ബെംഗളൂരു കൂട്ടക്കൊല: ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്താൻ അച്ഛനെ സഹായിച്ച പതിനേഴുകാരിയെ പ്രായപൂർത്തിയായവളായി കണക്കാക്കി വിചാരണ ചെയ്തേക്കും...

ബെംഗളൂരുവിൽ ഒരേ കുടുംബത്തിലെ ഏഴുപേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഇന്ദുശേഖറിനെ സഹായിച്ച പതിനേഴുകാരിയായ മകളെ പ്രായപൂർത്തിയായ വ്യക്തിയായി കണക്കാക്കി വിചാരണ ചെയ്യാൻ നീക്കം തുടങ്ങിയിരിക്കുന്നു. ഹീനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന 16-നും 18-നും ഇടയിൽ പ്രായമുള്ള കൗമാരക്കാരെ പ്രായപൂർത്തിയായവരായി കണ്ട് വിചാരണ ചെയ്യാൻ അനുമതി നൽകുന്ന ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 15-ാം വകുപ്പ് പ്രകാരമാണ് നിലവിലെ നടപടികൾ പുരോഗമിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ പെൺകുട്ടി സാധാരണ കോടതിയിൽ വിചാരണ നേരിടേണ്ടി വരും. കുടുംബവഴക്കിനെത്തുടർന്ന് ടാക്സി ഡ്രൈവറും ക്രൈംമാസിക നടത്തിപ്പുകാരനുമായ ഇന്ദുശേഖർ ഒക്ടോബർ 16 നും 31 നും ഇടയിലാണ് തന്റെ ഭാര്യ സുനിത, സുനിതയുടെ സഹോദരന്മാരായ ശിവകുമാർ, ശങ്കർ, ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ഭാര്യാമാതാവ് രൂപവതി, ശിവകുമാറിന്റെ 7 വയസ്സുള്ള മകൻ പുനീത് എന്നിവരെ ആസൂത്രിതമായി കൊലപ്പെടുത്തിയത്. സുനിത തർക്കങ്ങൾ ഉണ്ടാകുമ്പോൾ സ്വന്തം വീട്ടിലേക്ക് പോകുന്നതും, വീട്ടുകാർ സുനിതയ്ക്ക് പിന്തുണ നൽകുന്നതുമാണ് ഇന്ദുശേഖറിനെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. ഈ കൊലപാതക പരമ്പരയിൽ അച്ഛനെ സഹായിച്ചതിനാണ് സ്വകാര്യ കോളജ് വിദ്യാർഥിനിയായ മകളെ നവംബർ 5-ന് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരകളെ വീട്ടിലേക്ക് വിളിച്ചുവരുത്താനും, കൊലപാതകവിവരം മറച്ചുവെക്കാനും, മൃതദേഹങ്ങൾ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി മറവുചെയ്യാനും പെൺകുട്ടി അച്ഛനെ സഹായിച്ചിരുന്നോ എന്ന് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. ഇന്ദുശേഖർ മകളെ തെറ്റിദ്ധരിപ്പിച്ചാണോ ഈ കുറ്റകൃത്യങ്ങളിൽ പങ്കാളിയാക്കിയത് എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. നിലവിൽ എഫ്.ഐ.ആറിൽ 'നിയമവുമായി സംഘർഷത്തിലുള്ള പ്രായപൂർത്തിയാകാത്ത വ്യക്തി' എന്നാണ് പെൺകുട്ടിയെ രേഖപ്പെടുത്തിയിട്ടുള്ളത്. കുറ്റകൃത്യം ചെയ്യാനുള്ള കുട്ടിയുടെ ശാരീരിക-മാനസിക ശേഷി, അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ബോധ്യം, സാഹചര്യങ്ങൾ എന്നിവ ജുവനൈൽ ജസ്റ്റിസ് ബോർഡ് വിലയിരുത്തും. മാനസികാരോഗ്യ വിദഗ്ധരുടെ സാന്നിധ്യത്തിൽ നടത്തുന്ന ഈ പരിശോധനകൾക്ക് ശേഷമായിരിക്കും കുട്ടിയെ സാധാരണ കോടതിയിൽ പ്രായപൂർത്തിയായ വ്യക്തിയായി വിചാരണ ചെയ്യണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
https://www.facebook.com/Malayalivartha


























