ഇരുപത്തിയാറുകാരി ഭര്‍തൃവീട്ടില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ഗുരുതര ആരോപണവുമായി കുടുംബം.. ലാപ്ടോപ്പും ഡയറിയും നഷ്ടപ്പെട്ടു...

കൊല്ലം ഇരവിപുരത്ത് സായ എന്ന ഇരുപത്തിയാറുകാരി ഭര്‍തൃവീട്ടില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്. മകള്‍ ഒരിക്കലും ജീവനൊടുക്കില്ലെന്ന് അമ്മ റിഹാനി ഷാജി വ്യക്തമാക്കി. സായയുടെ മരണം നടന്ന് നാല് മണിക്കൂറിന് ശേഷമാണ് ബന്ധുക്കളെ വിവരം അറിയിച്ചതെന്ന് കുടുംബം പറയുന്നു. മകള്‍ മരിച്ച് പതിനൊന്ന് ദിവസത്തിന് ശേഷമാണ് പോലീസ് മൊഴിയെടുത്തതെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.ഒക്ടോബര്‍ മുപ്പത്തൊന്നാം തീയതി രാത്രിയാണ് സായയെ ഭര്‍ത്താവ് അഫ്സലിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മാടന്നട സ്വദേശി അഫ്സലിന്റെ ഭാര്യയായ സായയെ രാത്രി എട്ടരയോടെയാണ് കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. വീട്ടുകാര്‍ ഉടന്‍തന്നെ പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. വിവാഹം കഴിഞ്ഞിട്ട് നാല് വര്‍ഷം പിന്നിടുമ്പോഴാണ് ഈ ദാരുണമായ സംഭവം ഉണ്ടായിരിക്കുന്നത്.
സായക്ക് ഭര്‍ത്താവിനെ നല്ല പേടിയായിരുന്നുവെന്നും അഫ്സല് ഉള്ള സമയമാണെങ്കില്‍ വീട്ടിലേക്ക് വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കില്ലെന്നും അമ്മ പറയുന്നു. മെസേജ് അയച്ചാല്‍ അഫ്സല് കാണുമെന്ന് പറഞ്ഞ് അവള് അത് ഡിലീറ്റ് ചെയ്യുമായിരുന്നുവെന്നും കുടുംബം കൂട്ടിച്ചേര്‍ക്കുന്നു.
വാഹനത്തിന്റെ ഇഎംഐയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളല്ല മരണകാരണമെന്ന് അമ്മ വ്യക്തമാക്കി.ഭര്തൃവീട്ടില്ചെന്ന് പോലീസ് ഇതുവരെ മൊഴിയെടുത്തിട്ടില്ലെന്നും അവിടുത്തെ സിസിടിവി പരിശോധിച്ചിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു.കുട്ടിക്കാലം മുതല്‍ ഡയറി എഴുതുന്ന ശീലമുണ്ടായിരുന്ന സായയ്ക്ക് രണ്ട് ഡയറികളുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഇതില്‍ ഒരു ഡയറി മാത്രമാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ഭര്‍ത്താവിനേക്കുറിച്ച് പരാമര്‍ശങ്ങളുള്ള ആ ഡയറി ആരോ മാറ്റിയെന്ന സംശയമാണ് കുടുംബം ഉന്നയിക്കുന്നത്.
കൂടാതെ സായയുടെ ലാപ്ടോപ്പും നഷ്ടപ്പെട്ടിട്ടുണ്ടെന്നും അത് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.രാഷ്ട്രീയത്തിന്റെയും പണത്തിന്റെയും സ്വാധീനംമൂലം പോലീസ് അന്വേഷണം അട്ടിമറിക്കുകയാണെന്ന ഗുരുതര ആരോപണവും കുടുംബം ഉന്നയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























