ചേരാനല്ലൂര്‍ ബെൻസ് അപകട കേസിൽ 17കാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കുടുംബം ഹൈക്കോടതിയിൽ. ജയബാലകൃഷ്ണന്‍റെ മക്കൾ ഹര്‍ജി നൽകി
ചേരാനല്ലൂര്‍ ബെൻസ് അപകട കേസിൽ 17കാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കുടുംബം ഹൈക്കോടതിയിൽ. ജയബാലകൃഷ്ണന്‍റെ മക്കൾ ഹര്‍ജി നൽകി. അഡിഷണൽ സെഷൻസ് കോടതിക്ക് നിയപരമായ വീഴ്ച പറ്റിയെന്നും കുറ്റകൃത്യത്തിന്‍റെ ഗൗരവം പരിഗണിക്കാതെയാണ് ജാമ്യം നൽകിയതെന്നും ഹർജിയിൽ പറയുന്നു. 17കാരന്‍റെ അച്ഛൻ ജുഡീഷ്യറിയുടെ ഭാഗമാണെന്ന കാര്യവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്, അതിനാൽ 17 കാരന്‍റെ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും.
17കാരൻ്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിൻ്റെയും ജയബാലകൃഷ്ണന്റെ കുടുംബത്തിൻ്റെയും ആവശ്യം സ്ത്രീകളുടെയും കുട്ടികളുടെയും കേസുകൾ പരിഗണിക്കുന്ന എറണാകുളം അഡീഷണൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. 17കാരനെതിരെ നരഹത്യാക്കുറ്റം ചുമത്തിയ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി അതിരൂക്ഷമായി വിമർശിച്ചു. അതിക്രൂര കുറ്റകൃത്യം അല്ലെങ്കിൽ പ്രായപൂർത്തിയാകാത്ത ആൾക്കെതിരെ എഫ്ഐആർ ഇടാനാകില്ലെന്ന് പറഞ്ഞ കോടതി, എഫ്ഐആറിലെ തിരുത്തിലും അപ്പീലിലെ പിഴവിലും വിമർശനം ഉന്നയിച്ചു. ഈ കേസിൽ എന്ത് പ്രത്യേകതയാണ് ഉള്ളതെന്ന് ചോദിച്ച കോടതി, ചരിത്രത്തിൽ ഇല്ലാത്തത് സംഭവിക്കുന്നു എന്ന പരാമർശവും നടത്തി. അതേസമയം അച്ഛന് നീതി ലഭിക്കാനുള്ള പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി പ്രതികരിച്ചു.
കഴിഞ്ഞ മാസം 25ന് പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരിച്ചത്. അപകടമുണ്ടാക്കിയ വിദ്യാർത്ഥി സ്ഥിരം കാറോടിക്കുന്ന ആളാണെന്ന് പൊലീസ് കണ്ടെത്തി. അതിവേഗതയിൽ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കാനാണ് 17കാരൻ രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. അപകടം സംഭവിക്കുന്നതിന് മുമ്പ് 17കാരൻ 104 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യം പൊലീസിന് കിട്ടി.
https://www.facebook.com/Malayalivartha


























