അമിതമായി അധോവായു ; കാനഡയിൽ വാടകക്കാരായ ദമ്പതികളെ ഒഴിപ്പിക്കാൻ വീട്ടുടമയുടെ വിചിത്ര നീക്കം...

കാനഡയിലെ ടൊറന്റോയിൽ വാടകയ്ക്ക് താമസിക്കുന്ന ദമ്പതികൾ അമിതമായി അധോവായു വിടുന്നു എന്നാരോപിച്ച് അവരെ വീട്ടിൽ നിന്നും ഒഴിപ്പിക്കാൻ ഉടമ ശ്രമിക്കുന്നതായി റിപ്പോർട്ട്. ഹാസ്യകലാകാരന്മാരായ എസ്ഇ ഗ്രമ്മറ്റും സാം ക്രൂഗറുമാണ് ഈ വിചിത്രമായ പ്രതിസന്ധി നേരിടുന്നത്. ശ്വാസകോശ രോഗമുള്ള വീട്ടുടമസ്ഥൻ തന്റെ എയർ ക്വാളിറ്റി മോണിറ്ററിലെ വായു ഗുണനിലവാരം പരിശോധിച്ചപ്പോഴാണ് വിവാദങ്ങളുടെ തുടക്കം. ഒരേ വായുസഞ്ചാര സംവിധാനം പങ്കിടുന്ന വീട്ടിൽ അസ്ഥിര ജൈവ സംയുക്തങ്ങളുടെ (VOC) അളവ് ഉയർന്നതായി കണ്ടതോടെ ദമ്പതികൾ പുകവലിക്കുകയാണെന്ന് ഉടമ ആദ്യം ആരോപിച്ചു. എന്നാൽ ഇവർ പുകവലിക്കാറില്ലെന്ന് വ്യക്തമാക്കിയതോടെ, രാത്രികാലങ്ങളിൽ സെൻസറിലെ വ്യതിയാനത്തിന് കാരണം ശരീരത്തിൽ നിന്നുള്ള വാതകങ്ങളാകാമെന്ന നിഗമനത്തിൽ വീട്ടുടമ എത്തുകയായിരുന്നു. അതേസമയം, തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ചോദ്യം ചെയ്തതിലുള്ള പ്രതികാര നടപടിയാണിതെന്നും, സ്വന്തം ആവശ്യത്തിന് വീട് തട്ടിയെടുക്കാനുള്ള ഉടമയുടെ അടവാണിതെന്നും ദമ്പതികൾ ആരോപിക്കുന്നു. ഒന്റാറിയോയിലെ ലാൻഡ്ലോർഡ് ആൻഡ് ടെനന്റ് ബോർഡിന് മുന്നിലെത്തിയ കേസിൽ നിലവിൽ അന്തിമ തീരുമാനമായിട്ടില്ല. നിയമപോരാട്ടത്തിനായി ക്രൗഡ് ഫണ്ടിങ്ങിലൂടെ ദമ്പതികൾ ഇതിനകം 2,400 ഡോളറോളം സമാഹരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























