കൃത്യമായ മെഡിക്കൽ പരിശോധനയും നിയമപരമായി അധികാരപ്പെട്ട മെഡിക്കൽ അതോറിറ്റി നൽകുന്ന ഔദ്യോഗിക സർട്ടിഫിക്കറ്റും ഇല്ലാതെ ദർശനത്തിന് അനുമതി നൽകാനാകില്ലെന്ന് ദേവസ്വം ബോർഡ്... തമിഴ്നാട് സ്വദേശിയായ ട്രാൻസ്ജെൻഡർ വ്യക്തിക്ക് ശബരിമലയിൽ ദർശനം നടത്താൻ അനുമതി നൽകുന്നതിനെ എതിർത്ത് കേരള സർക്കാർ

തമിഴ്നാട് സ്വദേശിയായ ട്രാൻസ്ജെൻഡർ വ്യക്തിക്ക് ശബരിമലയിൽ ദർശനം നടത്താൻ അനുമതി നൽകുന്നതിനെ എതിർത്ത് കേരള സർക്കാർ. ലിംഗസ്വത്വം സ്ഥിരീകരിക്കുന്ന വ്യക്തമായ മെഡിക്കൽ അല്ലെങ്കിൽ ഔദ്യോഗിക സർട്ടിഫിക്കറ്റ് ഇല്ലാതെ ദർശനത്തിന് അനുമതി നൽകാനാകില്ലെന്ന് സർക്കാർ ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വീകരിച്ച നിലപാടിനൊപ്പം നിൽക്കുന്നതായും സർക്കാർ അറിയിച്ചു. ഹർജിക്കാരിയുടെ ശാരീരികമോ ജൈവപരമോ ആയ സവിശേഷതകൾ പരിശോധിച്ച് അവർ ട്രാൻസ്ജെൻഡർ വ്യക്തിയാണോ സ്ത്രീയാണോ എന്ന് നിർണയിക്കാൻ ദേവസ്വം ബോർഡിന് അധികാരമില്ലെന്നാണ് ബോർഡ് കോടതിയെ അറിയിച്ചത്. കൃത്യമായ മെഡിക്കൽ പരിശോധനയും നിയമപരമായി അധികാരപ്പെട്ട മെഡിക്കൽ അതോറിറ്റി നൽകുന്ന ഔദ്യോഗിക സർട്ടിഫിക്കറ്റും ഇല്ലാതെ ദർശനത്തിന് അനുമതി നൽകാനാകില്ലെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.
ആധികാരികമായ പരിശോധനയില്ലാതെ പ്രവേശനം അനുവദിക്കുന്നത് ശബരിമലയിലെ നിലവിലുള്ള ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിരുദ്ധമാകാമെന്നും ബോർഡ് ചൂണ്ടിക്കാട്ടി. ദേവസ്വം ബോർഡിന്റെ നിലപാടിൽനിന്ന് വ്യത്യസ്തമായ സമീപനം സ്വീകരിക്കാൻ നിലവിൽ സർക്കാരിന് ഉദ്ദേശ്യമില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ശബരിമലയിലെ പ്രവേശനവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും അന്തിമവിധി വരാനിരിക്കുന്നതേയുള്ളൂവെന്നും സർക്കാർ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha

























