കേസ് വീണ്ടും ഹൈക്കോടതിയിലേക്ക്... കാലടി സർവകലാശാല പരീക്ഷാ വിവാദം: വിദ്യാർഥികൾക്ക് സുപ്രീംകോടതിയിൽ തിരിച്ചടി

കാലടി സർവകലാശാല പരീക്ഷാ വിവാദത്തിൽ വിദ്യാർഥികൾക്ക് സുപ്രീംകോടതിയിൽ തിരിച്ചടി. പരീക്ഷ എഴുതാൻ അനുമതി തേടി 16 വിദ്യാർഥികൾ നൽകിയ ഹർജിയിൽ നേരിട്ട് ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസ് വീണ്ടും ഹൈക്കോടതി സിംഗിൾ ബെഞ്ചിലേക്ക് തിരിച്ചയക്കാനും അടിയന്തരമായി വാദം കേട്ട് അന്തിമ തീരുമാനമെടുക്കാനും നിർദേശിച്ചു. ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെയായിരുന്നു വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ വിഷയത്തിൽ നേരിട്ട് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് പകരം ഹൈക്കോടതി തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കട്ടെയെന്ന നിലപാടാണ് പരമോന്നത കോടതി സ്വീകരിച്ചത്.
സർവകലാശാലകളിൽ വിദ്യാർഥികൾ പാലിക്കേണ്ട അച്ചടക്കങ്ങളുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അതേസമയം വിദ്യാർഥികളുടെ ഭാവി കൂടി പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടി. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിദ്യാർഥികൾക്ക് അനുകൂലമായ തീരുമാനമെടുക്കുകയാണെങ്കിൽ ഇവർക്കു മാത്രമായി പ്രത്യേക പരീക്ഷ നടത്താൻ സർവകലാശാല തയ്യാറാകണമെന്നും സുപ്രീംകോടതി നിർദേശിച്ചു. പ്രതിഷേധത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്തതിനാലാണ് വിദ്യാർഥികൾക്ക് ഹാജർ കുറഞ്ഞതെന്നും ഇത് സർവകലാശാല മനഃപൂർവം സൃഷ്ടിച്ച സാഹചര്യമാണെന്നും വിദ്യാർഥികൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.വി. ദിനേശ് വാദിച്ചു. എന്നാൽ സർവകലാശാലയിലെ അച്ചടക്കം പാലിക്കപ്പെടണമെന്നും ഹാജർനില പരിശോധിക്കണമെന്നുമായിരുന്നു സർവകലാശാലയുടെ നിലപാട്. ഹൈക്കോടതി വിധി വിദ്യാർഥികൾക്ക് അനുകൂലമായാൽ പ്രത്യേക പരീക്ഷ നടത്താമെന്നും സർവകലാശാല സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. ഇനി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ തീരുമാനമാണ് 16 വിദ്യാർഥികളുടെ പരീക്ഷാഭാവി നിർണയിക്കുക.
https://www.facebook.com/Malayalivartha























