റിയല്‍ എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കാന്‍ നിയമം വരുന്നു; വില്പനയും നിര്‍മാണവും നിയമവിധേയമാക്കുന്നതിന് നിര്‍ദേശം

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ചൂഷണങ്ങള്‍ തടയുന്നതിനായി കേരള റിയല്‍ എസ്റ്റേറ്റ്(ഡെവലപ്മെന്റ് ആന്റ് റഗുലേഷന്) ബില്‍ കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വില്പനക്കായി നിര്‍മിക്കുന്ന ഫ്ളാറ്റുകള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍ എന്നിവയടക്കമുള്ള ഗാര്‍ഹിക-വാണിജ്യ, ഓഫീസ്, ബിസിനസ് കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും വില്പനയും നിര്‍മാണവും നിയമവിധേയമാക്കുന്നതിനുള്ള ബില്‍ രൂപപ്പെടുത്താനാണ് മന്ത്രിസഭ നിയമവകുപ്പിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫ്ളാറ്റ് നിര്‍മ്മാതാക്കളും ഉടമകളും തമ്മിലുണ്ടാവുന്ന തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും.
ഫ്ളാറ്റ്, വില്ല നിര്‍മാണമടക്കമുള്ള റിയല്‍ എസ്റ്റേറ്റ് രംഗത്തു വന്‍തോതില്‍ തട്ടിപ്പുകള്‍ നടക്കുന്നതായി ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ഇതിനായി റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി, റിയല്‍ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണല്‍ എന്നീ സ്ഥാപനങ്ങളും രൂപവല്‍കരിക്കും. ട്രൈബ്യൂണലിന് ഇക്കാര്യത്തില്‍ കോടതിയുടെ അധികാരങ്ങളുണ്ടാവും. ഈ മേഖലയില്‍ സുരക്ഷിതമായ നിക്ഷേപത്തിന് അവസരം ഒരുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
നിര്‍മാണത്തിനുള്ള രേഖകളില്ലാതെ സ്ഥാപനങ്ങളുടെ പേരില്‍ പരസ്യം നല്കി ആവശ്യക്കാരില്‍നിന്ന് പണം തട്ടുന്നതുസംബന്ധിച്ച് നിത്യവും പരാതികള്‍ ഉയര്‍ന്നുവരുന്നുണ്ട്. കരാര്‍ പ്രകാരമുള്ള സൗകര്യങ്ങള്‍ ഏര്പെടുത്താതിരിക്കുക, നിലവാരംകുറഞ്ഞ സാധനസാമഗ്രികള്‍ ഉപയോഗിക്കുക, നിശ്ചിത സമയത്തിനകം നിര്‍മാണം പൂര്‍ത്തീകരിച്ച് കൈമാറാതിരിക്കുക, അംഗീകൃത പ്ലാനില്‍നിന്ന് വ്യതിചലിച്ച് നിര്‍മാണം നടത്തുക, യഥാസമയം പൂര്‍ത്തിയാക്കാതിരിക്കുക, ബില്‍ഡറുടെ ഉടമസ്ഥതയിലല്ലാത്ത ഭൂമിയില്‍ നിര്‍മാണം നടത്തുക, മതിയായ പാര്‍ക്കിംഗ് സൗകര്യം ഏര്പെടുത്താതിരിക്കുക, നിര്‍മാണം പൂര്‍ത്തിയാക്കിയശേഷം പാര്‍ക്കിംഗ് ഏരിയ വാണിജ്യ ആവശ്യങ്ങള്‍ക്കായി മാറ്റുക, തുറസ്സായി ഇടേണ്ട സ്ഥലം പാര്‍ക്കിംഗിനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുക തുടങ്ങിയ പരാതികള്‍ പതിവാണ്. ഇത്തരം പരാതികള്‍ക്ക് ശാശ്വതമായ പരിഹാരമെന്ന നിലക്കാണ് പുതിയ നിയമം കൊണ്ടുവരുന്നത്.
https://www.facebook.com/Malayalivartha