ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡൽഹിയിൽ നിർമ്മിക്കാൻ കേന്ദ്രസർക്കാർ... യുഗേ യുഗീൻ ഭാരത് എന്ന പേരിലാണ് മ്യൂസിയം, 3,230 കോടി രൂപ വകയിരുത്തി, ഒരു ലക്ഷത്തിലധികം സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള ഗാലറിയായിരിക്കും യുഗ് യുഗീൻ മ്യൂസിയം.

സർക്കാർ മന്ത്രാലയങ്ങൾ കർത്തവ്യ ഭവനിലേക്ക് മാറിയതിനു പിന്നാലെ നോർത്ത്, സൗത്ത് ബ്ലോക്ക് സമുച്ചയങ്ങളിൽ യുഗേ യുഗീൻ ഭാരത് മ്യൂസിയംസ്ഥാപിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിനായി 3230 കോടി രൂപ കേന്ദ്രമന്ത്രിസഭ അനുവദിച്ചതായും 1.79 ലക്ഷം ചതുരശ്രമീറ്റർ വിസ്തീർണമുള്ള മ്യൂസിയം ലോകത്തിലെ ഏറ്റവും വലുതായിരിക്കുമെന്നും മന്ത്രി അശ്വിനി വൈഷ്ണവ്. പാരീസിലെ ലൂവ്ര് മ്യൂസിയം 73,000 ചതുരശ്ര മീറ്ററും ബ്രിട്ടീഷ് മ്യൂസിയം 70,000 ചതുരശ്രമീറ്ററുമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഭാരതത്തിന്റെ നാഗരിക പൈതൃകത്തിന്റെ തുടർച്ച, വൈവിധ്യം, സമ്പന്നത എന്നിവ പ്രതിഫലിപ്പിക്കുന്ന പ്രധാന പൈതൃകസ്ഥാപനമായിട്ടാണ് യുഗേ യുഗീൻ ഭാരത് മ്യൂസിയം വിഭാവനംചെയ്യുന്നത്.
നോർത്ത്, സൗത്ത് ബ്ലോക്കുകളുടെ വാസ്തുവിദ്യാസവിശേഷതകളും പൈതൃകപ്രാധാന്യവും നിലനിർത്തി തന്നെയാവും മ്യൂസിയം വികസിപ്പിക്കുക.
യുഗേ യുഗീൻ ഭാരത് മ്യൂസിയം സ്ഥാപിക്കുമെന്ന് 2023 മേയ് 18-നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. 2030-31 സാമ്പത്തികവർഷംവരെയുള്ള കാലയളവിൽ ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പാക്കുക.
https://www.facebook.com/Malayalivartha

























