാളി പ്രവാസി രോഗബാധയെത്തുടർന്ന് മരണത്തിന് കീഴടങ്ങി. വാഹനത്തിൽ നിരോധിത വസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്നാണ് ശിക്ഷിക്കപ്പട്ട് ജയിലിലായത്. കൊല്ലം പുനലൂർ സ്വദേശി സജീദ് ജമാലുദ്ധീൻ (42) ആണ് റിയാദിലെ കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.
എട്ടുവർഷത്തോളമായി സൗദി അറേബ്യയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന സജീദ്, 2024 ഒക്ടോബറിലാണ് റിയാദിൽ വെച്ച് വാഹനപരിശോധനയ്ക്കിടെ നിരോധിത വസ്തുക്കൾ കൈവശം വച്ചെന്ന ആരോപണത്തിൽ അറസ്റ്റിലായത്.
തുടർന്ന് കേസിൽ നിരപരാധിത്വം തെളിയിക്കാനായി കഴിയാതെ വന്നതോടെ കോടതി ഇദ്ദേഹത്തിന് ഏഴുവർഷത്തെ തടവുശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷാകാലയളവിൽ ഒരു വർഷം പിന്നിട്ടതോടെ ജയിലിൽ വെച്ച് രക്തം ഛർദിച്ച സജീദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കരൾ അർബുദമാണെന്ന് സ്ഥിരീകരിച്ചത്.
തുടർന്ന് റിയാദ് കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായതിനെത്തുടർന്ന് അവസാന രണ്ടു മാസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു.
അമ്മയും രണ്ട് സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന സജീദിന് പ്രവാസത്തിനിടെ അപ്രതീക്ഷിതമായി നേരിട്ട തടവുശിക്ഷയും മാരകരോഗവും ജീവിതത്തിൽ വലിയ തിരിച്ചടിയാകുകയായിരുന്നു.നടപടികൾ പൂർത്തിയായ മൃതദേഹം ദമ്മാം വഴി നാട്ടിലേക്ക് അയക്കും.
"
https://www.facebook.com/Malayalivartha


























