എൻ. പ്രശാന്തിനെ കുരുക്കാൻ മന്ത്രി മന്ത്രിയെ കുരുക്കാൻ കമ്മികൾ കുരുക്കിൽ വീഴുമോ സണ്ണി ?

എൻ പ്രശാന്തിനെ കെഎസ്ഇബി ചെയർമാൻ സ്ഥാനത്തുനിന്നും നീക്കാൻ സർക്കാരിന്റെ ഉന്നത കേന്ദ്രങ്ങളിൽ ആലോചന. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഇല്ലെന്നും ജിഎൻഎയിൽ നിന്നും വൈദ്യുതി വാങ്ങേണ്ടതില്ലെന്നുമുള്ള കെഎസ്ഇബി ചെയർമാന്റെ പ്രതികരണത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അതൃപ്തി തുടരുകയാണ്. മുഖ്യമന്ത്രിയും കെഎസ്ഇബി ചെയർമാനും ഊർജ്ജവകുപ്പ് സെക്രട്ടറിയുമാണ് വൈദ്യുതി വകുപ്പ് ഭരിക്കുന്നതെന്നാണ് സണ്ണി ജോസഫിന്റെ ആക്ഷേപം . മന്ത്രിയെ അറിയിക്കാത്തതിനുള്ള നീരസമാണ് അദ്ദേഹത്തിൻറെ വാക്കുകളിലൂടെ ഓരോ ദിവസവും പുറത്തുവരുന്നത്. ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനോടായിരുന്നു മന്ത്രി സണ്ണി ജോസഫിന്റെ താൽപര്യം. സെപ്റ്റംബർ മാസത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനായത് ഹിമാചൽ വൈദ്യുതി നൽകിയത് കൊണ്ടാണെന്ന് മന്ത്രി പരസ്യമായി ആവർത്തിക്കുന്നുണ്ട്. ഈ മാസം മുതൽ അടുത്ത വർഷം മെയ് വരെ ഹിമാചൽ വൈദ്യുതി വാങ്ങാം എന്ന ധാരണ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ജിഎൻഎയിൽ നിന്നും വൈദ്യുതി വാങ്ങുന്നതിനോടാണ് മുഖ്യമന്ത്രിക്ക് താല്പര്യം. ഇതിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ ആരോപണവുമായി രംഗത്തുവന്നിരുന്നു. മന്ത്രിയെ ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രിയും കെഎസ്ഇബി ചെയർമാനും ഊർജ്ജ സെക്രട്ടറിയും തീരുമാനം എടുക്കുന്നതിലാണ് മന്ത്രിക്ക് നീരസം. നിലവിൽ രണ്ടുമാസകാലത്തേക്ക് പ്രതിസന്ധി ഇല്ലെന്നുള്ള കെഎസ്ഇബി ചെയർമാൻ എൻ പ്രശാന്തിന്റെ അഭിപ്രായം താൻ മാധ്യമങ്ങളിലൂടെ മാത്രമാണ് താൻ അറിഞ്ഞതെന്ന് മന്ത്രി സണ്ണി ജോസഫ് പറയുന്നു. അതേസമയം തൻറെ നിലപാട് മന്ത്രിയെ അറിയിക്കാനുള്ള പ്രശാന്തിന്റെ നീക്കങ്ങളും പാളി. മന്ത്രിയുടെ അപ്പോയിൻമെന്റ് കെഎസ്ഇബി ചെയർമാൻ ചോദിച്ചെങ്കിലും നൽകാൻ മന്ത്രി തയ്യാറായിട്ടില്ല. ഇതിനിടയിലാണ് ചെയർമാനെ മാറ്റണമെന്ന് ആവശ്യം മന്ത്രിയുടെ വിശ്വസ്തരിൽ നിന്നും ഉയരുന്നത്. ഇതിനോട് മുഖ്യമന്ത്രി അനുകൂലമായി പ്രതികരിക്കാൻ തയ്യാറാകണമെന്നില്ല . അതേസമയം മന്ത്രി ആവശ്യപ്പെട്ടാൽ ചെയർമാനെ മാറ്റാതിരിക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ല . യഥാർത്ഥത്തിൽ നടുകടലിനും ചെകുത്താൻ ഇടയിലാണ് മുഖ്യമന്ത്രി ഉള്ളത്.
ഹിമാചൽ സർക്കാരിൽ നിന്നും വൈദ്യുതി വാങ്ങുമെന്ന ഘട്ടത്തിലാണ് പ്രതിസന്ധി ഇല്ല എന്ന നിലപാടുമായി പ്രശാന്ത് എത്തുന്നത്.ഇത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്ന് കെ സി വേണുഗോപാൽ വിശ്വസിക്കുന്നു. തത്കാലം വൈദ്യുതി പ്രതിസന്ധിയില്ലെന്ന് പറഞ്ഞാൽ ഹിമാചൽ ഒഴിഞ്ഞുപോകും.രണ്ടുമാസം കഴിഞ്ഞ് പ്രതിസന്ധിയാണെന്ന് പറഞ്ഞ് സ്വകാര്യ പ്ലാറ്റ്ഫോമിൽ നിന്നും മുഖ്യമന്ത്രിയുടെ ഇഷ്ടാനുസരണം വൈദ്യുതി വാങ്ങുകയും ചെയ്യാം. അതിന്റെ കമ്മീഷൻ ബന്ധപ്പെട്ടവർക്കെല്ലാം കിട്ടുകയും ചെയ്യും. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുൻകൈയെടുത്ത് ഒരുക്കിയ ഹിമാചൽ പ്രദേശ് സർക്കാരിന്റെ വൈദ്യുതി കരാർ ഒഴിവാക്കി, ജി.എൻ.എ. എന്ന സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വൈദ്യുതി വാങ്ങാൻ സർക്കാർ തീരുമാനിച്ചതോടെയാണ് പുതിയ വിവാദം പുകഞ്ഞത്. ഹിമാചൽ സർക്കാരിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ 2232 കോടി രൂപയുടെ അധിക ബാധ്യത സംസ്ഥാനത്തിന് ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ വാദിക്കുന്നത്. എന്നാൽ ഹിമാചൽ പ്രദേശ് വൈദ്യുതിയെക്കാൾ ചെലവ് കൂടുതൽ ജി.എൻ.എയുടെ സ്വകാര്യ വൈദ്യുതിക്കാണെന്ന് വ്യക്തമാക്കുന്ന കെ.എസ്.ഇ.ബിയുടെ ആഭ്യന്തര റിപ്പോർട്ട് പുറത്തുവന്നതോടെ സർക്കാരിന്റെ വാദങ്ങൾ പ്രതിരോധത്തിലായിരിക്കുകയാണ്.
യൂണിറ്റിന് 8.90 രൂപ വരെ നിരക്കിൽ 2027 മാർച്ച് 31 വരെ നൽകുന്ന കരാർ നഷ്ടമാണെന്ന് ചൂണ്ടിക്കാണിച്ച് എതിർപ്പറിയിച്ചത് കെ.എസ്.ഇ.ബി ചെയർമാനും ഊർജ്ജ സെക്രട്ടറിയുമായിരുന്ന എം.ജി. രാജമാണിക്യമായിരുന്നു. യൂണിറ്റിന് 14.50 രൂപ നിരക്കിൽ ഹിമാചൽ വൈദ്യുതി വാങ്ങുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും, കെ.എസ്.ഇ.ബി അയച്ച കത്തിലെ കണക്കുകൾ മറിച്ചാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. ടെൻഡർ നടപടികളില്ലാതെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വൈദ്യുതി വാങ്ങുന്നതാണ് ലാഭകരമെന്ന് വരുത്തിതീർക്കാനുള്ള ശ്രമത്തിനെതിരെ വകുപ്പിനുള്ളിൽ തന്നെ അമർഷം പുകയുന്നുണ്ട്. ജി.എൻ.എയുടെ വൈദ്യുതി വാങ്ങുന്നതിനായി 2008 കോടി രൂപയാണ് നിർദ്ദേശിച്ചിട്ടുള്ളതെങ്കിലും, ഈ തുക യൂണിറ്റിന് 14 രൂപ നിരക്കിൽ ഹിമാചലിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ഉയർന്ന ചിലവാണെന്ന് കെ.എസ്.ഇ.ബി റിപ്പോർട്ട് അടിവരയിടുന്നു. ജി.എൻ.എയിൽ നിന്ന് 453 മെഗാ യൂണിറ്റും ഹിമാചലിൽ നിന്ന് 353 മെഗാ യൂണിറ്റും ലഭിക്കുമെന്ന കണക്കുയർത്തി ജി.എൻ.എ കരാറിനെ ന്യായീകരിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും, സാങ്കേതികമായി ഇത് കേരളത്തിന് നേട്ടമുണ്ടാക്കില്ല എന്നാണ് ബോർഡിന്റെ വിലയിരുത്തൽ. 2027 മാർച്ച് വരെ മുഴുവൻ സമയവും 500 മെഗാവാട്ട് മാത്രം നൽകുന്ന ജി.എൻ.എ കരാർ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമല്ലെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു. പ്രത്യേകിച്ച്, രാത്രികാലങ്ങളിലെ പീക്ക് സമയത്ത് കേരളം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ജി.എൻ.എ കരാർ പരിഹാരമാകില്ല എന്ന് കെ.എസ്.ഇ.ബി ചൂണ്ടിക്കാണിക്കുന്നു. പകൽ സമയത്ത് അധികം വൈദ്യുതി ആവശ്യമില്ലാത്തപ്പോഴും ജി.എൻ.എയിൽ നിന്ന് 500 മെഗാവാട്ട് നിർബന്ധമായി വാങ്ങേണ്ടിവരും. എന്നാൽ ഹിമാചൽ സർക്കാരിന്റെ വൈദ്യുതിയാകട്ടെ, രാത്രി പീക്ക് സമയങ്ങളിൽ 864 മെഗാവാട്ട് മുതൽ 1280 മെഗാവാട്ട് വരെ ലഭ്യമാക്കാൻ ശേഷിയുള്ളതാണ്. അതിനാൽ സംസ്ഥാനത്തിന് ആവശ്യമുള്ള രാത്രി സമയങ്ങളിൽ തടസ്സമില്ലാതെ വൈദ്യുതി നൽകാൻ ഹിമാചൽ പ്രദേശ് സർക്കാരുമായുള്ള കരാറാണ് അനുയോജ്യമെന്ന് കെ.എസ്.ഇ.ബി കൃത്യമായി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ബോർഡിന്റെയും വൈദ്യുതി മന്ത്രിയുടെയും സാങ്കേതിക നിർദ്ദേശങ്ങളെ പൂർണ്ണമായും തള്ളിക്കൊണ്ടാണ് സ്വകാര്യ ഏജൻസിയായ ജി.എൻ.എയ്ക്ക് നൽകാൻ സർക്കാർ തിടുക്കം കൂട്ടുന്നത്. ഇത് കെ സി വേണു ഗോപാലിനെ വെട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണെങ്കിലും അത് ഭൂമറാങ്ക് പോലെ മുഖ്യമന്ത്രിയിലേക്ക് തന്നെ തിരിയാനുള്ള സാധ്യതയാണ് കാണുന്നത് .
വൈദ്യുതി വകുപ്പിൽ സുപ്രധാന തീരുമാനങ്ങൾ, തന്നെ അറിക്കാതെ മുഖ്യമന്ത്രി സ്വന്തം നിലയിൽ എടുക്കുന്നതിൽ മന്ത്രി സണ്ണി ജോസഫ് അത്യപ്തി പരസ്യമാക്കി. പ്രതിസന്ധി പരിഹരിക്കാൻ ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള നിർദേശത്തെ സംശയത്തിന്റെ നിഴലിൽ നിർത്തിയതിലും ജി.എൻ.എ കരാർ വേണ്ടെന്നു വെച്ച സർക്കാർ തീരുമാനം തന്നെ അറിയിക്കാത്തതിലുമാണ് വകുപ്പ് മന്ത്രി വിയോജിപ്പ് പ്രകടിപ്പിച്ചത്.
ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാൻ മുൻ കെ.എസ്.ഇ.ബി ചെയർമാൻ നൽകിയ നിർദേശത്തെ മുഖ്യമന്ത്രി സംശയത്തോടെ കാണുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ, അത് നല്ല ഉദ്ദേശത്തോടെയായിരുന്നുവെന്ന നിലപാടിലാണ് സണ്ണി ജോസഫ്. നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി.യുടെ പുതിയ ചെയർമാൻ എൻ. പ്രശാന്ത് മുഖ്യമന്ത്രി വി.ഡി. സതീശനെ അറിയിക്കുകയും ജി.എൻ.എ. വൈദ്യുതി തൽക്കാലം വാങ്ങേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ തീരുമാനം മാധ്യമങ്ങളിലൂടെയായിരുന്നു വകുപ്പ് മന്ത്രി സണ്ണി ജോസഫ് അറിഞ്ഞത്. വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോൾ മുഖ്യമന്ത്രി പറയും എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയ മന്ത്രി ഇന്നലെ അതൃപ്തി പരസ്യമാക്കുകയായിരുന്നു. പ്രതിസന്ധി പരിഹരിക്കാൻ ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാനാണ് മുൻ കെ.എസ്.ഇ.ബി ചെയർമാൻ രാജമാണിക്യം സർക്കാരിനോട് നിർദേശിച്ചിരുന്നത്. ഇതാണ് നല്ലതെന്ന നിലപാടായിരുന്നു മന്ത്രി സണ്ണി ജോസഫിനും. എന്നാൽ മുഖ്യമന്ത്രി ഇടപെട്ട് സ്വകാര്യ കമ്പനിയായ ജി.എൻ.എയിൽ നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനിക്കുകയായിരുന്നു.
സംസ്ഥാനത്ത് തൽക്കാലം പ്രതിസന്ധിയില്ല എന്ന വിവരം കെ.എസ്.ഇ.ബി ചെയർമാൻ നേരിട്ട് മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. മന്ത്രി അറിഞ്ഞിരുന്നില്ല. പ്രശാന്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, മുൻ ചെയർമാൻ രാജമാണിക്യത്തിന്റെ റിപ്പോർട്ടിനെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഹിമാചൽ വൈദ്യുതി വാങ്ങുന്നതിനെ സംശയത്തിന്റെ നിഴലിൽ നിർത്തിയതിനെതിരെ ശക്തമായ വിയോജിപ്പ് അറിയിച്ചിരിക്കുകയാണ് സണ്ണി ജോസഫ്. സെപ്റ്റംബറിൽ വലിയ വൈദ്യുതി പ്രതിസന്ധി ഉണ്ടായിരുന്നു. ഒക്ടോബറിൽ പ്രതിസന്ധി ഒഴിവാക്കാൻ സഹായിച്ചത് ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങിയതാണ്. മേയ് വരെ ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുകയാണെങ്കിൽ അത് ഗുണം ചെയ്യും. അതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ട കാര്യമില്ലെന്നും സണ്ണി ജോസഫ് തുറന്നു പറഞ്ഞിരുന്നു. ഹിമാചലുമായുള്ള കരാർ സംസ്ഥാനത്തിന് നഷ്ടമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിലപാട് എടുക്കുമ്പോൾ സംസ്ഥാനത്തിന് ഗുണകരമായിരുന്നുവെന്നാണ് സണ്ണി ജോസഫിന്റെ നിലപാട്.
വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട് സുപ്രധാനപ്പെട്ട തീരുമാനങ്ങളിൽ മുഖ്യമന്ത്രി ഇടപെടാൻ തുടങ്ങിയതോടെ വൈദ്യുതി വകുപ്പ് മന്ത്രിയുടെ റോൾ എന്താണെന്ന് പ്രതിപക്ഷം ചോദ്യമുന്നയിച്ചിരുന്നു.സ്വകാര്യ ജി.എൻ.എ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ ദുരൂഹതയുണ്ടെന്ന് നേരത്തെ സി.പി.എം ആരോപിച്ചിരുന്നു. അഴിമതി ശ്രമം പിടിക്കപ്പെട്ടതോടെയാണ് പിന്മാറ്റമെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ, ഏപ്രിൽ വരെ ലോഡ് ഷെഡിങ് വേണ്ടിവരില്ലെന്ന് കെഎസ്ഇബി വിലയിരുത്തുന്നു.
നവംബര്‍ മുതൽ മേയ് വരെ 17 മുതൽ 23 ശതമാനം വരെയണ് പീക്ക് ഡിമാന്‍റ് കെഎസ്ഇബി പ്രവചിച്ചത്. ലോഡ് ഡെസ്പാച്ച് സെന്‍ററാണ് ആവശ്യകതയുടെയും ലഭ്യതയുടെയും കണക്കുകള്‍ തയ്യാറാക്കുക. പരിശോധിച്ച് അംഗീകരിക്കുന്ന കെഎസ്ഇബി കോര്‍ കമ്മിറ്റി വൈദ്യുതി വാങ്ങാനുള്ള ശുപാര്‍ശ നൽകും. ഹിമാചൽ വൈദ്യുതിക്കുള്ള കോര്‍ കമ്മിറ്റിയുടെ ശുപാര്‍ശയെ അനുകൂലിക്കുന്നുവെന്ന് മുന്‍ ചെയര്‍മാൻ എം ജി രാജമാണിക്യം എഴുതിയതായാണ് പുറത്തു വന്ന ഫയൽക്കുറിപ്പിലുള്ളത്. വൈദ്യുതി ഉറപ്പാക്കിയില്ലെങ്കിൽ വേനൽക്കാലത്ത് ഉള്‍പ്പെടെ പവര്‍ കട്ട് ഏര്‍പ്പെടുത്തേണ്ടി വരുമെന്നും മുന്‍ ചെയര്‍മാൻ കുറിച്ചിരുന്നു.
വകുപ്പിലെ ഉദ്യോഗസ്ഥർ നേരിട്ടെത്തി കാര്യങ്ങൾ തന്നോട് വിശദീകരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും വിളിക്കുമ്പോൾ ഉദ്യോഗസ്ഥർ കാര്യങ്ങൾ വിശദീകരിക്കുന്നതിൽ തെറ്റില്ലെന്നും അവർക്ക് എപ്പോൾ വേണമെങ്കിലും ഉദ്യോഗസ്ഥരെ വിളിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടതുമുന്നണി ഭരണകാലത്ത് പീഡനങ്ങൾ സഹിച്ച രണ്ട് ഐ എ എസുകാരിൽ ഒരാളാണ് പ്രശാന്ത്. മറ്റൊരാൾ ഡോ ബി അശോക്. ഇദ്ദേഹം ദീർഘകാലം കെ എസ് ഇബി ചെയർമാനായിരുന്നതിനാൽ എല്ലാ കളികളും അറിയാം. കെ എസ് ഇബിയിൽ നിന്നും താൻ നേരിട്ട തിക്താനുഭവങ്ങൾക്ക് പകരം വീട്ടിൽ അശോക് കാത്തിരിക്കുകയാണ്. അതാണ് ഉറ്റ ചങ്ങാതി പ്രശാന്തിലൂടെ അശോക് ചെയ്തുകൊണ്ടിരിക്കുന്നത്.
അന്ന് അശോകിനെ കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നാണ് മാറ്റിയത് . കൃഷിവകുപ്പിലേക്കായിരുന്നു അശോകിന്‍റെ മാറ്റം. യൂണിയനുകളുമായുള്ള തര്‍ക്കത്തില്‍ അശോകിനെ നീക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. രാജന്‍ ഖോബ്രഗഡെ പുതിയ ചെയര്‍മാനായി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നിയന്ത്രണം നിര്‍വഹിച്ചയാളാണ് രാജന്‍ ഖോബ്രഗഡെ. മന്ത്രിസഭായോഗമാണ് അശോകിനെ മാറ്റാന്‍ തീരുമാനമെടുത്തത്. സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷനുമായുള്ള വിവാദത്തിന് ശേഷം ചെയര്‍മാനെ മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യവര്‍ഷം സംഭവബഹുലമാക്കിയത് കെഎസ്ഇബി സമരമായിരുന്നു
ചെയര്‍മാനും ഭരണാനുകൂല സംഘടനയായ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കം സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമുയര്‍ത്തിയിരുന്നു. സംഘടനയുടെ സംസ്ഥാന ഭാരവാഹിയും എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ ജാസ്മിന്‍ ബാനുവിന്റെ സസ്പെന്‍ഷനാണ് വിവാദത്തിരി കൊളുത്തിയത്. അനുമതിയില്ലാതെ ജാസ്മിന്‍ ബാനു അവധിയെടുത്തെന്നായിരുന്നു ആരോപണം. ജാസ്മിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് കെഎസ്ഇബിയിലെ ഇടത് സര്‍വീസ് രംഗത്ത് വന്നതോടെയാണ് പ്രശ്നം കലുഷിതമായത്. എന്നാല്‍, സമരത്തിനിറങ്ങിയവര്‍ക്കെതിരെ പ്രതികാര നടപടിയെടുത്തായിരുന്നു ബോര്‍ഡിന്റെ മറുപടി. അനിശ്ചിതകാല സമരം തുടങ്ങിയതോടെ ചെയര്‍മാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. സമരത്തിന് മുന്നില്‍ നിന്ന കെഎസ്ഇബിഒഎ പ്രസിഡന്‍റ് എം.ജി സുരേഷ്‍കുമാറിനെ സസ്പെന്‍ഡും ചെയ്തു.
എന്നാല്‍, സംഘടന സമരം കടുപ്പിച്ചു. വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അശോകിനെ സംരക്ഷിക്കുന്നെന്ന വിമര്‍ശനമുയര്‍ന്നു. ബോര്‍ഡുമായുള്ള പ്രശ്നം അവരുമായി തീര്‍ക്കട്ടെയെന്ന നിലപാടെടുത്തതോടെ സിപിഎം നേതൃത്വം ഉടനടി പരിഹാരം വേണമെന്ന നിര്‍ദേശം മന്ത്രിക്ക് കൊടുത്തു. അതിനുശേഷമാണ് ചര്‍ച്ചയാകാമെന്ന് മന്ത്രി നിലപാടെടുത്തത്. നീണ്ടുപോയ പ്രശ്നത്തില്‍ വകുപ്പ് മന്ത്രിയുടെ നിലപാട് വ്യാപകമായി വിമര്‍ശിക്കപ്പെട്ടു.
വിഷയത്തില്‍ ജാസ്മിന്‍ ബാനു ഹൈക്കോടതിയെ സമീപിച്ചിരുന്നു. അവധിയില്‍ പോയത് മേലുദ്യോഗസ്ഥരെ അറിയിച്ചും പകരം ചുമതല നല്‍കിയുമാണെന്ന് ജാസ്മിന്‍ കോടതിയെ അറിയിച്ചു. സസ്പെന്‍ഷന്‍ അനുചിതമെന്ന് അറിയിച്ച ഹൈക്കോടതി ജാസ്മിന്‍ ബാനുവിന് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. സസ്പെന്‍ഷന്‍ പിന്‍വലിച്ച് സ്ഥലമാറ്റത്തോടെ ജാസ്മിന്‍ ബാനുവിനെയും സുരേഷ് കുമാറിനെയും തിരിച്ചെടുത്തെങ്കിലും സംഘടന സമരം പിന്‍വലിക്കില്ലെന്ന നിലപാടെടുത്തു. രണ്ടുപേരുടെയും സ്ഥലം മാറ്റം പിന്‍വലിക്കാതെ ജോലിയില്‍ പ്രവേശിക്കില്ലെന്നായിരുന്നു കെഎസ്ഇബിഒഎയുടെ തീരുമാനം.
ചെയര്‍മാന്റെയും മാനേജ്മെന്റിന്റെയും പ്രതികാര നടപടികള്‍ക്കെതിരെ വൈദ്യുതി ഭവന് മുന്‍പില്‍ യൂണിയന്‍ അനിശ്ചിതകാലം സമരം തുടങ്ങിയിരുന്നു. എന്നാല്‍, ആവശ്യമെങ്കില്‍ കെസ്മ പ്രയോഗിക്കാമെന്ന ഹൈക്കോടതി ഉത്തരവ് വന്നത് യൂണിയന് തിരിച്ചടിയായി. പിന്നാലെ വകുപ്പ് മന്ത്രിയുമായുള്ള ചര്‍ച്ചയോടെ സ്ഥലം മാറ്റം കിട്ടിയയിടത്ത് ജോലിക്ക് പ്രവേശിക്കാമെന്ന് യൂണിയന്‍ തീരുമാനം അറിയിച്ചു .
മുന്‍ മന്ത്രി എംഎം മണിയും സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദനും പരസ്യമായി ചെയര്‍മാനെതിരെ തിരിഞ്ഞെങ്കിലും അശോകിനെ മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല
ഐഎഎസ് അസോസിയേഷനും മന്ത്രിയും അശോകിനെ പിന്തുണച്ചെങ്കിലും ഭരണാനുകൂല സംഘടനയുമായുള്ള തര്‍ക്കം വിമര്‍ശനത്തിനിടയാക്കി. എന്നാല്‍, പല തവണ യൂണിയനെ ആക്ഷേപിച്ച് മാധ്യമങ്ങള്‍ക്ക് മുന്‍പിലും പ്രസംഗങ്ങളിലും അശോക് എടുത്ത നിലപാടുകള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് നടന്ന ഭൂമി ഇടപാടുകള്‍ സംബന്ധിച്ചും ഓഫീസേഴ്സ് അസോസിയേഷന്‍ നേതാവ് ഔദ്യോഗിക വാഹനം ഉപയോഗിച്ചതിനെതിരായ ചെയര്‍മാന്റെ പോസ്റ്റുകളും വിവാദമായിരുന്നു.
എന്നാൽ അന്നത്തെ അശോകല്ല ഇന്നത്തെ അശോക്. അദ്ദേഹത്തിന് അസോസിയേഷന്റെ പൂർണ പിന്തുണയുണ്ട്. ഏതായാലും പ്രശാന്തിലൂടെ അശോക് കെ എസ് ഇബിയിലെ ഇടതൻമാരെ നിയമം പഠിപ്പിക്കുമെന്ന് ഉറപ്പാണ് . ഇക്കാര്യം ഇടതൻമാർക്ക് നന്നായറിയാം. അതിനാണ് അവർ പ്രശാന്തിനെ മാറ്റാൻ വളഞ്ഞ വഴിയിലുടെ ശ്രമിക്കുന്നത്. ഇത് മന്ത്രി സണ്ണി ജോസഫിനുള്ള കുരുക്കാണ്. അതിൽ കുരുങ്ങണമോ എന്ന് തീരുമാനിക്കേണ്ടത് മന്ത്രിയാണ്. .
https://www.facebook.com/Malayalivartha

























