മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങളിലൂടെ ഇനി അഞ്ചുപേർക്ക് പുതുജീവിതം....

മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങളിലൂടെ ഇനി അഞ്ചുപേർക്ക് പുതുജീവിതം. ചെങ്ങന്നൂർ പുലിയൂർ കുറ്റിമല കിഴക്കേതിൽ സോനു തോമസിൻ്റെ (32) നേത്രപടലങ്ങൾ, കിഡ്നികൾ, ഹൃദയ വാൽവ് എന്നിവയാണ് ദാനംചെയ്യുന്നത്. കിഡ്നികളിൽ ഒന്ന് സോനു ചികിത്സയിൽ കഴിഞ്ഞിരുന്ന പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിക്കും മറ്റൊന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കും നൽകുകയും ചെയ്യും.
ഹൃദയവാൽവ് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കും നേത്രപടലങ്ങൾ ചൈതന്യ ഐ ഹോസ്പിറ്റലിൽ ചികിത്സയിലുള്ള രണ്ട് രോഗികൾക്കുമായി നൽകുന്നതാണ്.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സോനുവിന്റെ മരണത്തിനിടയാക്കിയ സംഭവം നടന്നത്. പേരിശ്ശേരിയിൽ റോഡിലൂടെ നടന്നുപോകുന്ന സമയത്ത് നിലതെറ്റി തലയടിച്ച് വീഴുകയായിരുന്നു. തലയുടെ പിൻവശത്ത് മാരകമായി പരിക്കേറ്റ സോനുവിനെ ഉടൻതന്നെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നില വഷളായതോടെ പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സോനുവിന്റെ മസ്തിഷ്ക മരണം വ്യാഴാഴ്ചയോടെ സ്ഥിരീകരിച്ചു.
തുടർന്നാണ് ബന്ധുക്കൾ അവയവദാനത്തിനുള്ള സന്നദ്ധത അറിയിച്ചത്. അവയവങ്ങൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പോലീസ് എസ്കോർട്ടോടുകൂടി വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോകുകയും ചെയ്യും.
"
https://www.facebook.com/Malayalivartha























