സഹിക്കാനാവാതെ ഉണ്ണിത്താനും മകനും... അന്ന് വടകരയിലേക്ക് പോയില്ലായിരുന്നെങ്കിൽ ആരാ! വീണ്ടും ഷാഫിക്കായി രമേഷ് പിഷാരടി; ഗുരു-ശിഷ്യ ബന്ധം പറഞ്ഞ് രാജ്‌മോഹൻ ഉണ്ണിത്താൻ, കോൺഗ്രസിൽ വീണ്ടും വാക്പോര്

കോൺഗ്രസിൽ ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ഷാഫി പറമ്പിലിനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ നടത്തിയ പരാമർശങ്ങളും പിന്നാലെ മകന്റെ സാമൂഹികമാധ്യമ ഇടപെടലുകളും വലിയ വിവാദമായിരുന്നു. അതിനിടയിലാണ് ഷാഫിക്ക് ശക്തമായ പിന്തുണയുമായി പാലക്കാട് എംഎൽഎ രമേഷ് പിഷാരടി എത്തിയത്. പിഷാരടിയുടെ വാക്കുകൾക്ക് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. കാരണം, ഷാഫിയെ പുകഴ്ത്തുക മാത്രമല്ല, കോൺഗ്രസിനുള്ളിലെ ഇപ്പോഴത്തെ പോക്കിനെക്കുറിച്ച് നേതൃത്വത്തിന് മുന്നറിയിപ്പ് നൽകുക കൂടിയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.
പിഷാരടിയുടെ ഫെയ്സ്ബുക്ക് കുറിപ്പിലെ ഏറ്റവും ശ്രദ്ധേയമായ പരാമർശം ഇതാണ്. അന്ന് ഷാഫി പറമ്പിൽ വടകരയിലേക്ക് മത്സരിക്കാൻ പോയില്ലായിരുന്നെങ്കിൽ ഇന്ന് കേരളത്തിലെ മന്ത്രിയാകുമായിരുന്നു. എന്നാൽ പദവികളേക്കാൾ ഷാഫി പ്രസ്ഥാനത്തെയാണ് സ്നേഹിച്ചതെന്നും പിഷാരടി പറയുന്നു.
പാലക്കാട് ഷാഫിക്ക് വെറുമൊരു പ്രവർത്തനമണ്ഡലമായിരുന്നില്ല. സ്വന്തം കുഞ്ഞിനെപ്പോലെയായിരുന്നു ആ നാട്. പാലക്കാട്ടെ ജനങ്ങളെയും പ്രിയപ്പെട്ട മണ്ഡലത്തെയും വിട്ടുപിരിയുന്നതിന്റെ വേദനയിൽ നിറകണ്ണുകളോടെയാണ് ഷാഫി വടകരയിലേക്ക് തീവണ്ടി കയറിയതെന്നാണ് പിഷാരടി ഓർമിപ്പിക്കുന്നത്.
പാർട്ടി ആവശ്യപ്പെട്ടപ്പോൾ സ്വന്തം തട്ടകം ഉപേക്ഷിച്ച് വടകരയിൽ മത്സരിക്കാൻ തയ്യാറായി. ആ ആത്മാർഥതയ്ക്കാണ് വടകര ചരിത്രഭൂരിപക്ഷം നൽകിയത്. അതിനുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 140 മണ്ഡലങ്ങളിലും കോൺഗ്രസിന്റെ പ്രചാരണമുഖമായി ഷാഫി മാറി. എല്ലാ സ്ഥാനാർഥികൾക്കും തങ്ങളുടെ മണ്ഡലത്തിൽ ഷാഫിയുടെ സാന്നിധ്യം വേണമായിരുന്നു. ക്രൗഡ് പുള്ളർ എന്ന വിശേഷണത്തിൽ മാത്രം ഒതുക്കാനാകില്ല അദ്ദേഹത്തിന്റെ നേതൃമികവെന്നും പിഷാരടി പറയുന്നു.
എന്നാൽ ഈ പോസ്റ്റിന്റെ മറ്റൊരു പ്രധാന ഭാഗം കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് രാഷ്ട്രീയത്തെക്കുറിച്ചുള്ള മുന്നറിയിപ്പാണ്. ഗ്രൂപ്പ് രാഷ്ട്രീയം കോൺഗ്രസിന്റെ ചരിത്രത്തിന്റെ ഭാഗമാണെന്ന് പിഷാരടി സമ്മതിക്കുന്നുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങളും ഗ്രൂപ്പുകളും ഉണ്ടാകാം. പക്ഷേ അതൊന്നും വ്യക്തിപരമായ അധിക്ഷേപത്തിലേക്കും പരസ്പരം കാലുവാരുന്നതിലേക്കും എത്തരുത്. അങ്ങനെ സംഭവിച്ചാൽ പാർട്ടിയുടെ മുന്നോട്ടുള്ള യാത്രതന്നെ പ്രതിസന്ധിയിലാകുമെന്നാണ് പിഷാരടിയുടെ മുന്നറിയിപ്പ്.
കെ.സി. വേണുഗോപാൽ, മുഖ്യമന്ത്രി വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ തുടങ്ങിയ മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രശ്നങ്ങൾ നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ 102 സീറ്റുകളുടെ ഭൂരിപക്ഷം അംഗീകാരമാണെന്നതുപോലെ തന്നെ ഒരു അപായസൂചന കൂടിയാണെന്നും പിഷാരടി ഓർമിപ്പിക്കുന്നു.
ഇതിനിടയിൽ രാജ്‌മോഹൻ ഉണ്ണിത്താന്റെ ഗുരു-ശിഷ്യ പരാമർശവും വീണ്ടും ചർച്ചയാകുകയാണ്. ഷാഫി പറമ്പിലിനെ ചുറ്റിപ്പറ്റിയുള്ള സൈബർ ആക്രമണങ്ങളെക്കുറിച്ച് സംസാരിക്കവേ, ആശാനും ശിഷ്യനും സംബന്ധിച്ച കാര്യങ്ങൾ തന്റെ ഡയറിയിലുണ്ടെന്നും ഉണ്ണിത്താൻ പറഞ്ഞിരുന്നു. ഷാഫിക്കുവേണ്ടി ആശാന്റെ ശിഷ്യൻ രംഗത്തിറങ്ങിയെന്ന തരത്തിലുള്ള പരാമർശവും അദ്ദേഹം നടത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ടായിരുന്നു ഈ വിമർശനം. രമേഷ് പിഷാരടിയെ പാലക്കാട് മത്സരിപ്പിച്ചതിലും ഷാഫിക്ക് പ്രധാന റോളുണ്ട്.
ഇതിനു പിന്നാലെ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താനും ഷാഫിയെ ലക്ഷ്യമിട്ട് സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടു. ആട്ടിൻതോലിട്ട ചെന്നായ എന്ന പ്രയോഗവും ഇനിയും എത്ര കഥകൾ പുറത്തുവരാനുണ്ടെന്ന ചോദ്യവുമായിരുന്നു പോസ്റ്റിൽ. നേരത്തേ മകന്റെ പരാമർശങ്ങളിൽ നിന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ തന്നെ അകലം പാലിച്ചിരുന്നു. എന്നാൽ മകന്റെ ഭാഗത്തുനിന്ന് വീണ്ടും പ്രതികരണം വന്നതോടെ വിവാദം കൂടുതൽ സങ്കീർണമായി.
പരസ്യപ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് കോൺഗ്രസ് നേതൃത്വം നിർദേശിച്ചിട്ടും വിവാദങ്ങൾ അവസാനിച്ചിട്ടില്ല. അതിനിടയിലാണ് പിഷാരടി ഷാഫിയുടെ രാഷ്ട്രീയ സംഭാവനകൾ അക്കമിട്ട് നിരത്തി പിന്തുണയുമായി എത്തിയത്.
ഇത് ഷാഫിക്ക് നൽകിയ പിന്തുണ മാത്രമാണോ, അതോ കോൺഗ്രസിലെ ഇപ്പോഴത്തെ പോരിൽ ചിലർക്കുള്ള വ്യക്തമായ സന്ദേശം കൂടിയാണോ? പിഷാരടിയുടെ പോസ്റ്റ് ഉയർത്തുന്ന പ്രധാന രാഷ്ട്രീയ ചോദ്യവും അതുതന്നെയാണ്.
https://www.facebook.com/Malayalivartha


























