ടിപിയെ 51 ആണ് വെട്ടിയതെങ്കില്‍ നിനക്ക് 101... വോട്ടു തേടുന്നതിനിടെ കെ.കെ.രമയെ ആക്രമിച്ചു; ഭര്‍ത്താവിന്റെ നടുക്കുന്ന ഓര്‍മ്മയോടെ രമ

ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖറിന്റെ മൃഗീയ കൊലപാതകം കേരളം ഞെട്ടലോടെയാണ് കണ്ടത്. ആ ഭീതിയുണ്ടാക്കിയ ജനരോക്ഷത്തില്‍ നിന്നും സിപിഎം രക്ഷപ്പെട്ടത് അടുത്തിടെയാണ്. എന്നാല്‍ പഴയ ഓര്‍മ്മകള്‍ ഉണ്ടാക്കി മറ്റൊരക്രമം.
ആര്‍എംപി സ്ഥാനാര്‍ഥിയും ടി. പി. ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ. കെ. രമയെ വീടുകയറിയുള്ള പ്രചാരണത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അക്രമം. തച്ചോളി മാണിക്കോത്ത് ക്ഷേത്രത്തിനു സമീപം പഴയകാല സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ വോട്ട് അഭ്യര്‍ഥിച്ചു പുറത്തിറങ്ങിയപ്പോഴായിരുന്നു ഇരുപതോളം പേരടങ്ങിയ പുരുഷന്‍മാരുടെ സംഘം രമയടക്കം എട്ടു പേരടങ്ങുന്ന പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം അഴിച്ചു വിട്ടത്. രമയുടെ വലതുകൈ പിടിച്ചുതിരിക്കുകയും തലയ്ക്കു പിന്നില്‍ അടിക്കുകയും ചെയ്‌തെന്നാണു പരാതി.
ടിപിയെ 51 ആണ് വെട്ടിയതെങ്കില്‍ നിന്നെ 101 വെട്ടുമെന്ന് ആക്രോശിച്ചെത്തി സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് കെ.കെ. രമ പറഞ്ഞു. ആര്‍എംപി പ്രവര്‍ത്തകന്‍ മനോജനെയാണ് ആദ്യം മര്‍ദിച്ചത്. പിന്നീടാണ് രമയുടെ കൈ പിടിച്ച് ഒടിക്കാന്‍ശ്രമിച്ചതും തല്ലിയതും. നഖം കൊണ്ടുള്ള പോറലും രമയുടെ ശരീരത്തുണ്ട്. ദിവ്യ, ഷാജിത്ത് എന്നീ പ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റു. വിവരമറിഞ്ഞ് ആര്‍എംപി പ്രവര്‍ത്തകര്‍ക്കു പുറമേ നാട്ടുകാരുടെ വലിയൊരു സംഘവും സ്ഥലത്തെത്തി രമയെ ആശുപത്രിയിലേക്കു മാറ്റി.തലകറക്കം അനുഭവപ്പെട്ടതിനെത്തുടര്‍ന്നു പ്രത്യേക വാര്‍ഡില്‍ നിരീക്ഷണത്തിലാക്കി. രമയുടെ പരാതി അനുസരിച്ചു പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സംഘം അസഭ്യം പറയുകയും രമയുടെ വേഷവിധാനത്തെ മോശമായി ചിത്രീകരിക്കുകയും ഇവരുടെ അച്ഛന്‍ മാധവനെ തെറി വിളിക്കുകയും ചെയ്തതായി ആര്‍എംപി പ്രവര്‍ത്തകര്‍ പറഞ്ഞു. പരാജയഭീതി പൂണ്ട സിപിഎം അവരുടെ ശക്തി കേന്ദ്രത്തില്‍ വോട്ട് അഭ്യര്‍ഥനയുമായി ചെന്നാല്‍ വോട്ട് മറിയുമെന്ന ഭീതിയിലാണ് അക്രമം അഴിച്ചുവിട്ടതെന്നു രമ പറഞ്ഞു.സംഭവത്തില്‍ പ്രതിഷേധിച്ചു നാനാഭാഗത്തു നിന്ന് ആര്‍എംപി പ്രവര്‍ത്തകര്‍ വടകരയിലെത്തി പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം പ്രതിഷേധ കൂട്ടായ്മ നടത്തി. മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി, വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രന്‍, എന്‍ഡിഎ സ്ഥാനാര്‍ഥി എം. രാജേഷ് കുമാര്‍ എന്നിവര്‍ ആശുപത്രിയില്‍ രമയെ സന്ദര്‍ശിച്ചു.
ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളെപ്പോലും അനുവദിക്കില്ലെന്ന സിപിഎമ്മിന്റെ അസഹിഷ്ണുതയാണ് കെ.കെ.രമയെ അക്രമിച്ചതിലൂടെ വെളിപ്പെടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു. 51 വെട്ടുകള്‍ വെട്ടി കൊലപ്പെടുത്തിയ ടി. പി. ചന്ദ്രശേഖരന്റെ ഓര്‍മയെപ്പോലും ഇല്ലാതാക്കാനാണ് ശ്രമം. കെ.കെ.രമ സ്ഥാനാര്‍ഥിയായതോടെ അവരെ ആക്രമിച്ചിരിക്കുന്നു. ഈ അക്രമ രാഷ്ട്രീയത്തെക്കുറിച്ചാണ് യുഡിഎഫ് പറഞ്ഞു കൊണ്ടിരിക്കുന്നത്. രമ ആക്രമിക്കപ്പെട്ടതു സംബന്ധിച്ചു വി.എസ്.അച്യുതാനന്ദന്റെ പ്രതികരണം അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha