എൽ പി എസ് ടി സമരം ഒത്തുത്തീർപ്പാക്കാനുള്ള നിർണായക ചർച്ച ഇന്ന്... വിദ്യാർഥി-അധ്യാപക അനുപാതം ഡിവിഷൻ ഫാൾ വരുന്ന സർക്കാർ സ്കൂളുകളിൽ മാത്രമായി കുറയ്ക്കുന്നതടക്കം പരിഗണിച്ചേക്കും

എൽ പി എസ് ടി സമരം ഒത്തുത്തീർപ്പാക്കാനുള്ള നിർണായക ചർച്ച ഇന്ന്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യും. വിദ്യാർഥി-അധ്യാപക അനുപാതം ഡിവിഷൻ ഫാൾ വരുന്ന സർക്കാർ സ്കൂളുകളിൽ മാത്രമായി കുറയ്ക്കുന്നതടക്കം പരിഗണിച്ചേക്കും.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 138 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ LPST ഉദ്യോഗാർഥികൾ സമരത്തിലാണ്. പ്രധാനപ്പെട്ട അഞ്ച് ആവശ്യങ്ങളിൽ നാലും സർക്കാർ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും അഞ്ചാമത്തെ ആവശ്യമായ വിദ്യാർഥി-അധ്യാപക അനുപാതം കുറക്കുന്നതിൽ ചർച്ച വഴിമുട്ടുകയായിരുന്നു. ഇതിന് പിന്നാലെ ഉദ്യോഗാർഥികൾ സമരം കടുപ്പിച്ചു.
സമരസമിതി നേതാവ് വളർമതി തലമുണ്ഡനം ചെയ്ത് അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടന്നു. നിരാഹാര സമരം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോൾ പൊലീസിനെ ഉപയോഗിച്ച് സമരം പൊളിക്കാൻ നീക്കവുമുണ്ടായി. പൊലീസെത്തി സമരപന്തൽ പൊളിച്ചു. വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വളർമതിയുടെ ആരോഗ്യനില വഷളായതോടെ സർക്കാർ നിലപാട് മയപ്പെടുത്തി.
സിറ്റി പൊലീസ് കമ്മീഷണർ അരുൾ ആർ.ബി കൃഷ്ണ വളർമതിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചർച്ചക്ക് വഴിയൊരുങ്ങിയത്.
കുട്ടികൾ കുറഞ്ഞ തസ്തിക നഷ്ടം സംഭവിക്കുന്ന സർക്കാർ എൽപി സ്കൂൾ അധ്യാപകരെ സംരക്ഷിക്കാൻ 1:25 അനുപാതം നടപ്പാക്കുന്നത് സർക്കാർ പരിശോധിക്കുകയാണ്. ഇതുവഴി വിരമിക്കൽ വഴി ഉണ്ടാകുന്ന ഒഴിവുകളിലേക്ക് തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരെ പുനർവിന്യസിക്കുന്നത് ഒഴിവാക്കാനും നിലവിലുള്ള എൽപിഎസ്ടി റാങ്ക് പട്ടികയിൽ നിന്ന് നിയമനം നടത്താനും കഴിയും.
" f
https://www.facebook.com/Malayalivartha























