251 രൂപയുടെ സ്മാര്‍ട്‌ഫോണ്‍ ഇന്നു പുറത്തിറങ്ങും

251 രൂപയ്ക്കു ലഭിക്കുന്ന ലോകത്തിലെ ഏറ്റവും വിലക്കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ ഫ്രീഡം 251 ഇന്ന് പുറത്തിറങ്ങും. 5,000 യൂണിറ്റുകളാണ് ആദ്യം വില്‍ക്കുക. നേരത്തേ, ഇത്രയും വിലകുറച്ച് ഫോണ്‍ വില്‍ക്കുന്നത് തട്ടിപ്പാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. മാത്രമല്ല, ഏഴുകോടിയോളം പേരാണ് ഈ ഫോണിനായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തത്. 30,000പേര്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. ആരോപണത്തെത്തുടര്‍ന്ന് കമ്പനി പണം തിരികെ നല്‍കിയിരുന്നു.
ഇന്നു മുതല്‍ ഫ്രീഡം 251 വിതരണം ചെയ്തുതുടങ്ങുമെന്ന് റിങ്ങിങ് ബെല്‍സ് കമ്പനി ഡയറക്ടര്‍ മോഹിത് ഗോയല്‍ അറിയിച്ചു. ഡെലിവറി ചാര്‍ജായി 40 രൂപയും കൂടെക്കൂട്ടി 291 രൂപയ്ക്കാണ് വില്‍പ്പന നടത്തുക. ഇതിനൊപ്പം 699-999 വില റേഞ്ചില്‍ നാല് പുതിയ ഫീച്ചര്‍ ഫോണുകളും 3,999 - 4,499 റേഞ്ചില്‍ രണ്ടു ഫോണുകളും കമ്പനി പുറത്തിറക്കുന്നുണ്ട്. കൂടാതെ, 9,990 രൂപയ്ക്ക് റിങ്ങിങ് ബെല്‍സിന്റെ ഫ്രീഡം എന്നു പേരിട്ടിരിക്കുന്ന എല്‍ഇഡി ടിവിയും വെള്ളിയാഴ്ചത്തെ ചടങ്ങില്‍ പുറത്തിറക്കും. 32 ഇഞ്ച് എച്ച്ഡി ടിവിയാണിത്.
അതേസമയം, ഓരോ ഫോണും 930 രൂപ നഷ്ടത്തിലാണ് പുറത്തിറക്കുന്നതെന്ന് ഗോയല്‍ പറഞ്ഞു. ഇതിനായി സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. ഓരോ ഹാന്‍ഡ്‌സെറ്റും 1180 രൂപയ്ക്കാണ് നിര്‍മാതാക്കള്‍ കമ്പനിക്കു തരുന്നത്. ഇതില്‍ 700-800 രൂപ വിവിധ ആപ്ലിക്കേഷന്‍ നിര്‍മാതാക്കളില്‍ നിന്നും പരസ്യത്തില്‍ നിന്നുമുള്ള വരുമാനമായി ലഭിച്ചു. 251 രൂപയ്ക്ക് ക്യാഷ് ഓണ്‍ ഡെലിവറിയായി ഹാന്‍ഡ്‌സെറ്റ് വില്‍ക്കുമ്പോള്‍ ഏകദേശം 180-270 രൂപ വരെ നഷ്ടം വരും.
സര്‍ക്കാര്‍ സഹായമുണ്ടെങ്കില്‍ രണ്ടുലക്ഷത്തോളം ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയിലിറക്കാന്‍ തയാറാണ്. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി കമ്പനിയെ സര്‍ക്കാര്‍ സഹായിക്കണം. ഒരേ വിലയില്‍ ഓര്‍ഡര്‍ ചെയ്ത എല്ലാവര്‍ക്കും ഹാന്‍ഡ്‌സെറ്റ് സമയത്ത് എത്തിക്കുമെന്ന് ഉറപ്പുനല്‍കുന്നു. സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ജൂണ്‍ 28-ന് പ്രധാനമന്ത്രിയുടെ ഓഫിസിന് കത്തയച്ചിട്ടുണ്ട്.
50,000 കോടിരൂപ ചെലവഴിക്കാന്‍ സര്‍ക്കാര്‍ തയാറാണെങ്കില്‍ ഇന്ത്യയുടെ ജനസംഖ്യയില്‍ 750 മില്യണ്‍ ജനങ്ങളെ ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമാക്കാം. കമ്പനിക്കു പണം നല്‍കേണ്ടതില്ല. ഇത്രയും കുറഞ്ഞവിലയില്‍ നിര്‍മാതാക്കളില്‍ നിന്നു വാങ്ങി ജനങ്ങള്‍ക്കുവില്‍ക്കാം. എല്ലാ ജനങ്ങള്‍ക്കുംവേണ്ടിയുള്ള ഫോണ്‍ നിര്‍മിക്കാന്‍ സര്‍ക്കാരിന് ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ നിന്ന് ഫണ്ട് കണ്ടെത്താമെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























