അപകടത്തില്‍ ഷൈനിന്റെ കൈക്ക് പൊട്ടലുള്ളതിനാല്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും സമ്മതിക്കാതെ ഷൈന്‍

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ വാഹനം അപകടത്തില്‍പ്പെട്ട് പിതാവ് സി.പി.ചാക്കോ മരിക്കുകയും കുടുംബാംഗങ്ങള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് കുടുംബം കൊച്ചിയില്‍നിന്നു ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. അപകടത്തില്‍ ഷൈനിന്റെ ഇടതു കൈക്ക് പൊട്ടലുള്ളതിനാല്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും തൃശൂരില്‍ നടത്താമെന്ന് ഷൈന്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ നിര്‍ബന്ധിച്ചിട്ടും ഷൈന്‍ വഴങ്ങിയില്ലെന്നാണ് വിവരം.
പുതുതായി നിര്‍മിച്ച ദേശീയപാത 844ലൂടെയായിരുന്നു ഷൈനിന്റെയും കുടുംബത്തിന്റേയും യാത്ര. ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗപാതയാണിത്. രാവിെല ആയതിനാല്‍ തിരക്ക് കുറവായിരുന്നെന്നും 60-80 കിലോമീറ്റര്‍ സ്പീഡിലാണ് വാഹനങ്ങള്‍ പോയിരുന്നതെന്നും അനീഷ് പറഞ്ഞു. പാലക്കോട്ട് എത്തിയതോടെ മുന്നില്‍ വലതുവശത്തു കൂടി പോകുകയായിരുന്ന ലോറി മുന്നറിയിപ്പില്ലാതെ ഇടതു ലെയ്‌നിലേക്ക് കയറി. പൊടുന്നനെ ലോറി കയറിയതു കണ്ടതും ചവിട്ടിയെന്നും എന്നാല്‍ കാര്‍ നിന്നില്ലെന്ന് അനീഷ് പറഞ്ഞു. കാര്‍ ലോറിക്കു പിന്നില്‍ ഇടിച്ച് റോഡിലൂടെ ഉരസി വലതു വശത്തു പോയാണ് നിന്നത്. അപകടം ഉണ്ടായ ശേഷം ലോറി നിര്‍ത്തിയോ പോയോ എന്നൊന്നും നോക്കാന്‍ പറ്റിയില്ല. എല്ലാവര്‍ക്കും പരുക്കേറ്റ അവസ്ഥയിലായിരുന്നു. അതുവഴി വന്ന രണ്ടു മലയാളി യുവാക്കളാണ് അവരുടെ കാറില്‍ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍ ചാക്കോയ്ക്ക് ജീവനുണ്ടായിരുന്നെന്നും എന്നാല്‍ വൈകാതെ മരിച്ചെന്നും അനീഷ് പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ധര്‍മപുരി ഗവ. മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ ചാക്കോയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പിതാവിന്റെ മൃതദേഹത്തിനൊപ്പം ഷൈനും അമ്മയും സഹോദരനും നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വിദേശത്തുള്ള പെണ്‍മക്കള്‍ കൂടി എത്തിയ ശേഷമാകും സംസ്‌കാരമെന്നാണ് വിവരം.
https://www.facebook.com/Malayalivartha