അമ്മയേയും സഹോദരിയേയും വാഹനമിടിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ; വിദ്യാര്‍ത്ഥിയില്‍ നിന്ന് 24 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന പ്രതികള്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി 24 ലക്ഷം രൂപയുടെ സ്വര്‍ണം തട്ടിയെടുത്ത മൂന്ന് പേര്‍ അറസ്റ്റില്‍. പാമ്പാടി സ്വദേശികളായ അന്‍സല്‍ മുഹമ്മദ് (18), നിധിന്‍ നിഷാദ് (18), ഷെബിന്‍ എബ്രഹാം (19) എന്നിവരാണ് അറസ്റ്റിലായത്.
ഒരു സ്വകാര്യ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് തട്ടിപ്പിന് ഇരയായത്. വിദ്യാര്‍ത്ഥി പഠിക്കുന്ന സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളായിരുന്നു പ്രതികള്‍. ഇതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയുമായി പ്രതികള്‍ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയേയും സഹോദരിയേയും വാഹനമിടിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ത്ഥിയില്‍ നിന്ന് പ്രതികള്‍ സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു.
അടുത്തിടെ വീട്ടിലൊരു മരണം നടന്ന സമയത്ത് നടത്തിയ പരിശോധനയിലാണ് ഇത്രയധികം സ്വര്‍ണം നഷ്ടപ്പെട്ട വിവരം വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ അറിഞ്ഞത്. പിന്നാലെ മകന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉള്‍പ്പെടെ പരിശോധിച്ചപ്പോഴാണ് പ്രതികള്‍ കുട്ടിയെ ഭീഷണിപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വീട്ടുകാര്‍ അറിഞ്ഞത്.
മാതാപിതാക്കളോട് വിദ്യാര്‍ത്ഥി നടന്ന കാര്യങ്ങള്‍ തുറന്നുപറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ പാമ്പാടി പൊലീസ്റ്റ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൗമാരക്കാരായ പ്രതികളെ പൊലീസ് അറസ്റ്റുചെയ്തത്. ചോദ്യംചെയ്യലില്‍ വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























