സങ്കടക്കാഴ്ചയായി... ഫുട്ബോൾ മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ അർജന്റീന താരത്തിന് ദാരുണാന്ത്യം...

ഫുട്ബോൾ മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ അർജന്റീന താരത്തിന് ദാരുണാന്ത്യം. 18-കാരനായ അബെൽ നൂനസിനാണ് ജീവൻ നഷ്ടമായത്. അർജന്റീനയിലെ അഞ്ചാം ഡിവിഷൻ മത്സരമായ ജുവൈനൽസ് സി കോപ്പ ഡെ പ്ലാറ്റ മത്സരത്തിനിടെയാണ് ദാരുണമായ സംഭവം.
ഡിപോർട്ടീവോ മുനിസും എഫ്സി എസെയ്സും തമ്മിലുള്ള മത്സരത്തിനിടെ ഡിപോർട്ടീവോയുടെ പ്രതിരോധ താരം പന്ത് ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
തൊട്ടടുത്ത് നിന്നിരുന്ന അബെൽ നൂനസിന്റെ തലയിലാണ് കിക്ക് കൊണ്ടത്. ഉടൻതന്നെ അബെൽ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു. അബോധാവസ്ഥയിലായ താരത്തിന് ഗ്രൗണ്ടിൽവെച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവമുണ്ടാകുകയും തലയോട്ടിക്ക് പൊട്ടലേൽക്കുകയും ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പിന്നീട് സോഷ്യൽ മീഡിയയിലൂടെ എഫ്സി എസെയ്സ തങ്ങളുടെ താരത്തിന്റെ മരണവാർത്ത ആരാധകരെ അറിയിച്ചു. അബെൽ നൂനസിന്റെ ചിത്രത്തിനൊപ്പമായിരുന്നു ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ചത്.
ജീവിതം ഇനിയും ഏറെ ബാക്കിയുണ്ടായിരുന്ന ഒരു യുവാവിനാണ് തീരാവേദനയോടെ തങ്ങൾ യാത്രാമൊഴി നൽകുന്നതെന്നും ഈ നഷ്ടം നികത്താനാകാത്ത ശൂന്യതയാണ് അവശേഷിപ്പിക്കുന്നതെന്നും എഫ്സി എസെയ്സ കുറിച്ചു. ഡീപോർട്ടീവോ മുനിസും യുവതാരത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























