ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ അപകടം; റോഡിലെ ഓവുചാലിൽ വീണ കാർ തള്ളിമാറ്റുന്നതിനിടെ ഭിത്തിയിലിടിച്ച് മറിഞ്ഞത് ഒന്നരവയസ്സുകാരിയുടെ ദേഹത്തേക്ക്; മാതാപിതാക്കൾക്ക് മുന്നിൽ ദാരുണാന്ത്യം

കാസർകോട് കാറഡുക്ക ബെള്ളിഗെയിൽ അതിദാരുണമായ ഒരു സംഭവമുണ്ടായിരിക്കുകയാണ്. റോഡിലെ ഓവുചാലിൽ വീണ കാർ തള്ളിമാറ്റുന്നതിനിടെ ഭിത്തിയിലിടിച്ച് മറിഞ്ഞ് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം.ബള്ളിഗെ സ്വദേശി ഹരിദാസ്–ശ്രീവിദ്യ ദമ്പതികളുടെ മകൾ ഹൃദ്യനന്ദയാണ് മരിച്ചത്. . അച്ഛൻ തള്ളി മാറ്റിയ കാറാണ് ഒന്നരവയസ്സുകാരിയായ മകളുടെ ദേഹത്തേക്ക് മറിഞ്ഞത്.
ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനുശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. പ്രധാന റോഡിൽനിന്ന് 100 മീറ്റർ താഴെയായിരുന്നു ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത് . വീട്ടിലേക്കെത്താൻ 50 മീറ്റർ ശേഷിക്കവെയായിരുന്നു കാർ ഓഫ് ആയത് . പിന്നീടുള്ള വഴി ഇറക്കമായിരുന്നു . വെള്ളം ഒഴുക്കിവിടാൻ നിർമിച്ച ഓവുചാലിൽ കാറിന്റെ ചക്രം പുതയുന്ന സാഹചര്യമുണ്ടായി .
കാർ തള്ളി നീക്കാനായി ഹരിദാസ് കുടുംബത്തെ പുറത്തിറക്കുന്നതിലേക്ക് ഇത് നയിച്ചു. കാർ തള്ളി നീക്കവേ മുന്നോട്ട് ഇറക്കത്തിലേക്ക് നീങ്ങി വശത്തെ ഭിത്തിയിൽ ഇടിച്ചു കുട്ടിയുടെ ദേഹത്തേക്ക് കാർ മറിയുകയായിരുന്നു. അതിദാരുണമായ അപകടമാണ് ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha