ട്രെയിനിലും റെയിൽവേ സ്റ്റേഷനിലുമായി യാത്രക്കാരിയായ യുവതിക്ക് നേരെ നടുക്കുന്ന ലൈംഗികാതിക്രമവും ക്രൂരമർദനവും..കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്..

ട്രെയിനിലും റെയിൽവേ സ്റ്റേഷനിലുമായി യാത്രക്കാരിയായ യുവതിക്ക് നേരെ നടുക്കുന്ന ലൈംഗികാതിക്രമവും ക്രൂരമർദനവും കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. ചിറയിൻകീഴിൽ നിന്ന് ട്രെയിനിൽ കയറിയ യുവതിയെ അപമാനിക്കാൻ ശ്രമിച്ച ആറ്റിങ്ങൽ സ്വദേശി വിജേഷ്, പേട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയതിന് പിന്നാലെ പിന്തുടർന്നെത്തി ക്രൂരമായി മർദിക്കുകയായിരുന്നു. പ്രതിയുടെ ഇടികൊണ്ട് ബോധരഹിതയായി പ്ലാറ്റ്ഫോമിൽ വീണ യുവതി നിലവിൽ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. യാത്രക്കാരുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിനെ തുടർന്ന് പ്രതിയെ റെയിൽവേ പൊലീസ് ഉടൻതന്നെ കസ്റ്റഡിയിലെടുത്തു.
ഇപ്പോഴിതാ, സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പതിവുപോലെ ട്രെയിനിൽ കയറിയതായിരുന്നു യുവതി. കനത്ത തിരക്കുള്ളതിനാൽ ബാഗ് ഊരി മുന്നിൽ ചേർത്തുപിടിച്ചാണ് നിന്നിരുന്നത്. ഇതിനിടെ പിന്നിൽ നിന്ന് ആരോ തള്ളുന്നതായും മുഖത്ത് അമർത്തുന്നതായും തോന്നി. തിരക്കുകാരണം സ്വാഭാവികമായി സംഭവിച്ചതാകാം എന്നാണ് ആദ്യം കരുതിയതെങ്കിലും, ആവർത്തിച്ചപ്പോൾ തിരിഞ്ഞുനോക്കിയപ്പോഴാണ് വിജേഷ് തെറ്റായ ഉദ്ദേശ്യത്തോടെയാണ് സമീപത്തുണ്ടായിരുന്നതെന്ന് യുവതി തിരിച്ചറിഞ്ഞത്.
ഉടൻതന്നെ അടുത്തുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ ഇടപെടുകയും പ്രതിയുടെ കോളറിനു പിടിച്ച് മാറ്റിനിർത്തുകയും ചെയ്യുകയായിരുന്നു.
എന്നാൽ അപ്പോഴും യാതൊരു കൂസലുമില്ലാതെയാണ് പ്രതി പെരുമാറിയതെന്ന് യുവതി വെളിപ്പെടുത്തുന്നു. കഴക്കൂട്ടം എത്തിയപ്പോൾ ട്രെയിനിലെ തിരക്ക് കുറഞ്ഞെങ്കിലും വിജേഷ് മറ്റൊരു ഭാഗത്തുനിന്ന് അശ്ലീല ആംഗ്യങ്ങൾ കാണിക്കുന്നത് തുടർന്നു. ഒടുവിൽ യുവതി പേട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാൻ തയ്യാറെടുത്തപ്പോൾ പ്രതി അതിവേഗം ചാടിയിറങ്ങി പ്ലാറ്റ്ഫോമിൽ കാത്തുനിൽക്കുകയായിരുന്നു.
താൻ രക്ഷപെട്ടുവെന്ന് കരുതി പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയ യുവതിക്ക് നേരെ അയാൾ വീണ്ടും വന്ന് വൃത്തികെട്ട ചേഷ്ടകൾ ആവർത്തിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.പൊലീസിനെ വിളിക്കുമെന്ന് യുവതി മുന്നറിയിപ്പ് നൽകിയതോടെ പ്രതി കൂടുതൽ പ്രകോപിതനാകുകയായിരുന്നു. "ഇതുകൂടി ചേർത്തു പറഞ്ഞോളൂ" എന്ന് ആക്രോശിച്ചുകൊണ്ട് വിജേഷ് കൈ ചുരുട്ടി യുവതിയുടെ മുഖത്തേക്ക് ശക്തിയായി ഇടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ നിലത്തേക്ക് വീണ യുവതിയുടെ മുഖത്ത് ചവിട്ടാനും പ്രതി ശ്രമിച്ചു. ഈ സമയം നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആക്രമണം തടഞ്ഞത്.
അടിയുടെ ആഘാതത്തിൽ കുറച്ചുനേരത്തേക്ക് തനിക്ക് ബോധം നഷ്ടപ്പെട്ടിരുന്നുവെന്നും ആരൊക്കെയോ ചേർത്ത് വെള്ളം തളച്ചപ്പോഴാണ് വിവരങ്ങൾ അറിഞ്ഞതെന്നും പരിക്കേറ്റ യുവതി മാധ്യമങ്ങളോട് കണ്ണീരോടെ വ്യക്തമാക്കി.ആക്രമണത്തെക്കുറിച്ച് ഓർക്കുമ്പോൾപോലും ഭയന്നുപോകുന്നുണ്ടെന്ന് യുവതി പറയുന്നു.
https://www.facebook.com/Malayalivartha


























